ആഴ്ച അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളുമായി ഹൃദയസംവാദം നടത്തും. മന് കി ബാത്. വായനയുടെയും ഔപചാരികവിദ്യാഭ്യാസത്തിന്റെയും അകത്തളങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ഇടംപിടിക്കാനാകാതെ പോയ ഗ്രാമീണരോട് അദ്ദേഹം തന്റെ മനസ്സ് തുറക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ കിടമത്സരങ്ങള്ക്കല്ല, രാഷ്ട്രബോധത്തിന്റെ കളങ്കലേശമില്ലാത്ത സമര്‍പ്പണത്തിനായി അവരോട് ആഹ്വാനം ചെയ്യും. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കരുതലുകള്‍ക്ക് പിന്തുണ ചോദിക്കും. അജ്ഞരെ, അവശരെ, ആര്ത്തരെ തുണ ചെയ്തൊപ്പമുയര്ത്താമെന്ന് ജനങ്ങളോട് ചേര്‍ന്നുനിന്ന് വാക്ക് നല്‍കും. വലിയ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരെ കുറിച്ച് ലോകത്തോട് പ്രധാനമന്ത്രി വിളിച്ചു പറയും. അവരുമായി നേരിട്ട് സംവദിക്കും.
അത്തരമൊരു ഞായറാഴ്ചയിലാണ് തൂത്തുക്കുടിയിലെ മില്ലേര്പൂരത്തിലെ ബാര്‍ബര്‍ഷോപ്പിലേക്ക് പ്രധാനമന്ത്രിയുടെ വിളി വന്നത്. ”പൊന്‍ മാരിയപ്പന്‍ജി… വണക്കം… നല്ലാ ഇരിക്കീങ്കളാ..” എന്ന കുശലത്തോടെ പ്രധാനമന്ത്രി ലോകത്തെയാകെ തൂത്തുക്കുടിയിലെ ആ നിരത്തുവക്കില്‍ പ്രവര്‍ത്തിക്കുന്ന മുടിവെട്ടുകടയിലേക്ക് വിളിച്ചുവരുത്തി. മന് കി ബാത്തുകളിലൂടെ ലോകശ്രദ്ധ നേടുന്ന സാധാരണക്കാര്‍ക്കിടയിലെ അസാധാരണന്മാരില് ഒരുവനാവുകയായിരുന്നു പൊന്‍ മാരിയപ്പനും. വണക്കം മാന്യവര പ്രഥമരയ്യാ… എന്ന പ്രത്യഭിവാദ്യത്തില്‍ പൊന്‍ മാരിയപ്പന് പൊന്നിനേക്കാളും വിലയുള്ളവനായി മാറി…..
പട്ടിണിയും പരിവട്ടവും വലച്ച കുട്ടിക്കാലത്തിന്റെ പരാധീനതകളെ മറികടക്കാന്‍ വരച്ചും കുറിച്ചും വായിച്ചും സ്വന്തമാക്കിയ അക്ഷരകൗതുകങ്ങളില് സ്വയം ലയിച്ചതാണ് മാരിയപ്പനെ നാടിന് പൊന്‍ മാരിയപ്പനാക്കിയത്. പഠിക്കാന്‍ ഏറെ കൊതിച്ചിട്ടും പട്ടിണി വരച്ച വരയ്ക്കപ്പുറം വിധി അവനെ പഠിപ്പിച്ചില്ല. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി കത്രികയും ചീര്‍പ്പുമായി പൊന്‍ മാരിയപ്പന് നിരത്തിലിറങ്ങി. തന്റെ പ്രായത്തിലുള്ളവര്‍ പഠിച്ച്, മിടുക്കരായി മുന്നിലൂടെ കടന്നുപോകുന്നത് കണ്ടപ്പോള്‍ അവന് കൊതിയടക്കാനായില്ല.
മുടി നീണ്ടുവളര്ത്തി മുന്നിലെത്തിയവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ ഒപ്പം കരുതിയ ഓഡിയോ പ്ലെയറിലൂടെ കേട്ട പ്രസംഗങ്ങള്‍ മാരിയപ്പനെ പുതിയ വഴിയിലേക്ക് തിരിച്ചുവിട്ടു. എപിജെ അബ്ദുള്‍ കലാമും സുഖി ശിവവും തമിഴരുവി മണിയനുമൊക്കെ അവന് ഗുരുനാഥന്മാരായി. പള്ളിക്കൂടം തരാത്ത അറിവ് പുസ്തകങ്ങള്‍ നല്‍കുമെന്ന് മാരിയപ്പന് കണ്ടെത്തി. പണിയെടുത്തുകിട്ടുന്ന പണത്തില്‍ നിന്ന് അവന് പുസ്തകങ്ങള്‍ വാങ്ങാന്‍ തുക വകയിരുത്തി. വായന അവന് മുന്നില്‍ വിശാലമായ ലോകം തുറന്നിട്ടു.
തൂത്തൂക്കുടിയിലെ തെരുവോരത്ത് സ്വന്തമായി തുടങ്ങിയ സലൂണില്‍ ഊഴം കാത്തിരിക്കുന്നവരുടെ കൊച്ചുവര്‍ത്തമാനങ്ങളില്‍ മാരിയപ്പന് സഹതപിച്ചു. ലോകം മുന്നേറുമ്പോഴും തന്റെ ഗ്രാമവാസികള്‍, ഒപ്പം നടന്നവര്‍ കാര്യമില്ലാത്ത കാര്യങ്ങളെച്ചൊല്ലി തര്‍ക്കിച്ചും കലഹിച്ചും നേരംപോക്കുന്നത് മാരിയപ്പന് വേദനയായി. തന്റെ സലൂണിന്റെ ഒരു കോണില്‍ താന്‍ വായിച്ച പുസ്തകങ്ങള്‍ അവന് അവര്‍ക്കായി മാറ്റിവെച്ചു. ലോകമറിഞ്ഞവരുടെ അനുഭവങ്ങള്‍ വായിക്കാന്‍ മാരിയപ്പന് അവരോട് പറഞ്ഞു. പിന്നേ…. പുസ്തകം വായിക്കാഞ്ഞിട്ടാണ് ഇനി എന്ന് പുച്ഛിച്ചവരോട് മാരിയപ്പന് പുതിയ ഓഫര്‍ വെച്ചു. സലൂണിലിരിക്കുന്ന സമയമത്രയും പുസ്തകം വായിച്ചാല്‍ മുടി വെട്ടുന്നതിന് മുപ്പത് ശതമാനം ഡിസ്കൗണ്ട്…. എന്നിട്ടും വായിക്കാത്തവര്‍ക്കായി അവന് ഭാരതിയാരുടെ, അബ്ദുള്‍കലാമിന്റെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചു…
അങ്ങനയങ്ങനെ മില്ലേര്പുരത്തുകാര് പുസ്തകങ്ങളെ സ്നേഹിച്ചുതുടങ്ങി. പൊന്‍ മാരിയപ്പന്റെ സലൂണ്‍ ഒരു വലിയ ലൈബ്രറി കൂടിയായി മാറി. എണ്ണൂറിലേറെ പുസ്തകങ്ങള്‍….. മുടിവെട്ടുന്നവരും വെട്ടാത്തവരും വിദ്യാര്‍ത്ഥികളും അല്ലാത്തവരുമൊക്കെ മാരിയപ്പന്റെ ലൈബ്രറി കം സലൂണിലെ നിത്യസന്ദര്‍ശകരായി….
പൊന്‍മാരിയപ്പനോട് മാനനീയ പ്രഥമര്കള് ചോദിച്ചു, മാരിയപ്പന് ഉങ്കള്ക്ക് എന്ത പുസ്തകം പിടിക്കും? സംശയമുണ്ടായിരുന്നില്ല മാരിയപ്പന്…. തിരുക്കുറള്‍ താന്‍ എനിക്ക് പ്രിയം പ്രഥമര്കളേ….
ഒരു സംസ്കാരത്തിന്റെ അടയാളവാക്യമാണ് പൊന്മാരിയപ്പന്. തൂത്തുക്കുടിയിലെ തെരുവില്‍ ജീവിക്കുമ്പോഴും അറിവുതേടിയുള്ള പ്രയാണത്തില്‍ ഏര്‍പ്പെടുന്ന യഥാര്‍ത്ഥ ഭാരതീയന്. അറിവേറെ പകരുന്ന കുറളുകളില്‍ മനസ്സ് അര്പ്പിച്ചവന്. എത്ര അന്തസ്സോടെയാണ് തിരുക്കുറള്‍ താന്‍ എനിക്ക് പ്രിയം എന്ന് എട്ടാം ക്ലാസ് പഠിപ്പ് മാത്രമുള്ള ആ ഗ്രാമീണന് രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് വിളിച്ചുപറഞ്ഞത്. ഒറ്റ മറുപടി കൊണ്ട് മുഴുവന്‍ തമിഴകത്തിന്റെയും ഗരിമയെയാണ് പൊന്‍ മാരിയപ്പന് ലോകസമക്ഷം അവതരിപ്പിച്ചത്.
പൊന്‍ മാരിയപ്പന് ഭാരതത്തിന് മനസ്സാണ്. മനസ്സിന്റെ വര്‍ത്തമാനമാണ്. അങ്ങനെയെത്രയോ മാരിയപ്പന്മാരാണ് ചാണ കാണാതെ ഈ മാതാവിന് മടിത്തട്ടില്‍ ഇനിയുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: