– രജനി സുരേഷ് –
ആനപ്പാറയുടെ ഒത്ത നെറുകയില്‍ അങ്ങനെയൊന്നും കയറിക്കൂടുക സാധ്യമല്ല തന്നെ.. കറുത്തുമുരമ്പിച്ച പരുക്കന്‍ പാറ എണ്ണമയമില്ലാത്ത തലമുടി പോലെ പരുപരുത്തു മുരടിച്ചു കിടക്കുന്നു. കഠിനമായ വെയിലില്‍ ചുട്ടുപൊള്ളുന്ന ആനപ്പാറയുടെ മൂര്‍ദ്ധാവില്‍ കയറി കാല്‍പൊള്ളി നൃത്തം ചവിട്ടുന്നത് ജയശങ്കറിന്റെയും ശിവന്‍കുട്ടിയുടെയും വിമല്‍കുമാറിന്റെയും സ്ഥിരം ചടങ്ങുകളാണ്.
ആനപ്പാറയും ഓത്തുപള്ളിമുറ്റവും ഗോപാലന്റെ പീടികയും നെരങ്ങി യുപി സ്കൂളിന്റെ മുറ്റമെത്തുമ്പോഴേക്കും സ്കൂളില്‍ ബെല്ലടിച്ചിട്ടുണ്ടാകും. വൈകിയെത്തിയ കുട്ടികളുടെ ഇടയില്‍ നില്ക്കുമ്പോള് നമ്പ്യാരുമാഷിന്റെ കണ്ണടയ്ക്കു മുകളിലൂടെയുള്ള തീക്ഷ്ണനോട്ടം… ഉടലോടെ ദഹിപ്പിക്കുന്ന നോട്ടം പിന്നീട് വാത്സല്യത്തിന്റെ… സ്നേഹത്തിന്റെ ഉറവകള്‍ പൊട്ടി അണച്ചുപിടിച്ചു സ്നേഹപ്രവാഹമായി പുറത്തേയ്ക്കൊഴുകും. അതുവരെ തല കുമ്പിട്ട് കുറ്റവാളിയെപ്പോലെ നില്ക്കുമ്പോള് കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേള്‍ക്കാം.
ജയശങ്കറും ശിവന്‍കുട്ടിയും ധൈര്യശാലികളായ വീരയോദ്ധാക്കളെപ്പോലെ വരുന്ന വഴിയിലെ തടസ്സങ്ങളെക്കുറിച്ച് നമ്പ്യാരു മാഷോട് വിശദീകരിക്കും.. പള്ളിമുറ്റത്തു പുറത്ത് പട്ടി കടിക്കാന്‍ വന്നതും അലഞ്ഞു നടക്കുന്ന ഭ്രാന്തന് തങ്കൂട്ടിയില് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതും ഗോപാലന്റെ പീടികയില്‍ ചൗ മിഠായി വാങ്ങുവാന്‍ കയറിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടതും കുണ്ടളശ്ശേരി ബസ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താതെ പോയ ബഹളത്തില്പെട്ടതുമായ അല്ലറ ചില്ലറ പൊടിപ്പും തൊങ്ങലും ചേര്‍ത്ത പ്രതിബന്ധങ്ങളുടെ വിവരണം നീളുമ്പോള്‍ നമ്പ്യാരു മാഷ് പറയും..”നിര്‍ത്തെടാ ചട്ടമ്പികളേ… നാലാളും ക്ലാസ്സില്‍ കയറ്…’
ദൈവമേ… തുടര്‍ന്ന് അഭിമുഖീകരിക്കേണ്ടത് പുഷ്പടീച്ചറെയാണ്. തന്നെക്കുറിച്ച് എന്തു കരുതും! വമ്പത്തരം കാണിച്ച് നടക്കുന്ന കേഡി കുട്ടികളുടെ ലിസ്റ്റില്‍ പെടുകയാണ്.
കണ്ണട ഒന്ന് നേരെയാക്കി ചൂരലിന്റെ തല മറുകയ്യില്‍ ഉരസിക്കൊണ്ട് ക്ലാസ്സ് മുറിയുടെ വാതിലിനു മുന്നില്‍ പുഷ്പ ടീച്ചര്‍ നില്‍പ്പുണ്ടാകും.
‘ടീച്ചറേ …. ജയശങ്കറിന്റെയും ശിവന്‍കുട്ടിയുടെയും ഒപ്പം നടന്ന് ഇത്തിരി വൈകിപ്പോയി… മാപ്പാക്കണം. ‘പഠനത്തില്‍ മിടുക്കനായ വിമല്‍കുമാര്‍ ടീച്ചറോട് സത്യം പറയും. ശിവന്‍കുട്ടി വിമല്‍കുമാറിന്റെ കാലില്‍ അമര്‍ത്തിച്ചവിട്ടും. വിമല്‍ കുമാര്‍ വേദന കൊണ്ട് പുളഞ്ഞാലും ശിവന്‍കുട്ടിക്ക് വലിയ ഭാവഭേദമൊന്നും വരില്ല.
പുഷ്പടീച്ചറുടെ ദയാദാക്ഷിണ്യത്തിന് പാത്രീഭൂതരായി ക്ലാസ്സുമുറിയില്‍ കയറി മുന്‍ ബഞ്ചില്‍ പോയിരുന്നപ്പോള്‍ നബീസയുടെ വക കനപ്പിക്കുന്ന ഒരു ചോദ്യം…
‘കുട്ട്യെന്താ വൈക്യേ…?’
‘ഒന്നും പറയണ്ടെന്റെ നബീസേ … ജയശങ്കറും ശിവന്കുട്ടീം പറ്റിച്ചതാ… അവരുടെ ഒപ്പം നടന്ന് ഓത്തുപള്ളി മുറ്റത്തെത്ത്യാ നബീസയുണ്ടാവുംന്ന് നിരീച്ചു. ഇന്നെന്താ എന്നെ കൂട്ടാതെ പോയേ?’ കുട്ടി ഈ കള്ള ഹിമാറുകളോടൊപ്പം നടന്ന് വഴിതെറ്റണ്ട ട്ടൊ ളു.’
‘നബീസേ…. അവര്‍ കള്ളന്മാരൊന്ന്വല്ല… ആനപ്പാറേല് കയറിക്കളിച്ച് വൈകീതാ…’
‘ങ്ഹും… കുട്ടിയ്ക്കങ്ങനെ പറയാം. ആ ശിവന്‍കുട്ടി ന്നലെ ന്നോട് പറഞ്ഞതറിയോ കുട്ടിയ്ക്ക്…?’
‘ന്താ പറഞ്ഞത്?’
‘കുട്ടീം അവനും കൂടെ മംഗലം കഴിക്ക്യാത്രെ….’
‘നബീസേ …വേണ്ടാതീനം പറയാതെ… മംഗലം കഴിക്ക്യാന്ന് പറഞ്ഞാ ന്താന്നറിയോ.. ?’
‘നിക്കാഹ്… അല്ലാണ്ടെന്താ…വേണ്ടാതീനം ഒന്ന്വല്ല.. കുട്ടി ന്നെ പഠിപ്പിക്കൊന്നും വേണ്ട. വേണേല്‍ വിശ്വസിച്ചാ മതി. കുട്ടീനെ വശത്താക്കാനാ കൂടെ കൂട്ടീരിക്കണത്.’
‘അയ്യോ! നബീസേ… അങ്ങനാണേല്‍ ഞാനിനി ശിവന്‍കുട്ടിയോട് കൂട്ട് കൂടില്ല.’
‘അങ്ങനെ വേണം നല്ല കുട്ട്യോള്. പടച്ചോന് കാക്കട്ടെ.’
‘ആരെയാ പടച്ചോന് രക്ഷിക്യാ…?’
‘എന്നേം കുട്ടീനേം പിന്നെ ഈ ദുനിയാവിലുള്ള സകലമാനെണ്ണത്തിനേം..’
സ്കൂള്‍ വിട്ടു വരുമ്പോള്‍ നബീസ പറിച്ചു തന്ന ചാമ്പയ്ക്ക തിന്ന് നടക്കുകയാണ്. ശിവന്‍കുട്ടി പിന്നാലെ കൂടി.
‘നിനക്ക് നീം ചാമ്പയ്ക്ക വേണോ ലക്ഷ്മിക്കുട്ടീ…’
‘നിക്ക് ചാമ്പയ്ക്കേം വേണ്ട.. നിന്റെ കൂട്ടും വേണ്ട.’
‘അതെന്താ ലക്ഷ്മിക്കുട്ട്യേ നീ അങ്ങനെ പറേണത്?’
‘നീ എന്നെ മംഗലം കഴിക്കാന്‍ പിന്നാലെ കൂടീതല്യേ? അതാ അങ്ങനെ പറേണത്..’
‘ലക്ഷ്മിക്കുട്ടീനെ മംഗലം കഴിക്ക്യേ… ആരാത് പറഞ്ഞത്?’
‘ആരോ പറഞ്ഞോട്ടെ.. നേരല്ലേ ഞാമ്പറഞ്ഞത്?’
‘എന്റെ ലക്ഷ്മിക്കുട്ട്യേ… ന്നിട്ട് വേണം ന്റെ കുടീലെ കഞ്ഞിമുട്ടാന്… ല്ലെ. കുട്ടീടെ തറവാട്ടിലെ തമ്പ്രാക്കന്മാര് എന്നെ ഉടലോടെ സ്വര്‍ഗ്ഗം പൂകിക്കും.’
‘അപ്പൊ നിനക്ക് ന്നെ മംഗലം കഴിക്കേണ്ടല്ലെ…?’
‘നടക്കാത്ത കാര്യങ്ങള്‍ ങ്ങനെ പറയല്ലേ ലക്ഷ്മിക്കുട്ട്യേ…’
നാളെ ള്ളു… നബീസയോട് ചോദിക്കണം.സ്കൂള്‍ വിട്ടു വരുമ്പോള്‍ വാരരു മാഷും സത്യഭാമ ടീച്ചറും കുട്ടികളോടൊപ്പം നടക്കാനുണ്ടാകും. വാരരു മാഷിന്റെ കറുത്ത കാലന് കുടയുടെ ഉപയോഗങ്ങള്‍ പലതാണ്. വിരുത് കാണിച്ച് റോഡിലൂടെ നടക്കുന്നവര്‍ക്ക് താക്കീത് നല്കുവാന്.. മാഷിന് ഊന്നുവടിയായി മാറാന്‍… മൂന്നാമതായി മഴയും വെയിലും കൊള്ളാതെ കുട ചൂടാന്‍… പിന്നെ പുറം ചൊറിയാനും. സ്കൂളിലെ പ്യൂണ്‍ വേണുവേട്ടന് പറയും… വാരര് മാഷ്ടെ കാലന് കുട കുട്ടികള്‍ അടുപ്പിലിട്ടു കത്തിയ്ക്കുമെന്ന്.. കാരണമുണ്ട്… നാലാം ക്ലാസ്സിന്റെ ക്ലാസ്സുമാഷായ വാരരു മാഷിന്റെ കുടയുടെ പിടിപ്പെടലിയില് കുടുങ്ങാത്ത കുട്ടികള്‍ സ്കൂളില്‍ വിരളമാണ്.
വികൃതികളെ കണ്ണുരുട്ടി പേടിപ്പിക്കുന്നത് നമ്പ്യാരു മാഷിന്റെ രീതിയാണെങ്കില്‍ കാലന് കുട കൊണ്ട് പെടലിയില്‍ പിടിച്ച് തന്നിലേയ്ക്കടുപ്പിച്ചു നിര്‍ത്തി ഉപദേശിച്ചു നേരാക്കുവാന്‍ ശ്രമിക്കുന്നത് വാരരുമാഷാണ്.
‘ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും..’
ഈശ്വര പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പിന്നെ ക്ലാസ്സ് മുറികള്‍ സജീവമായി. പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ ബെഞ്ചിന്റെ മേല്‍ കയറ്റി നിര്‍ത്തുന്ന ശിക്ഷാവിധികള്‍… അതിനുമപ്പുറം ചൂരല്‍ കൊണ്ടുള്ള കഷായ പ്രയോഗങ്ങള്‍… ഒടുവില്‍ സ്നേഹത്തലോടലുകള്‍..
ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേള സമയം… വിമല്‍ കുമാര്‍ അടുത്തുവന്നു പരുങ്ങിക്കൊണ്ട് ഒരു ചോദ്യം..
‘ലക്ഷ്മിക്കുട്ടി.. നിന്നെ ഞാന്‍ കല്യാണം കഴിച്ചോട്ടെ..?’
‘അള്ളാ… പടച്ച തമ്പുരാനേ… ലക്ഷ്മിക്കുട്ടീനെ നിക്കാഹ് കഴിക്കാന്‍ എത്ര പേരാ…’ നബീസ കളിയാക്കി പറയും. അതൊന്നും ശ്രദ്ധിക്കാതെ വിമല്‍ കുമാര്‍ തുടര്‍ന്നു.
‘ലക്ഷ്മിക്കുട്ടീ… നിനക്ക് ആനപ്പാറേല് കയറണമെന്ന്… ഒത്ത നെറുകയില്‍ എത്തണമെന്ന് പൂതീല്യേ… അവിടെ കയറ്റണമെങ്കില്‍ എന്നെ നീ മംഗലം കഴിക്കണം.’
വിമല്‍കുമാര്‍ പറഞ്ഞതു കേട്ട് നബീസ കുലുങ്ങി കുലുങ്ങി ചിരിച്ചു.
‘ആനപ്പാറേല് കയറുന്നത് ഒരു നേരത്തെ കാര്യം വിമല്‍ കുമാറേ… നിന്നെ മംഗലം കഴിച്ചാല്‍ ലക്ഷ്മിക്കുട്ടി ജീവിതകാലം മുഴുവന്‍ നിന്റെ കൂടെ പൊറുക്കേണ്ടെ..?’
നബീസയുടെ പറച്ചില് വിമല്‍കുമാറിന് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്ന് പ്രതികരണം സാക്ഷ്യപ്പെടുത്തി.
‘ലക്ഷ്മിക്കുട്ടി ന്റെ കൂടെ പൊറുക്കണം… പൊറുപ്പിക്കും.. അതിനെന്താത്ര സംശയം?’
എന്തായാലും കാര്യം കൊള്ളാം. ആനപ്പാറയില്‍ കയറി ആകാശം തൊടുവാന്‍ ഉള്ള ആഗ്രഹം കുറേക്കാലമായി കൊണ്ടു നടക്കുന്നു. വിമല്‍കുമാറിനെ കല്യാണം കഴിക്കാംന്ന് സമ്മതിച്ചാല്‍ ഇപ്പോള്‍ ആനപ്പാറേല് കയറാം..
ആനപ്പാറയുടെ മുകളില്‍ നിന്നു നോക്കിയാല്‍ വെള്ളാറ മല, മുച്ചീരി മല, കല്ലടിക്കോടന്‍ മലനിരകള്‍ എല്ലാം കാണാം. അംബരചുംബികളായ കല്ലടിക്കോടന്‍ മലനിരകള്‍ അതികായന്മാര് തന്നെയാണെന്നാണ് ശിവന്‍കുട്ടിയുടെ പക്ഷം. ആനപ്പാറയുടെ നെറുകയില്‍ കയറിയാല്‍ മുച്ചീരി മലയില്‍ തീ ആളിക്കത്തുന്നത് കാണുമ്പോള്‍ മനസ്സ് നോവാറുണ്ടെന്ന് ജയശങ്കറും പറയാറുണ്ട്.
എന്തായാലും ആനപ്പാറേല് കയറണം. തല്ക്കാലം വിമല്‍ കുമാറിനെ മംഗലം കഴിക്കാമെന്ന് സമ്മതിച്ചേക്കാം.
ഒരു ദിവസം വൈകീട്ട് ആനപ്പാറയുടെ സമീപത്തുകൂടി നടക്കുമ്പോള്‍ വിമല്‍കുമാറിനോട് ചോദിച്ചു.
‘വിമല്കുമാറേ… വലുതായാല്‍ നിന്നെ മംഗലം കഴിക്കാമെങ്കില്‍ ആനപ്പാറേല് കയറ്റാംന്നല്ലേ നീ പറഞ്ഞത്. എന്തായാലും മംഗലം കഴിക്കണല്ലോ.. നിന്നെത്തന്നെ ആവട്ടെ.. നീ എന്നെ ആനപ്പാറേല് കയറ്റോ..?’ ലക്ഷ്മിക്കുട്ടീടെ വെളവ് മനസ്സിലിരിക്കട്ടെ. ആദ്യം മംഗലം കഴിക്കാംന്ന് സത്യം ചെയ്യ്… അതിനു ശേഷം ആനപ്പാറ കയറ്റം..’
‘ന്റെ ചെറയ്ക്കേക്കാവ് ഭഗവത്യേ… വിമല്‍കുമാറിനെ ഞാന്‍ വേണ്ടി വന്നാല്‍ മംഗലം കഴിച്ചോളാമേ…’
‘ന്താ പറഞ്ഞ്യേ… വേണ്ടി വന്നാലോ.. ഒന്നൂടി പറ..’
‘ന്റെ കാവിലമ്മേ ..വിമല്‍ കുമാറിനെ വലുതായാല്‍ മംഗലം കഴിച്ചേക്കാമേ… സത്യായും… ന്റെ ഭഗവതീ… പൊറുക്കണേ…’
വിമല്‍കുമാറിന്റെ സന്തോഷത്തിന് അതിര് കൈവിടുന്നു എന്നു കണ്ട നബീസ പറഞ്ഞു. ‘സന്തോഷ പ്രകടനങ്ങളൊക്കെ പിന്നെ… പറഞ്ഞപ്രകാരം ലക്ഷ്മിക്കുട്ട്യേ ആനപ്പാറേല് കയറ്റ്..’
പരുപരുപ്പുള്ള ആനപ്പാറയില്‍ കയറുക എന്നത് ദുഷ്കരമാണ്. ആണ്‍കുട്ടികള്‍ തന്നെ വല്ലാത്ത കസര്‍ത്തു കാണിച്ചാല്‍ മൂക്കുകുത്തി താഴെ വീഴും. ഉരുളന്‍ കല്ലുകളും കൂര്‍ത്തു മൂര്‍ച്ചയേറിയ കരിങ്കല്ലുകളും ചുറ്റും കുന്നുകൂടിയ ആനപ്പാറയില്‍ നിന്നെങ്ങാനും വീണാലത്തെ അവസ്ഥ വിവരിക്കാതിരിക്കുകയാണ് ഭേദം.
ശിവന്‍കുട്ടിയും ജയശങ്കറും വിമല്‍കുമാറും പാറയില്‍ പൊത്തിപ്പിടിച്ചു കയറുന്നതു കണ്ടാല്‍ കണ്ണടയ്ക്കുകയാണ് പതിവ്. പിന്നീട് പാറപ്പുറത്തു കയറിയ അവരുടെ ജയഘോഷങ്ങള്‍ കേട്ടാല്‍ കണ് തുറക്കും.
പതിവുപോലെ മൂന്നുപേരും പാറയില്‍ അള്ളിപ്പിടിച്ച് ഉരഞ്ഞ് കയറിക്കൂടി. കൈലാസത്തിലെ ശാന്തചേച്ചിയുടെ വീട്ടിലുള്ള വടവൃക്ഷത്തിലെ വള്ളികള്‍ ചെത്തിക്കൊണ്ടുവന്ന് കാലില്‍ കുരുക്കു കെട്ടിയാണ് വിമല്‍ കുമാര്‍ കയറിയത്. കുരുക്കിനു താഴേക്കു വള്ളി തൂക്കിയിട്ടിട്ടുമുണ്ട്.
പാറയുടെ മുകളില്‍ നിന്ന് വിമല്‍കുമാര്‍ പ്രഖ്യാപിച്ചു.
‘ലക്ഷ്മിക്കുട്ട്യേ… ഞാന്‍ പാറയില്‍ അള്ളിപ്പിടിച്ച് കിടക്കും. ലക്ഷ്മിക്കുട്ടി ന്റെ കാലില്‍ കെട്ടിയ വടവൃക്ഷത്തിന്റെ വള്ളി പിടിച്ച് സൂക്ഷിച്ചു കയറണം ട്ടൊ… ന്താ..’
”പടച്ചോനേ.. ഈ വള്ളി പൊട്ടിപ്പോയാലോ വിമല്‍ കുമാറേ…’
നബീസയെ വിമല്‍കുമാര്‍ രൂക്ഷമായൊന്നു നോക്കി.
നബീസ അബദ്ധം പറ്റിയതുപോലെ തലകുമ്പിട്ടു നിന്നു.
എല്ലാ ദൈവങ്ങളെയും പേരു ചൊല്ലി വിളിച്ച് കൂട്ടിനു വരുത്തി വള്ളിയില്‍ പിടിച്ചു കയറുവാന്‍ തുടങ്ങി. പകുതി കയറിയപ്പോഴേക്കും ക്ഷീണം ബാധിച്ചു തുടങ്ങി. കൈ ചുവന്ന് തിണര്‍ത്തു.
‘വിമല്കുമാറേ… എനിക്ക് ആനപ്പാറേല് കയറണ്ട… നിന്നെ മംഗലം കഴിക്കേം വേണ്ട.’
വിമല്‍കുമാറിന്റെ കൈ പൊട്ടി ചോരയൊലിക്കാന്‍ തുടങ്ങിയെന്ന് നബീസ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.
‘ങ്ങട്ട് കേറ് ന്റെ ലക്ഷ്മിക്കുട്ടീ…’ വിമല്‍കുമാര്‍ പറഞ്ഞതു കേട്ട് പിന്നെ ഒന്നും ആലോചിച്ചില്ല. ആഞ്ഞുപിടിച്ച് ആനപ്പാറേല് കയറുവാന്‍ തുടങ്ങി. വള്ളി സ്ഥാനം തെറ്റിപ്പോകുമ്പോള്‍ ഒന്ന് ചാഞ്ചാടും. വിമല്‍കുമാര്‍ കാലനക്കാതെ കിടന്നതിനാല്‍ കയറ്റം കുറേ ലഘുവായിത്തീര്‍ന്നു. ഒരു വിധത്തില്‍ വള്ളിയില്‍ പിടിച്ചു കയറി വിമല്‍കുമാറിന്റെ കാലില്‍ പിടി കിട്ടി.
‘നീം കേറ്…’ വിമല്‍കുമാര്‍ വിളിച്ചു പറഞ്ഞു. വിമല്‍കുമാറിന്റെ മുതുകത്ത് ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ച് ആനപ്പാറയുടെ നെറുകയില്‍ തൊട്ടു. ക്ഷീണിച്ചവശയായി ആനപ്പാറയില്‍ കുത്തിയിരിക്കുമ്പോള്‍ ജയശങ്കറും ശിവന്‍കുട്ടിയും വിമല്‍കുമാറിനെ കൈപിടിച്ച് ആനപ്പാറയില്‍ കയറ്റി. വിമല്‍ കുമാറിന്റെ മാറിലെയും വയറിലെയും തൊലി ഉരഞ്ഞു നീങ്ങി രക്തം കിനിയുന്നുണ്ട്. രക്തം അവന് കൈ കൊണ്ട് തുടച്ചു .കാല്‍മുട്ടുകള്‍ ചെരകി പൊട്ടിയിരിക്കുന്നു. കണങ്കാലില്‍ കെട്ടിയ വള്ളിയുടെ ഇടയിലൂടെ ചോര ഒഴുകുന്നുണ്ട്. വിജയശ്രീലാളിതനായി വിമല്‍ കുമാര്‍ നില്‍ക്കുകയാണ്.
‘നീ അകലേക്ക്… അകലേക്ക് നോക്ക് ലക്ഷ്മിക്കുട്ടീ… അവിടെ ഒരായിരം തൂവാനത്തുമ്പികള്‍ പാറിപ്പറക്കുന്നതു കാണുന്നില്ലേ… മാനംമുട്ടെ മലനിരകള്‍…പഞ്ഞിക്കെട്ടുകള്‍ പോലെ വെളുത്ത ആകാശം… ദൂരെ .. ദൂരെ ചേക്കേറാന്‍ വെമ്പുന്ന പക്ഷിക്കൂട്ടങ്ങള്‍ ….’
ചുറ്റും ആസ്വദിച്ചു നില്ക്കുമ്പോള് പൂത്തുനില്ക്കുന്ന പൂങ്കാവനത്തെ തഴുകി കല്ലടിക്കോടന്‍ മലനിരകളില്‍ നിന്നു ഒഴുകിയെത്തുന്ന സുഖകരമായ ഇളം കാറ്റ് സാന്ത്വനവുമായെത്തി. ചുവന്ന ചെമ്മണ്‍പാതകളിലൂടെ അരിച്ചരിച്ച് സഞ്ചരിക്കുന്ന മനുഷ്യരൂപങ്ങള്‍.. ഗ്രാമീണതയുടെ വിസ്തൃതമായ വസന്തഭംഗിയോടൊപ്പം ദൂരെ തീയിട്ടു നശിച്ച മുച്ചീരിമലയുടെ അവശിഷ്ടങ്ങള്‍ ഹൃദയത്തിലെ നെരിപ്പോട് ആളിക്കത്തിച്ചു.
പിന്നണിയില്‍ ശിവന്‍കുട്ടിയും ജയശങ്കറും ചേര്‍ന്നു നടത്തുന്ന വാദ്യമേളങ്ങളും കുരവയിടുന്ന ശബ്ദവും നേര്‍ത്തു കേള്‍ക്കാം.
‘ഈ വടമാല നിന്നെ ഞാന്‍ അണിയിക്കട്ടെ ലക്ഷ്മിക്കുട്ടീ..’ വിമല്‍ കുമാര്‍ ചോദിച്ചു .
ആ വടമാല തന്റെ കഴുത്തില്‍ അണിഞ്ഞ വിമല്‍കുമാറിനെ നോക്കാതെ ആനപ്പാറയുടെ മുകളിലെ നിറമുള്ളകാഴ്ചകളെ പുണര്‍ന്നു നിന്നു. തിരിച്ചു പോകുമ്പോള്‍ നബീസ പറഞ്ഞു. ‘ മംഗലം കഴിഞ്ഞൂട്ടൊ ലക്ഷ്മിക്കുട്ടീ…’
‘ആരുടെ ?’
‘ലക്ഷ്മിക്കുട്ടീടെ… അല്ലാതാരടെയാ….?’
‘അല്ല നബീസേ .. രാജകുമാരന് രാജകുമാരിയെ കൈപിടിച്ച് തേരില്‍ കയറ്റുന്നതാ ഞാന്‍ ആനപ്പാറേടെ മുകളില്‍ നിന്ന് നോക്കിയപ്പൊ കണ്ടത്. അവരുടെ മംഗലം ഇത്രവേഗം കഴിഞ്ഞോ?’
‘ഇല്ലന്റെ ലക്ഷ്മിക്കുട്ട്യേ… അതിലെ രാജകുമാരി പറഞ്ഞു.. ആനപ്പാറേല് തന്നെ ഒന്നുകൂടി കയറ്റിയാലേ രാജകുമാരനെ കല്യാണം കഴിക്കൂന്ന്…’
‘നബീസേ… നമുക്ക് വേഗം തറവാട്ടിലെത്താം. നബീസ പൊയ്ക്കൊള്ളു.. ഉമ്മ അന്വേഷിക്കും.’
‘ശരി ലക്ഷ്മിക്കുട്ട്യേ… നാളെ പള്ളിമുറ്റത്ത് കാത്തു നിക്കാം.’
‘ശരി, നാളെ നമ്മള് കൃത്യസമയത്ത് സ്കൂളില്‍ ഹാജര്‍.. എന്താ പോരെ?’
‘മതിയേ… ഇനി ആ വിമല്‍കുമാറിനോട് ആഗ്രഹം പറഞ്ഞപോലെ ശിവന്‍കുട്ടിയോട് പറഞ്ഞേക്കല്ലേ :അവനും പറയും.. തന്നെ മംഗലം കഴിച്ചാല്‍ ആഗ്രഹം സാധിച്ചു തരാമെന്ന്… കഷ്ടത്തിലാകും ട്ടൊ ലക്ഷ്മിക്കുട്ട്യേ..’
‘നബീസേ… പള്ളിമുറ്റത്ത് എന്നെ കാത്തുനിന്നാ നബീസ പറഞ്ഞ ഈ കള്ള ഹിമാറുകളെ ഞാന്‍ കൂട്ടുപിടിക്കില്ല.. ‘
‘ശരി, നാളെ രാവിലെ പള്ളിമുറ്റത്ത് കാണാം.’
പള്ളിയ്ക്കു പുറമെയുള്ള ഗേയ്റ്റ് പിടിച്ച് ഒരു നിമിഷം നിന്നാല്‍ നബീസ വരും.. രക്ഷകസ്ഥാനം വഹിച്ച്…
ഇതെല്ലാം ഗതകാല സുഗന്ധങ്ങള്‍… പോയ കാലത്തിന്റെ കുളിരൂറുന്ന നേര്‍ക്കാഴ്ചകള്‍ .. കാലം മായ്ച്ചയാഥാര്ത്ഥ്യങ്ങള്… ആ വഴിവരമ്പുകള്‍ തേടിയുള്ള സഞ്ചാരം…. അവസാനിക്കുന്നില്ല.
രജനി സുരേഷ്
സൈകതം
ചേവായൂര്‍ (പി.ഒ)
കോഴിക്കോട്
9846698701
പ്രതികരിക്കാൻ ഇവിടെ എഴുതുക: