കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പങ്കാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് ഇത്രയും കാലം മുഖ്യമന്ത്രി ശ്രമിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കും സിപിഎം ഓഫീസിനും സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കുണ്ട്. ശിവശങ്കറിനെ സിപിഎം ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണ കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എകെജി ഭവനിലേക്ക് പോവുകയാണ്. ശിവശങ്കര്‍ സത്യം പറഞ്ഞാല്‍ മന്ത്രിസഭ തകരും. സിപിഎം പിരിച്ചു വിടേണ്ടി വരും. സിപിഎം എംഎല്‍എ കാരാട്ട് റഫീക്കിന്റെ പങ്കും പുറത്തു വന്നിരിക്കുകയാണ്. ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് ബന്ധത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇനി പിരിച്ചു വിടുന്നതാണ് നല്ലത്. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ച് നില്ക്കുമ്പോള് കേരളത്തില്‍ എന്തുകൊണ്ട് സിപിഎമ്മും കോണ്‍ഗ്രസും ഭിന്നിച്ചു നില്‍ക്കുന്നത്. മൗലികമായി എന്ത് വിത്യാസമാണ് കേരളത്തില്‍ ഇവര്‍ രണ്ടുപേരും തമ്മിലുളളത്. ഇത് പൊറാട്ട് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലടക്കം സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണം. നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് സംസ്ഥാനത്തെ ദേശീയ പാതയില്‍ ബിജെപി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നില്പ് സമരം സംഘടിപ്പിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎ മുന്നണിയിലെ സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ യുഡിഫ് നിലപാട് വ്യക്തമാക്കണമെന്നും കോണ്ഗ്രിസിന്റെ നിലപാടിന് വിരുദ്ധമായി നല്ക്കുന്ന ലീഗിനെ മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ സംഘങ്ങളെ കൂട്ടുപിടിച്ചു സംസ്ഥാനത്താകമാനം മുസ്ലിം വോട്ടുകള്‍ തട്ടിയെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: