ഡാലസ് : ഡാലസ് കൗണ്ടിയിൽ ബുധനാഴ്ച 624 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതു തുടർന്നാൽ നവംബർ മൂന്നാം വാരം, താങ്ക്സ് ഗിവിങ്ങ് സമീപിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം പ്രതിദിനം 1000 ആയി വർധിക്കുമെന്ന് കൗണ്ടി ജഡ്ജി ക്ലെ ജന്നിംഗ്സ് മുന്നറിയിപ്പ് നൽകി.
ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പാർക്കലാന്റ് ആശുപത്രിയിൽ കോവിഡ് 19 യൂണിറ്റിൽ 114 മുറികൾ ഉണ്ടായിരുന്നത് ഇരട്ടി വർധിപ്പിച്ചതായി പാർക്ക്‌ലാന്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തേക്കാൾ ഇരട്ടി ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുപ്പതു പേർ വെന്റിലേറ്ററിലാണെന്നും അധികൃതർ പറഞ്ഞു. ഡാലസ് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയതാണ് രോഗം വർധിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: