മുക്കം: മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നാലു സീറ്റുകള്‍ നല്‍കിയതിനെതിരെ യുഡിഎഫില്‍ പൊട്ടിത്തെറി. ഒരു വിഭാഗം കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ഇവിടെ ജനകീയ മുന്നണി രൂപീകരിക്കുകയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടങ്ങളില്‍ നിലവിലുള്ള ബൂത്ത് കമ്മിറ്റികള്‍ പിരിച്ചു വിട്ടതായും വിവരം കെപിസിസി പ്രസിഡന്റിനെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. ഇടതു മുന്നണിയുടെ പിന്തുണയും ഈ നാലു സീറ്റിലും ഇവര്‍ക്കാണ്. എന്നാല്‍ മുക്കം നഗരസഭയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരണം നടത്തിയ സിപിഎം ഇപ്പോള്‍ അവരെ എതിര്‍ക്കാന്‍ യുഡിഎഫ് വിമതര്‍ രൂപം നല്കിയ ജനകീയ മുന്നണി യോടൊപ്പം ചേര്‍ന്നത് ജനങ്ങളില്‍ കൂടുതല്‍ പരിഹാസ്യമായിരിക്കുകയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പു സഖ്യമൊ ധാരണയോ ഇല്ലെന്ന് കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് നേതാക്കള്‍ പ്രസ്താവന ആവര്‍ത്തിക്കുമ്പോഴാണ് സഖ്യത്തിന്റെ പേരില്‍ മുക്കത്ത് മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടായത്. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂരാണ് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ രാഷ്ട്രീയ പാര്‍ടിയായ വെല്‍ഫെയര്‍ പാര്‍ടിക്കും സ്വാധീനമുള്ള പ്രദേശം. അവിടെയാണ് നാലു സീറ്റുകള്‍ യുഡിഎഫ് നല്‍കിയത്. ആകെയുള്ള 33 സീറ്റില്‍ 18-ല്‍ കോണ്‍ഗ്രസും 11- ല്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. ചേന്ദമംഗല്ലൂര്‍ മേഖലയിലെ കണക്കുപറമ്പ് (18), മംഗലശ്ശേരി (19), പുല്‍പറമ്പ് (20), വെസ്റ്റ് ചേന്ദമംഗല്ലൂര്‍ (21) എന്നീ ഡിവിഷനുകളിലാണ് യുഡിഎഫ് മുന്നണിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: