പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ റബ്ബര്‍ മേഖലക്ക് ഉണര്‍വ്വേകുന്നു. രണ്ടാഴ്ചക്കിടെ റബ്ബര്‍ വില 130ല്‍ നിന്ന് 160ലെത്തി. സ്വാശ്രയ ഭാരതം എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയം ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചൈന വന്‍തോതില്‍ റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതുമാണ് വിലവര്‍ധനവിന് കാരണം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇറക്കുമതിക്ക് 25 ശതമാനം തീരുവയും 7.5 ശതമാനം സെസുകളും ഏര്‍പ്പെടുത്തിയിരുന്നു. ഗാട്ട് കരാര്‍ പ്രകാരം 25 ശതമാനമാണ് പരമാവധി തീരുവ ഏര്‍പ്പെടുത്താന്‍ സാധിക്കുക. മുന്‍ സര്‍ക്കാരുകള്‍ അഞ്ച് ശതമാനമായിരുന്നു ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നത്.
റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ഇപ്പോള്‍ സെസ് ഉള്‍പ്പെടെ 32.5 ശതമാനം നികുതി നല്‍കണം. ഇതിനുപുറമേ തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതിക്കും നിയന്ത്രണമുണ്ട്. ഇറക്കുമതിയില്‍ പരമാവധി തീരുവകള്‍ ഏര്‍പ്പെടുത്തുകയും തുറമുഖ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ഇടയാക്കി. കൂടാതെ ചൈനയില്‍ നിന്നുള്ള ടയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഭ്യന്തര കമ്പനികള്‍ വന്‍തോതില്‍ റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതും വില ഉയരുന്നതിന് ഇടയാക്കി.
നേരത്തെ ചൈനയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ടയറുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദനം കുറച്ചിരുന്നു. ഇത് റബ്ബറിന്റെ അഭ്യന്തര ഉപഭോഗത്തെയും ബാധിച്ചു. മുമ്പ് നികുതി അടച്ച് എത്ര അളവില്‍ വേണമെങ്കിലും ടയര്‍ ഇറക്കുമതി ചെയ്യാമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ചൈനീസ് സെക്കന്റ് ടയറുകളുടെ കുത്തൊഴുക്കായിരുന്നു. സാധാരണ നിലയില്‍ അന്താരാഷ്ട്ര വില ഉയരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തീരുവ കുറച്ച് നല്‍കിയിരുന്നു. ഇത് കൃഷിക്കാരെ ദോഷകരമായി ബാധിച്ചിരുന്നു.
കടുത്ത നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിച്ചതോടെ റബ്ബര്‍ മേഖലയ്ക്ക് പുതിയ ഉണര്‍വ്വാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആദായം ലഭിക്കുന്ന സമയത്തു തന്നെ വില ഉയര്‍ന്നിരിക്കുന്നത് നേട്ടമായെന്ന് കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ കാലാവസ്ഥാ പ്രശ്നങ്ങള്‍ കൊണ്ട് ഉത്പാദനം കുറഞ്ഞത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: