കൊച്ചി: കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
കോടതി വിധിയുണ്ടായിട്ടും കോതമംഗലം പള്ളി ഏറ്റെടുത്ത് തങ്ങള്‍ക്ക് നല്കാന് തയാറാകാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് സഭയിലെ വികാരി തോമസ് പോള്‍ റമ്പാന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
പള്ളി ഏറ്റെടുത്ത് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ശബരിമല തീര്‍ഥാടനം, തെരഞ്ഞെടുപ്പ് തുടങ്ങിവയുടെ സമയമായതിനാല്‍ പോലീസിന്റെ കുറവുണ്ടെന്നും അതിനാലാണ് വൈകുന്നതെന്നുമായിരുന്നു മറുപടി. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ വാദം കോടതി തള്ളി. ഈ സമയത്താണ് വേണ്ടിവന്നാല്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയത്.
കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് അഡീ. സോളിസിറ്റര്‍ ജനറലിനോട് കോടതി ഉത്തരവിട്ടു. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സിന് നല്‍കുന്നതിനെതിരെ പിണറായി സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പള്ളി കൈമാറേണ്ടത് സര്ക്കാര്രിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: