ന്യൂദല്‍ഹി: കൊവിഡ് സ്ഥിതിഗതികള്‍, പൊതുജനാരോഗ്യ നടപടികള്‍ എന്നിവ സംബന്ധിച്ച് കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥരുമായും കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ചര്‍ച്ച നടത്തി. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കേരളമടക്കം പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ഒന്‍പത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ആശയവിനിമയം നടത്തിയത്. കേരളം, ആന്ധ്രപ്രദേശ്, അസം, പശ്ചിമബംഗാള്‍, രാജസ്ഥാന്, ഹിമാചല്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ചില സംസ്ഥാനങ്ങളിലും ചില ജില്ലകളിലും പ്രതിദിന കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതും പരിശോധനകളുടെ കുറവും ഉയര്‍ന്ന മരണനിരക്കും ദുര്‍ബല വിഭാഗങ്ങളിലെ ഉയര്‍ന്ന മരണനിരക്കും ശ്രദ്ധയില്‍ പെട്ടതോടെയാണ് അടിയന്തര യോഗം നടത്തിയത്.
കൊവിഡ് രോഗികളുടെ ചികിത്സ, നിരീക്ഷണം തുടങ്ങിയവയ്ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. രോഗപ്രതിരോധത്തിന്റെ മികച്ച മാതൃകകള്‍ അവര്‍ യോഗത്തില്‍ പങ്കുവച്ചു.
പരിശോധനകള്‍ വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഓരോ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്ന ശരാശരി 10 മുതല്‍ 15 വരെ വ്യക്തികളെ തിരിച്ചറിയാനും ആശുപത്രി തിരിച്ചുള്ള പ്രതിദിന മരണം അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് സംസ്ഥാനങ്ങളോട് യോഗത്തില്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം, കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: