കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ആറ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫേം ഇന്‍ഡ്യാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായ സ്റ്റേഷനുകളാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്. 2020 ജനവരി 3ന് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് ആന്റ് പബ്ലിക് എന്റര്‍പ്രൈസസ് രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലായി 2,636 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനമെടുക്കുകയും അംഗീകാരം നല്‍കുകയും ചെയ്തതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.
മോട്ടോര്‍ വാഹനങ്ങള്‍ വഴിയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഊര്ജദുര്വ്യയവും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്‍ഡ്യ പദ്ധതി(ഫേം ഇന്ത്യ)യുടെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ആറ് സ്റ്റേഷനുകളാണ് ഇന്ന് കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. സ്റ്റേഷനുകളുടെ നിര്‍മ്മാണ ചിലവില്‍ 70 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 30 ശതമാനം കെഎസ്ഇബിയുമാണ് വഹിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായി പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തുന്ന സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഫേം ഇന്ത്യ പദ്ധതിയും സ്വന്തം പദ്ധതിയെന്ന നിലയില്‍ അവതരിപ്പിച്ചാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കേരളത്തില്‍ ആദ്യഘട്ടത്തില്‍ 131 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആറ് സ്റ്റേഷനുകളാണ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊച്ചി 50, തൃശ്ശൂര്‍, 28, കണ്ണൂര്‍ 27, കോഴിക്കോട് 26 എന്നിങ്ങനെയാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളുടെ എണ്ണം. കെഎസ്ഇബിക്കാണ് കേരളത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് നടത്തിപ്പിനുള്ള ചുമതല നല്‍കിയത്. ഓരോ സംസ്ഥാനത്തും വിത്യസ്ത ഏജന്‍സികള്‍ക്കാണ് സ്റ്റേഷന് നിര്‍മ്മാണ-വൈദ്യുതി വിതരണ ചുമതല.
ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന് 27.98 ലക്ഷം രൂപയാണ് ചെലവ്. ആദ്യഘട്ടത്തില്‍ മൂന്ന് മാസം സൗജന്യമായാണ് ചാര്‍ജിങ്. പിന്നീട് യൂണിറ്റിന് 5 രൂപ നിരക്കില്‍ ഈടാക്കാനാണ് റെഗുലേറ്ററി കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനം പിന്നീട് എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയപാതയില്‍ ഓരോ 25 കിലോ മീറ്ററിലും ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന് ആരംഭിക്കാനുളള പദ്ധതിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. 10 ലക്ഷത്തിലേറെ ജനസംഖ്യയുളള നഗരങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഇന്‍സന്റീവ് കൊടുക്കുന്നതിനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് തീരുമാനിച്ചിട്ടുണ്ട്. വീടുകളില്‍ 8 മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്യേണ്ടി വരുമ്പോള്‍ സ്റ്റേഷനില്‍ ഒരു വാഹനത്തിന് ഒരുമണിക്കൂര്‍ കൊണ്ട് പൂര്‍ണ ചാര്‍ജിങ് സാധ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പെട്രോള്‍ വാഹനത്തില്‍ 1 കിലോമീറ്ററിന് 5 രൂപ ചെലവ് വരുമ്പോള്‍ വൈദ്യുതി ഉപയോഗിച്ചാല്‍ 1.17 പൈസ മാത്രമാണ് ഇന്ധനച്ചെലവ്.
ഇന്ന് വൈകുന്നേരം 3മണിക്ക് ഓണ്‍ലെന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 74 സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവൃത്തിയും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: