തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്ക്, നീന്തല്‍ക്കുളം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
വേളി ടൂറിസ്റ്റ് വില്ലേജില്‍ പ്രവേശന കവാടത്തിന്റെ എതിര്‍വശത്തുള്ള ഭൂമിയിലാണ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.
മിനിയേച്ചര്‍ റെയില്‍വേയില്‍ കുട്ടികള്‍ക്കായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന ടോയി ട്രെയ്ന്‍, ട്രാക്ക്, സ്റ്റേഷന്, സ്റ്റീല്‍ ബ്രിഡ്ജ് എന്നിവയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കിലോമീറ്ററോളം യാത്രചെയ്യാവുന്ന മിനിയേച്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികളിലായി 45 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.
5 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്കില്‍ പ്രവേശന കവാടം, ആംഫി തിയേറ്റര്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, സ്ട്രീറ്റ് ലൈറ്റ്, സ്ട്രീറ്റ് ഫര്‍ണിച്ചര്‍, വൈദ്യുതീകരണം, ചുറ്റുമതില്‍, ലാന്‍ഡ്സ്കേപ്പിംഗ്, കുട്ടികളുടെ കളിസ്ഥലം എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ രണ്ടു പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.
2.5 കോടി രൂപ ചെലവിട്ടാണ് നീന്തല്‍ക്കുളവും പാര്‍ക്കും വികസിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ്സ്കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, ആംഫിതിയേറ്റര്‍, കുളത്തിന്റെ നവീകരണം, ചുറ്റുമതില്‍, ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎപിസിഒഎസ് ലിമിറ്റഡാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: