കോഴിക്കോട്: എണ്‍പത്തിഅയ്യായിരം ചതുരശ്രഅടിയില്‍ കോഴിക്കോട് നഗരഹൃദയത്തില്‍ കേസരി വാരികയ്ക്കു വേണ്ടി പൂര്‍ത്തിയാവുന്നത് ഏഴ് നിലകളിലുള്ള കെട്ടിട സമുച്ചയം. ചാലപ്പുറം റോഡില്‍ കേസരി വാരികയ്ക്ക് വേണ്ടി ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് വാങ്ങിച്ച സ്ഥലത്താണ് പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നത്.
മീഡിയ സ്കൂള്‍, റഫറന്‍സ് ലൈബ്രറി, പബ്ലിക്കേഷന്‍ വിഭാഗം എന്നിവ കൂടാതെ ജന്മഭൂമി, വിശ്വസംവാദ കേന്ദ്രം, ഭാരതീയ വിചാരകേന്ദ്രം, ഭാരതീയ വിദ്യാനികേതന്‍, തപസ്യ, സേവാഭാരതി, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം, വ്യാപാരിവ്യവസായി സംഘ്, ജന്മന് വെഞ്ച്വേഴ്സ് തുടങ്ങിയവയുടെ ഓഫീസുകളും കെട്ടിടസമുച്ചയത്തിലുണ്ടാകും.
ഓഡിറ്റോറിയങ്ങള്‍, മിനി കോണ്‍ഫറന്‍സ് ഹാളുകള്‍, കൂടാതെ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനുള്ള മീഡിയ സെന്ററും ഇതില്‍ ഉള്‍പ്പെടും. ഡിസംബര്‍ 29ന് രാവിലെ 10ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം നിര്‍വ്വഹിക്കും. കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
മാധ്യമ, വൈചാരിക രംഗങ്ങളില്‍ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മുന്നേറ്റത്തിന് കൂടുതല്‍ കരുത്തു നല്‍കിക്കൊണ്ടാണ് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച കോഴിക്കോട് നഗരത്തില്‍ കേസരിയുടെ മാധ്യമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. 1951 നവംബര്‍ 27ന് കോഴിക്കോട്ട് നിന്ന് ആരംഭിച്ച കേസരി വാരിക പ്രസിദ്ധീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: