തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്ത കേസിലെ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സെക്രട്ടേറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞതാണ്. എന്നിട്ടും പോലീസിനെ ഉപയോഗിച്ച് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു.
ഫോറന്‍സിക് പരിശോധനാ ഫലത്തെ തള്ളാന്‍ പൊലീസിന് എങ്ങനെയാണ് സാധിക്കുന്നത്. ആനിമേഷന്‍ ചിത്രങ്ങളുമായി വന്ന് ഫോറന്‍സിക് പരിശോധനഫലം തെറ്റെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അമര്‍ചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പൊലീസിന്റേത്. പാലക്കാട് പീഡനം അന്വേഷിച്ച സിപിഎം കമ്മീഷനേക്കാള്‍ അപഹാസ്യമാവുകയാണ് സംസ്ഥാന പോലീസ് സേനയെന്നും സുരേന്ദ്രന് പരിഹസിച്ചു.
സംഭവം നടന്നതിന് മുമ്പും ശേഷവും സര്‍ക്കാരിന്റെ ഓരോ ഇടപെടലുകളും സംശയകരമായിരുന്നെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെയും ബിജെപി നേതാക്കളെയും പുറത്താക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മന്ത്രിമാരുടെ പ്രസ്താവനകളും മുഖ്യമന്ത്രിയുടെ വെപ്രാളവും കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. സത്യം തുറന്ന് പറഞ്ഞ തന്നെയും മാദ്ധ്യമങ്ങളെയും വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സുരേന്ദ്രന് പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: