തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. 8 കി. മീ. ദൂരം വാഹനങ്ങളുടെ നിര നീണ്ടതോടെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു. ദേശീയപാതയില്‍ ഇരുഭാഗത്തേക്കും ചരക്കു ലോറികളുള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വഴിയില്‍ കുരുങ്ങി കിടന്നത് നൂറുക്കണക്കിന് വാഹനയാത്രക്കാര്‍.
പട്ടിക്കാട് മുതല്‍ വാണിയമ്പാറ വരെ വാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ടായി കെഎസ്ആര്‍ടിസി ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും റോഡില്‍ കുടുങ്ങി കിടന്നത് സ്ഥിതിഗതിയെ രൂക്ഷമാക്കി. കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പെരുവഴിയിലായതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. പാലക്കാട് നിന്ന് വരുന്ന കാറടക്കമുള്ള ചെറിയ വാഹനങ്ങളെ എളനാട് വഴി തൃശൂരിലേക്ക് കടത്തിവിട്ടു. പോലീസും ഫയര്‍ഫോഴ്സുമെത്തി കുതിരാനിലെ തടസം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. നാട്ടുകാരും പോലീസിനെ സഹായത്തിനായി രംഗത്തിറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് അഴിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് കുരുക്കൊഴിവാക്കാന്‍ കുതിരാന്‍ തുരങ്കപ്പാത താത്കാലികമായി പോലീസ് തുറന്നു കൊടുത്തു. ഇരുഭാഗത്തേമുള്ള വാഹനങ്ങള്‍ തുരങ്കത്തിലൂടെ വഴി തിരിച്ചുവിട്ടു.
ഒരു മണിക്കൂറാണ് തുരങ്കം വഴി വാഹനങ്ങള്‍ കടത്തിവിട്ടത്. ഇതോടെ ഇരു ദിശയിലേക്കുമുള്ള ഗതാഗത തടസത്തിന് ഏറെക്കുറെ പരിഹാരമായി. പാലക്കാട്ടേക്കും തൃശൂരിലേക്കുമുള്ള ഗതാഗതം സാധാരണ നിലയിലായതിനെ തുടര്‍ന്ന് തുരങ്കപ്പാത പിന്നീട് അടച്ചു. കുതിരാനിലെ അഴിയാക്കുരുക്ക് മണിക്കൂറുകളോളം തുടര്‍ന്നതിനാല്‍ തൃശൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ വടക്കാഞ്ചേരി-ഷൊര്‍ണൂര്‍ വഴിയാണ് പോയത്.
കുതിരാനില്‍ തുടര്‍ച്ചയായി രണ്ടു ദിവസങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ടു ജീവന്. ഇന്നലെ നാലു ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷ് (31) ആണ് മരിച്ചത്. കുതിരാന്‍ തുരങ്കത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. നാലുലോറികള്‍ കൂട്ടിയിടിച്ചു. രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞുവീണു.
പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടു ലോറികളാണ് ആദ്യം അപകടത്തില്‍പെട്ടത്. തൃശൂര്‍ ഭാഗത്തേക്ക് ശര്‍ക്കരയുമായി വരികയായിരുന്ന ലോറിയുടെ പിറകില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. കണ്ടെയ്നര്‍ ലോറി റോഡിന് കുറുകെ തലകീഴായും ശര്‍ക്കര കയറ്റിയ ലോറി പുതിയ തുരങ്കത്തിലേക്കുളള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴ്ചയിലേക്കും മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുതിരാനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കഴിഞ്ഞ വ്യാഴാഴ്ച കുതിരാനടുത്ത് വഴുക്കുംപാറയില്‍ പുലര്‍ച്ചെ ലോറി കുഴിയില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചിരുന്നു. തമിഴ്നാട് ഡിണ്ടിക്കല്‍ സ്വദേശി രവി (37) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കുതിരാന്‍ ഇറക്കമിറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി, റോഡില്‍ നിന്ന് നൂറ് മീറ്ററോളം മാറി കുഴിയിലേക്ക് മറിയുകയായിരുന്നു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പീച്ചി പോലീസും ഫയര്‍ഫോഴ്സും ഹൈവേ പോലീസും ലോറിയില്‍ കുടുങ്ങി കിടന്ന രവിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. വഴുക്കുംപാറയില്‍ തോണിക്കല്‍ റോഡ് പണിയുന്നതിനായി അടിപ്പാതയ്ക്ക് വേണ്ടി പത്ത് അടിയോളം താഴ്ചയിലെടുത്ത കുഴിയിലേക്കാണ് ലോറി മറിഞ്ഞത്.
മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ വടക്കഞ്ചേരി മുതല്‍ കുതിരാന്‍ വരെ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നു. ഇന്നലെ കുതിരാനില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവമാണ് ഒറ്റവും ഒടുവിലത്തേത്. രണ്ടു ദിവസം മുമ്പ് ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവറും മരിച്ചു. മൂന്നാഴ്ചക്കിടെ കുതിരാന്‍ മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ ലോറി അപകടമാണിത്.
ഒന്നര വര്‍ഷം മുമ്പ് കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനായി ദേശീയപാത നിര്‍മ്മാണ കരാറു കമ്പനിയാണ് ഇവിടെ കുഴിയെടുത്തത്. 400 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും ആറടി താഴ്ചയും കുഴിയ്ക്കുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന കുഴി ദേശീയപാതയുടെ സമീപത്താണ്. ഇവിടെ ബാരിക്കേഡ് വെച്ച് മറയ്ക്കുകയോ, സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. ദേശീയപാത നിര്‍മ്മാണ കരാറുകാരുടെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് ദേശീയപാത കുതിരാന്‍ വീണ്ടും മരണപാതയാകുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനകം വടക്കഞ്ചേരി മുതല്‍ തൃശൂര്‍ വരെയുള്ള ദേശീയപാതയില്‍ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത് 70 പേര്‍ക്കാണ്.
കഴിഞ്ഞ നവംബറില്‍ വാണിയമ്പാറ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചിരുന്നു. ദേശീയപാത മരണക്കെണിയായിട്ടും കരാറുകാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന റോഡുകളും അശാസ്ത്രീയമായ നിര്‍മ്മാണവുമാണ് കുതിരാനില്‍ അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. മതിയായ സുരക്ഷയില്ലാതെയാണ് കുതിരാന്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരാറുകാരുടെ അനാസ്ഥയാണ് തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നു.
റോഡിലെ കുഴികള്‍ അടയ്ക്കാത്തതും റോഡരികില്‍ അതിര്ക്കുറ്റികള് സ്ഥാപിക്കാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. രാത്രിയില്‍ റോഡരികില്‍ ആവശ്യത്തിന് വെളിച്ചവുമില്ലാത്തതിനാല്‍ റോഡിന്റെ ശരിയായ വീതി ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയുന്നില്ല. അപകടാവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡുകളും ദേശീയപാതയില്‍ സ്ഥാപിക്കാത്തതും അപകടത്തിനിടയാക്കുന്നു. റോഡിന്റെ വശങ്ങളിലെ താഴ്ചകളും വളവുകളും ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കുതിരാനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ഇടപെട്ടിരുന്നു.
സ്വകാര്യ വ്യക്തി നല്കിയ ഹര്‍ജിയില്‍ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും ഒന്നും നടപ്പായില്ല. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ പോലീസ് മേധാവിയോടും ആറുവരിപ്പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലെ മേധാവികളോടും കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പണി തീരാത്ത റോഡില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിയാലേ അപകടങ്ങള്‍ ഒഴിവാകൂ. കരാര്‍ പ്രകാരമുള്ള തെരുവു വിളക്കുകള്‍ കമ്പനി അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. അഞ്ചു വര്‍ഷം കൂടുമ്പോള്‍ റോഡുകള്‍ പുതുക്കണമെന്ന നിയമവും അട്ടിമറിക്കപ്പെടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കരാറുകാരുമാണ് ഉത്തരവാദികളെന്ന് നാട്ടുകാര്‍ ആരോപിച്ചു. കരാറുകാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: