(അവതാര പുരുഷന്മാരുടെ ജന്മംകൊണ്ടു പ്രശസ്തവും പാവനവുമായ അയോദ്ധ്യ, മഥുര എന്നിവ പോലെ ആദിശങ്കരന്റെ അവതാരംകൊണ്ടു പ്രസിദ്ധമായിത്തീര്‍ന്ന കാലടിയുടെ പൂര്‍വകാല സ്മൃതി അയവിറക്കുന്ന കവിത.)
ഭാര്ഗ്ഗവക്ഷേത്രമാമിക്കേരളത്തിന്റെ
ഭാഗ്യവിശേഷം നിനയ്ക്കിലശേഷവും
ആര്ക്കുമഭിമാനമേകിടും-ആ നാമ-
മോര്‍ക്കാം നമിക്കാം ‘ജഗദ്ഗുരുശങ്കരന്’
ആയിരത്താണ്ടുകള്ക്കപ്പുറമീമണ്ണി-
ലാണവതാരം ഒരത്ഭുത സംഭവം
കാലടി ഗ്രാമമേ! ബാലകന് ശങ്കരന്
കാലുകളര്പ്പിച്ച നാടേ ജയിക്ക നീ
സര്‍വ്വജ്ഞനീശ്വരന്‍ ദീപം പകര്‍ന്നിതു
സര്വംസഹയ്ക്കു സഹസ്രാംശുസന്നിഭന്.
പാഷണ്ഡമത്തഗജങ്ങള്ക്കു കാഷായ-
വേഷം ധരിച്ചൊരു വേദാന്ത കേസരീ,
വേദപ്പൊരുളായൊരുദൈ്വത വേദാന്ത-
മാ ദിവ്യനേകിനാ നീ ജഗതത്താകവേ
ചണ്ഡാളനെത്തന് ഗുരുവായ് വരിച്ചൊരു(1)
ചണ്ഡപരാക്രമന്‍ ദേശികനുത്തമന്
സര്വജ്ഞപീഠാധിരൂഢനായ് നാസ്തിക-
ഗര്‍വം ശമിപ്പിച്ച ലോകൈക വിശ്രുതന്‍
നാമസ്മരണവിശുദ്ധിക്കു ശങ്കര-
നാമം ജപിക്ക നീ ഭാര്ഗ്ഗവക്ഷേത്രമേ.
ഭൂതകാലസ്മൃതി മോഹനം, മര്‍ത്ത്യരെ
പ്പൂതരാക്കീടുന്ന പൂര്ണാനദീതടം
ഭൂതിപ്രദം, യാത്ര ചെയ്യാം നമുക്കൊരു
ഭൂതകാലാകാശയാനം സുഖപ്രദം.
നക്രഭയം പണ്ടൊരമ്മയ്ക്കു പുത്രനെ
നഷ്ടമാക്കിത്തീര്‍ത്ത നിര്‍മല വാഹിനി,(2)
ആ മഹാധന്യയാമമ്മയ്ക്കു നിഷ്കൃതി-
കാമനായ് നിര്വാണമേകിയ പുത്രനും, (3)
ധന്യയാമമ്മതന് ഭൗതിക ശിഷ്ടങ്ങള്‍
വിന്യസിച്ചുള്ള ശിലാലിഖിതസ്ഥലം,(4)
ദേവിയാം ശാരദാംബയ്ക്കുള്ള മന്ദിരം
പാവനം വാഹിനീതീരേ മനോഹരം.
സപ്തമാതാക്കള്ക്കു മധ്യത്തില്‍ ദേവിയും
‘ശപ്തമല്ലിസ്ഥലം’ ഓതുന്നുമൂകയായ്.
ശങ്കരക്ഷേത്രം സമീപമായ്, സംസാര-
സങ്കടഭേഷജം ചിത്രകഥാങ്കിതം,
ഭക്തലോകത്തിന് വരദാനമായൊരു
മുക്തിപ്രദീപകം കാഞ്ചനവിഗ്രഹം
ഭംഗിയേറീടുന്ന ദൃശ്യങ്ങളീവിധം
ശൃംഗേരിനാഥ വിനിര്‍മ്മിതം കാണ്മതും.
കാലയവനികയ്ക്കുള്ളിലായ് നീണ്ടൊരു
കാലം മറന്നുകിടന്നൊരീ നാടിനെ
തട്ടിയുണര്‍ത്തുവാന്‍ വീണ്ടും ജനക്ഷേമ-
തല്പ്പരരായവരെത്തിനാര് രണ്ടുപേര്‍,
ദിഗ്വിജയം ചെയ്തു തന്ജന്മദേശത്തു
തക്ക സമയത്തിനെത്തീ തപോധനന്
ആഗമാനന്ദനാണാ മഹാന്, നാടിന്റെ
ഭാഗധേയാംബുധിയാകും യശോധനന്‍
ശ്രീ വിവേകാനന്ദസന്ദേശ വാഹകന്
സേവാനിരതനാചാര്യന് ഗുരുവരന്‍
പേരും പെരുമയുമേറുന്ന മറ്റൊരു
പേരുണ്ടു ചൊല്ലാം പറയത്തു ജന്മിമാര്
ഗോവിന്ദമേനവന് സമ്മതന്, ഏതിനും
പോരുന്ന നായകന് ദാനശീലാഗ്രിമന്
ശക്തിയോടൊത്തു ശിവനെന്നപോലെ സം-
യംക്തുരായ് വന്നിതു ദൈവവശാലിവര്.
ആലസ്യമുക്തമായീടുവാന്, നാടിന്നൊ-
രാലംബഭൂതരായ് വന്നാരിരുവരും
ഗ്രാമം-ചരിത്രമുറങ്ങുന്ന കാലടി-
ഗ്രാമമുണര്‍ന്നു പ്രബുദ്ധമായ് കേരളം
ഭീതനാം പാര്ത്ഥനുഭാരതായോധനേ
ഗീതയെച്ചൊല്ലിക്കൊടുത്ത യോഗേശ്വരന്
ക്ഷേത്രജ്ഞനായൊരു കൃഷ്ണന് വിളങ്ങിടും
ക്ഷേത്രം പുരാതനമൊന്നത്ര കണ്ടിടാം
തന് കുരുക്ഷേത്രമായ് കേരളം ചിത്തത്തി-
ലങ്കിതമായുള്ളൊരുത്തരന് ധനുര്ദ്ധരന്,
ആഗതനായിതു കാഷായവേഷനാ-
മാഗമാനന്ദനാചാര്യന് ഗുരുവരന്‍.
ധന്യനാം ഗോവിന്ദമേനവനാല് ദത്ത-
മന്യൂന പുണ്യപൂര്ണസ്ഥലമന്തികേ
രാമകൃഷ്ണാശ്രമമൊന്നുയര്ന്നു തത്ര
രാമരാജ്യത്തിന്റെ കാഹളഗേഹമായ്
വിദ്യാലയങ്ങളാണൊട്ടേറെ, വേദാന്ത-
വിദ്യാഗുരുകുലം സേവാലയങ്ങളും
ശങ്കരകീര്ത്തി ധ്വജസ്തംഭമെന്നപോല്
മംഗളദായകം വന്നു കലാലയം
മാധവസേവയ്ക്കു മാനവസേവയായ്
മാതൃകാമന്ദിരമാകുമീയാശ്രമം
പാപവിമോചനതീര്ത്ഥം തളിച്ചിതു
ശാപമോക്ഷം-ദൃഢം-കാലടിക്കോതിടാം.
- മനീഷാ പഞ്ചകത്തിന്റെ പശ്ചാത്തല സ്മരണ
- മുതലക്കടവ്
- മാതൃപഞ്ചകത്തിന്റെ പശ്ചാത്തല സ്മരണ.
- ആര്യാംബയുടെ അസ്ഥിത്തറ
ചെമ്പില്‍ എന്‍.ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: