അബുദാബി: രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച ക്രിസ് ഗെയ്ലിന് പിഴ. മത്സരത്തുകയുടെ പത്ത് ശതമാനമാണ് പിഴ ഈടാക്കുക. മത്സരത്തിനിടെ 99 റണ്‍സിന് പുറത്തായതിനെ തുടര്‍ന്ന് നിരാശനായ ഗെയ്ല് ബാറ്റ് വലിച്ചെറിഞ്ഞതാണ് തിരിച്ചടിയായത്. കുറ്റം സമ്മതിച്ച ഗെയ്ല് ശിക്ഷയും സ്വീകരിച്ചു.
സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെവച്ച് പുറത്തായതാണ് ഗെയ്ലിനെ നിരാശനാക്കിയത്. ടി20യില്‍ മറ്റൊരു സെഞ്ചുറി കൂടിയാണ് ഗെയ്ലിന് നഷ്ടമായത്. 99 റണ്‍സ് എടുത്ത നില്‍ക്കെ ഈ കിങ്സ് ഇലവന് പഞ്ചാബ് ബാറ്റ്സ്മാന് രാജസ്ഥാന് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ഈ ഇന്നിങ്സിനിടെ ടി20യില്‍ 1000 സിക്സറും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. നാനൂറിലേറെ ടി20 മത്സരങ്ങളും കളിച്ച ഗെയ്ല് 13000 റണ്‍സും നേടിയിട്ടുണ്ട്.
ഗെയ്ലിന്റെ സെഞ്ചുറിക്കടുത്ത പ്രകടനം ടീമിന് വിജയം സമ്മാനിച്ചില്ല. രാജസ്ഥാന് റോയല്‍സിനോട് ഏഴു വിക്കറ്റിന് പഞ്ചാബ് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റിന് 185 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് റോയല്‍സ് 17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 186 റണ്‍സ് എടുത്തു. ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്സിന്റെയും (26 പന്തില്‍ 50) മലയാളി താരം സഞ്ജു സാംസണിന്റെയും (25 പന്തില്‍ 48) തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 13 മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന് നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: