ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ‘സ്വപക്ഷ വിചാരങ്ങള്‍’ എന്ന മുപ്പത്തി എട്ടു ലേഖനങ്ങളുടെ സംകലിത പുസ്തകം തപാലില്‍ കിട്ടുകയുണ്ടായി. അവ വായിച്ചപ്പോള്‍ ഏതാണ്ട് നാല്പതുവര്ഷത്തെ പരിചയം, അടുത്ത സഹവാസം, ഒരു ചലച്ചിത്രത്തിലെന്നപോലെ മനസ്സിലൂടെ കടന്നുപോയി. ജന്മഭൂമി ദിനപ്പത്രം എറണാകുളത്തുനിന്ന് പ്രഭാതപ്പതിപ്പായി പുറത്തുവന്ന കാലമാണ്. അന്നത്തെ നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിനടുത്ത്, പഴയ ലവല്‍ ക്രോസിങ്ങിലേക്കു പോകുന്ന റോഡിന്നരികിലെ ജാംബവാന് കാലത്തുള്ള ഒരു കെട്ടിടത്തിനുള്ളിലായിരുന്നു ഓഫീസ്. വൈകുന്നേരങ്ങളില്‍, എന്നല്ല, രാവിലെ മുതല്‍ തന്നെ അഭ്യുദയകാംക്ഷികളുടെ തിരക്കായിരുന്നു അവിടെ. ഓരോ സമയത്തും വന്നിരുന്ന ആളുകളുടെ സ്വഭാവം വ്യത്യസ്തമായിരുന്നുവെന്നേയുള്ളൂ. വണ്ടിയിറങ്ങി വരുന്നവരും, പ്രഭാതശാഖ കഴിഞ്ഞുവരുന്നവരുമൊക്കെ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുണ്ടായിരുന്നു. ഏതു വിഷയത്തെപ്പറ്റിയും എത്രയും സജീവമായ ചര്‍ച്ച അവിടെ നടന്നുവന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയനായിരുന്ന കെ.വി.എസ്. ഹരിദാസ് എന്തെങ്കിലും പുതിയ വിവരവുമായി വരുമായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷന് കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അന്നത്തെ മുഖ്യ പത്രാധിപര്‍ പ്രൊഫ.എം.പി. മന്മഥനും ഉപദേഷ്ടാവ് മഞ്ചനാമഠം ബാലഗോപാലും സന്ധ്യയാകാറാവുമ്പോള്‍ കുമ്മനം രാജശേഖരനുമായിരുന്നു. ഡസ്കില്‍ പുതിയവരുടെ നേതൃത്വം പുത്തൂര്‍ മഠം ചന്ദ്രനും. അന്തരീക്ഷം തികച്ചും അനൗപചാരികമായി നിലനിന്നുവന്നു.
കെവിഎസ് ഇടയ്ക്കിടെ രാഷ്ട്രീയ വിശകലനങ്ങള്‍ എഴുതിക്കൊണ്ടുവരുമായിരുന്നു. യുക്തിഭദ്രമായി നല്ല ഭാഷയിലുള്ള ആ ലേഖനങ്ങളില്‍ പലതും ജന്മഭൂമിയില് പ്രസിദ്ധം ചെയ്തുവന്നു. മന്മഥന് സാറിനും ബാലഗോപാലിനും അന്നത്തെ മുഖ്യ സഹായി കെ.ജി. വാദ്ധ്യാര്‍ക്കും അവ നന്നായി ഇഷ്ടപ്പെട്ടിരുന്നു.
സ്വപക്ഷ വിചാരങ്ങള്‍ വായിച്ചപ്പോള്‍ അക്കാലമാണ് ഓര്മ വന്നത്. അതിനിടെ അദ്ദേഹത്തിന്റെ അച്ഛന് വിദ്യാസാഗരന് മാസ്റ്ററെ പരിചയപ്പെട്ടു. അദ്ദേഹം ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായിരുന്നു അക്കാലത്തെന്നാണെന്റെ ഓര്മ. എന്റെ ഒരു പഴയ സുഹൃത്ത് എ. എസ്. രാജന്‍പിള്ള അവിടെ അധ്യാപകനായിരുന്നു. അദ്ദേഹത്തെ കണ്ടു പരിചയം പുതുക്കാന്‍ പോയപ്പോള്‍ സന്ദര്‍ഭവശാല്‍ വിദ്യാസാഗരന് മാസ്റ്ററെയും പരിചയപ്പെട്ടതായിരുന്നു. അക്കാലത്തൊരിക്കല്‍ വിശ്വഹിന്ദു പരിഷത്ത് കേരള കാര്യദര്‍ശിയായിരുന്ന ഇരവി രവി നമ്പൂതിരിപ്പാട് പറഞ്ഞ വിവരം കണ്ണുതുറപ്പിക്കുന്നതായി. കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രം കാടുകയറിക്കിടന്നതു വിശ്വഹിന്ദു പരിഷത്തിന് ലഭ്യമാക്കിയത് മാസ്റ്ററുടെ മഹാമനസ്കതയും തന്റേടവും കൊണ്ടായിരുന്നുവെന്ന കാര്യമാണ് ഇരവി രവി നമ്പൂതിരിപ്പാട് പറഞ്ഞത്. പഴയ കൊച്ചി രാജ്യത്ത് ആദ്യമായി ക്ഷേത്രപ്രവേശം അനുവദിച്ച ക്ഷേത്രങ്ങളിലൊന്ന് പാവക്കുളമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇന്ന് എറണാകുളത്തെ ഏറ്റവും ഭക്തജനത്തിരക്കുള്ള ക്ഷേത്രമാണത്. കേരളത്തിലെ ഹിന്ദു സമാജത്തിന്റെ ഇച്ഛാശക്തിയുടെ കേന്ദ്ര സ്ഥാനം കൂടി അതായിത്തീര്‍ന്നിരിക്കുന്നു. പക്ഷേ താനിതിനൊന്നും പങ്കാളിയല്ല എന്ന ഭാവത്തിലാണ് മാസ്റ്ററുടെ പെരുമാറ്റം.
ശാഖാ ചംക്രമണത്തിലൂടെ കെവിഎസ് ബിജെപിയുടെ മുഴുസമയ പ്രവര്ത്തകനെപ്പോലെയായി. യുവമോര്‍ച്ചയുടെ ചുമതലയുമുണ്ടായിരുന്നുവെന്നാണോര്മ്മ. തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ പഠനവും. അന്നത്തെ സംസ്ഥാന കാര്യാലയത്തില്‍ താമസവുമായിരുന്നു. വിപുലമായ സമ്പര്‍ക്കത്തിന് അതവസരം നല്കി, സംസ്ഥാനതലത്തിലും ദേശീയതലത്തിലും. പൂനെയില്‍ നടന്ന ബിജെപിയുടെ ഭാരതീയ പ്രതിനിധിസഭാ യോഗത്തില്‍ ജന്മഭൂമി പ്രതിനിധിയായി ഞാന്‍ നിയോഗിക്കപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി അവിടെ പത്രക്കാര്‍ക്കൊപ്പം താമസവും ഭക്ഷണവും ഏര്‍പ്പാടാക്കപ്പെട്ടു. യുവമോര്‍ച്ചാ സെക്രട്ടറിയായിരുന്ന പ്രകാശ് ജാവ്ഡേക്കര്‍ കെവിഎസിന്റെ നിര്‍ദ്ദേശ പ്രകാരം എന്നെ വന്നു കാണുകയും, ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരികയുമുണ്ടായി.
എല്‍എല്‍ബി കഴിഞ്ഞു നീതിന്യായ വകുപ്പില്‍ ടെസ്റ്റ് എഴുതി നിയമനം നേടി. പല ന്യായാധിപന്മാരും അദ്ദേഹത്തെ സഹായിയായി ലഭിക്കാന്‍ ആഗ്രഹിച്ചു. ജന്മഭൂമിയില് പത്രാധിപരായി വരാനുള്ള ക്ഷണം ലഭിച്ചപ്പോല്‍ ജോലി ഉപേക്ഷിച്ച് അവിടെയെത്തി. താന്‍ നേടിയ വിപുലമായ സമ്പര്‍ക്കം ജന്മഭൂമിക്കുവേണ്ടി പ്രയോജനപ്പെടുത്താന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഏറ്റവും നല്ല സന്ദര്‍ഭമായി പറയാവുന്നതു പരുമല ദേവസ്വം ബോര്‍ഡ് കോളജില്‍ മാര്‍ക്സിസ്റ്റുകാര്‍ എബിവിപി വിദ്യാര്‍ത്ഥികളെ അതിനീചവും, പൈശാചികവുമായ വിധത്തില്‍ കൊലചെയ്ത സംഭവത്തെ തുടര്‍ന്ന്, ആ വിവരം ദേശീയ തലംവരെ സകല തലങ്ങളിലും എത്തിക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. അതിന്റെ പ്രതിഷേധത്തിലെയും പ്രതിരോധത്തിലെയും ചാലകശക്തിയായി പ്രവര്‍ത്തിച്ചവരില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്സാരമായിരുന്നില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജി. മാരാര്‍ അന്തരിച്ചപ്പോള്‍ തുടര്‍ന്നു നടക്കേണ്ടിയിരുന്ന കാര്യങ്ങളില്‍, ജന്മഭൂമിയുടെ സംവിധാനക്രമീകരണത്തിനു പുറമേ, എല്‍.കെ. അദ്വാനിയടക്കമുള്ള കേന്ദ്രീയ നേതാക്കളെ നേരിട്ടറിയിക്കാന്‍ മാത്രമല്ല, ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ അദ്ദേഹം വരാനും സാധിച്ചതില്‍ കെവിഎസിന്റെ പരിശ്രമമുണ്ടായിരുന്നു.
സര്‍സംഘചാലക് ബാളാസാഹിബ് ദേവറസ് അന്തരിച്ച വിവരം അറിഞ്ഞപ്പോഴേക്കും അദ്ദേഹം വസതിയിലേക്കു മടങ്ങിയിരുന്നു. വിവരമറിയിച്ചപ്പോള്‍ മടങ്ങി വന്ന് രാത്രി മുഴുവന്‍ ഇരുന്നാണ് പത്രം സംവിധാനം ചെയ്തു പൂര്‍ത്തിയാക്കിയത്.
പിന്നീട് ജന്മഭൂമിക്കു പുറമേ മറ്റു പത്രങ്ങളിലും ടിവി ചാനലുകളിലും അദ്ദേഹം നിത്യസാന്നിദ്ധ്യമായി. ഞാന്‍ ജന്മഭൂമിയില് നിന്നു വിരമിച്ചശേഷം അദ്ദേഹവുമായി നേരിട്ടു ബന്ധവും സമ്പര്‍ക്കവും കുറവായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും ടിവി ചര്‍ച്ചകളിലെ സംഭാഷണങ്ങളും ശ്രദ്ധാപൂര്‍വം പിന്തുടരാറുണ്ടായിരുന്നു. അവയെല്ലാം തന്നെ താല്‍ക്കാലിക പ്രസക്തി മാത്രമുള്ളവയല്ല എന്ന് തോന്നിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ വന്ന ഉപന്യാസങ്ങള്‍ എല്ലാം തന്നെ അക്കാര്യം വിളിച്ചോതുന്നുണ്ടുതാനും. അതുകൊണ്ടുതന്നെയാവണം, ചാനല്‍ ചര്‍ച്ചകളിലെ പങ്കാളികള്‍ വിയോജിക്കുമ്പോഴും ആദരവ് കൈവിടാത്തത്.
ഓരോ ലേഖനവും അവസരോചിതവും യുക്തിഭദ്രവും, ദേശീയ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നതും ശ്രദ്ധേയവുമാകുന്നു. അവിടെ ഭാവാത്മക വീക്ഷണം അതീവ പ്രധാനമാണ്. ഈ കൃതി ആര്‍ക്കു സമര്പ്പിക്കണമെന്നതിനെപ്പറ്റി അദ്ദേഹത്തിന് സംശയമേതുമുണ്ടായില്ല. പി. പരമേശ്വര്‍ജിക്കു തന്നെ. രാഷ്ട്രീയമായും ആശയപരമായും വ്യത്യസ്തവീക്ഷണം പുലര്‍ത്തുന്ന പരിണതപ്രജ്ഞനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പുസ്തകം അവതരിപ്പിച്ചിരിക്കുന്നു. കെവിഎസുമായി ആശയരംഗത്തെ വിയോജിപ്പും അതേസമയം അദ്ദേഹത്തോടുള്ള ആദരവും വ്യക്തമാക്കിക്കൊണ്ട്.
പൊതുരംഗത്തും ദേശീയ വിക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും അത്യാവശ്യമായി വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇത്. വിശേഷിച്ചും ജന്മഭൂമി വായനക്കാരന് എന്ന് അഭിപ്രായമുണ്ട്. അവയില്‍ കൈകാര്യം ചെയ്ത ഓരോ വിഷയവും നിഷ്കര്ഷയോടെയാണവതരിക്കപ്പെട്ടിരിക്കുന്നത്. മലയാള ഭാഷ ഉപയോഗിക്കുന്നതിലെ ചാതുര്യം വഷളായി വരുന്ന ഇന്നത്തെ കാലത്ത് മാനകഭാഷയ്ക്കു മാതൃകയായും ഈ ലേഖനങ്ങളെ കാണാമെന്നു തോന്നുന്നു. കെവിഎസിന്റെ മറ്റു ലേഖനങ്ങളും നഷ്ടപ്പെടാതെ പുസ്തക രൂപത്തിലാക്കുന്നത് മലയാളത്തിലെ, രാഷ്ട്രീയ, സാമൂഹ്യ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും നിസ്സംശയമാണ്. നാലുപതിറ്റാണ്ടിലേറെയായി ആദരപൂര്‍വം മനസ്സില്‍ കൊണ്ടുനടക്കുന്ന ആ പ്രേഷ്ഠ സുഹൃത്തിന്റെ സമ്മതം വാങ്ങാതെയാണീ കുറിപ്പ് എഴുതുന്നത്. അദ്ദേഹം പൊറുക്കുമെന്ന പ്രതീക്ഷയോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: