ഇടവെട്ടി: ഇടവെട്ടി-തൊണ്ടിക്കുഴ കനാല്‍ റോഡിന്റെ പുനര്‍നിര്‍മാണം തുടങ്ങി. 1.54 കിലോ മീറ്ററോളം റോഡാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്.
തകര്‍ന്ന് കിടക്കുന്ന പ്രധാനഭാഗങ്ങളില്‍ പലതും ഒഴിവാക്കിയാണ് നിര്‍മാണമെന്നും പരാതി . ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായുള്ള റോഡാണിത്. പൂര്‍ണമായും എംവിഐപിയുടെ അധീനതയിലുള്ള റോഡ് ആറു വര്‍ഷം മുമ്പാണ് അവസാനമായി ടാര്‍ ചെയ്തത്. വര്‍ഷങ്ങളായി റോഡ് തകര്‍ന്നു കിടന്നത് വലിയ പ്രതിഷേധത്തിനിട യാക്കിയെങ്കിലും അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.
കഴിഞ്ഞമാസം റോഡ് നന്നാക്കാത്തത് വോട്ടില്‍ പ്രതിഫലിക്കുമെന്നു കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെ പഞ്ചായത്ത് എഇ നടത്തിയ പരിശോധനയിലാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. മൂന്ന് സ്ഥലങ്ങളിലായി കൂടുതല്‍ തകര്‍ന്ന ഭാഗം മാത്രമാണ് പുനര്‍നിര്‍മിക്കുന്നത്.
നാല് റോഡുകള്‍ നിര്‍മിക്കാനായി പഞ്ചായത്ത് ഭരണസമിതി ജലസേചന വകുപ്പ് മന്ത്രിയുടെ പക്കല്‍ നിന്ന് 2019ല്‍ 46,28,042 രൂപ വാങ്ങിയെടുത്തിരുന്നു. എന്നാല്‍ കെടുകാര്യസ്ഥതമൂലം അറ്റകുറ്റപ്പണി നീണ്ടു പോയതോടെ റോഡ് പൂര്‍ണമായും തകരുകയും പുനര്നിര്മിക്കേണ്ട അവസ്ഥ വരികയുമായിരുന്നു.
എംവിഐപി ഡിപ്പോ കനാല്‍ റോഡ് ഒരു കിലോമീറ്ററോളം ദൂരവും തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം മുതല്‍ (തോടിന് കുറുകെയുള്ള പാലം ഒഴിവാക്കി) കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് വഴിയുമായി ചേരുന്ന ഭാഗം വരെ 250 മീറ്ററോളവും തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പട്ടയംകവല ഭാഗത്തേക്കുള്ള റോഡിന്റെ 300 മീറ്ററോളം ഭാഗവുമാണ് പുനര്‍നിര്‍മിക്കുന്നത്.
കരിമണ്ണൂര്‍ സ്വദേശിയാണ് ഇതിന്റെ ടെണ്ടര്‍ എടുത്തിരിക്കുന്നത്. നിലവില്‍ റോഡിലെ പഴയ ടാറിങ് നീക്കി മക്ക് വിതറി അതിന്റെ മുകളില്‍ മെറ്റല്‍ വിരിച്ചുവരികയാണ്. തുലാമഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ടാറിങ് നടത്തുമെന്ന് എഇ അമ്മു പറഞ്ഞു. നിലവില്‍ എന്‍ഒസി കിട്ടിയ റോഡിന്റെ പണിയാണ് പുരോഗമിക്കുന്നത്. റോഡ് കൂടുതല്‍ തകര്‍ന്ന ഭാഗത്താണ് പണികള്‍ നടത്തുന്നതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദും പറഞ്ഞു. ആകെ ആറ് കിലോ മീറ്ററോളം ഭാഗമാണ് ഇടവെട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്നത്. ഇതില്‍ മിക്കഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്.
പ്രധാനമായും തകര്‍ന്ന് കിടക്കുന്ന പല ഭാഗങ്ങളും ഒഴിവാക്കിയാണ് റോഡ് നിര്‍മാണമെന്ന് ബിജെപി തൊടുപുഴ മണ്ഡലം സമിതിയംഗം സുരേഷ് കണ്ണന് പറഞ്ഞു. റോഡ് തകര്‍ന്ന് കിടക്കുന്നത് വോട്ടില്‍ പ്രതിഫലിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഭരണസമിതി അവസാനം നിമിഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നതെന്നും ജനം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: