മുംബൈ: ആത്മഹത്യ പ്രേരണാ കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നേരേ പോയത് ചാനല്‍ സ്റ്റുഡിയോയിലേക്ക്. ഇവിടെയെത്തിയ അദ്ദേഹം മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ധവ് താക്കറെയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
‘ഉദ്ധവ് താക്കറെ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങള്‍ തോറ്റുപോയിരിക്കുന്നു, പരാജയപ്പെട്ടിരിക്കുന്നു’-അര്‍ണബ് പറഞ്ഞു. എല്ലാ ഭാഷകളിലും റിപ്പബ്ലിക് ടിവി തുടങ്ങുമെന്ന പ്രഖ്യാപനവും അര്‍ണബ് നടത്തി. ‘താങ്കള്‍ എന്നെ പഴയ വ്യാജ കേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമാപണം നടത്തിയില്ല. കളി തുടങ്ങിയിട്ടേയുള്ളൂ. ജയിലിനുള്ളിലിരുന്നും എനിക്ക് ചാനല്‍ തുടങ്ങാനാകും. താങ്കള്‍ക്ക് ഒന്നും കഴിയില്ല’, അര്‍ണബ് കുറ്റപ്പെടുത്തി.
ഇന്റീരിയില്‍ ഡിസൈനര്‍ അന്‍വെയ് നായിക്ക് ജീവനൊടുക്കിയ കേസില്‍ പ്രേരണാ കുറ്റം ചുമത്തിയാണ് ഒരാഴ്ച മുമ്പു അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍വെയ് യുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയാണ് കേസില്‍ അര്‍ണബ് അടക്കം മൂന്നുപ്രതികള്‍ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏഴു ദിവസത്തെ ജയില്‍വാസം അവസാനിപ്പിച്ച് രാത്രി 8.30 ഓടെ അര്‍ണബ് ജയില്‍ മോചിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: