ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരി സ്വന്തം പേരിലുള്ള അക്കൗണ്ടുകളിലൂടെ ഏഴു വര്‍ഷം നടത്തിയത് പതിനായിരത്തിലധികം പണമിടപാടുകള്‍.
ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ 2012 മുതല്‍ 2019വരെയുള്ള ഇടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത് ബിനീഷിന്റെ ഐഡിബിഐ, എച്ച്ഡിഎഫ്സി ബാങ്കുകളിലെ ബിനീഷിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ്.
ഐഡിബിഐ ബാങ്കിലെ അക്കൗണ്ട് നമ്പര്‍: 115410400000754, 115410400000745, എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് നമ്പര്‍: 50100190259640 എന്നീ അക്കൗണ്ടുകളിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്കാന് ഇതുവരെ ബിനീഷ് കോടിയേരിക്ക് സാധിച്ചിട്ടില്ല.
ഈ കാലയളവില്‍ ബിനീഷിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 5.17കോടി രൂപ(5,17,36,000)എത്തിയിരുന്നു. അതേ സമയം ബിനീഷ് ആദായനികുതി വകുപ്പിന് നല്കിയ കണക്കില്‍ 1.22കോടി രൂപ(1,22,12,233) മാത്രമാണ് കാണിച്ചിരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലെ മാത്രം കണക്കുകളാണിത്.
ബിനീഷിന്റെ പ്രധാന ബിനാമികളായ അനൂപ് മുഹമ്മദ്, അല്‍ ജസാം അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ ലത്തീഫ്, റഷീദ് തുടങ്ങി പത്തുപേരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിച്ചു വരികയാണ്. ഈ അക്കൗണ്ടുകളിലൂടെയെല്ലാം വലിയ തോതില്‍ കള്ളപ്പണം ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ ഇഡി നടത്തുന്ന പരിശോധനയിലൂടെ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ബിനീഷിന്റെ ബിനാമിയായ അബ്ദുള്‍ ലത്തീഫിനോട് ഹാജരാകാന്‍ ഇഡി ബെംഗളൂരു സോണല്‍ ഡയറക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
അമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈനിലാണെന്നും നവംബര്‍ രണ്ടിനു ശേഷം ഹാജരാകാമെന്നുമാണ് അബ്ദുള്‍ ലത്തീഫ് ഇഡിയെ അറിയിച്ചത്. അതേ സമയം തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം അബ്ദുള്‍ ലത്തീഫിനെ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. റഷീദിനെയും ചോദ്യം ചെയ്യാന്‍ ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: