തൊടുപുഴ: പ്രതികൂല കാലാവസ്ഥ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്ന റോഡുകളുടെ അറ്റകുറ്റപണി പുനരാരംഭിച്ചു. ആധുനിക രീതിയിലുള്ള ടാറിങ്ങാണ് ആരംഭിച്ചിരിക്കുന്നത്.
തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ തൊടുപുഴ നഗരത്തില്‍ പ്രധാന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മൂന്നര കോടിയോളം രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ മേഖലയില്‍ നടക്കാനുള്ളത്. വെങ്ങല്ലൂര്‍ മുതല്‍ ടൗണ്‍ വഴി കോലാനി വരെയുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നഗരത്തിലെ തിരക്ക് മൂലം രാത്രിയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്. ഏതാനും ദിവസം മുന്‍പ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീട് മഴ ശക്തമായതോടെ മുടങ്ങുകയായിരുന്നു.
വെങ്ങല്ലൂര്‍ മുതല്‍ നഗരത്തിന്റെ പല ഭാഗത്തും റോഡ് തകര്‍ന്ന നിലയിലാണ്. റോഡിലെ കുഴികള്‍ അടയ്ക്കാത്തതിനാല്‍ നഗരത്തിലെ വാഹന യാത്രയും ദുരിത പൂര്‍ണമായിരുന്നു. ഇതെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. എന്നാല്‍ കൊറോണ വ്യാപനവും മഴയും തടസമായതോടെ പിഡബ്ല്യുഡി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനിടെ റോഡിലെ കുഴികള്‍ താത്ക്കാലികമായി അടച്ചെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും തകര്‍ന്നു. അതേ സമയം പഴയ മണക്കാട് റോഡ് പാലാ റോഡുമായി ചേരുന്ന ഭാഗത്ത് ഇറക്കി ടാര്‍ ചെയ്യാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് തടസം നേരിടുന്നുണ്ട്. കുത്തനെയുള്ള കയറ്റം കയറി വരുമ്പോള്‍ ഹബ് പോലെ റോഡ് ഉയര്‍ന്ന് നില്‍ക്കുന്നതാണ് പ്രശ്നം.
കാലാവസ്ഥ അനുകൂലമായാല്‍ മറ്റ് റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. പ്രധാനപ്പെട്ട റോഡുകളുടെയെല്ലാം നിര്‍മാണത്തിനുള്ള സാമഗ്രികളും അതാത് സ്ഥലങ്ങളില്‍ ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: