കാസര്‍കോട്: വേദമന്ത്രധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 14-മത് എടനീര്‍ മഠാധിപതിയായി സ്വാമി സച്ചിദാനന്ദഭാരതി പീഠാരോഹിതനായി. മഠം സന്നിധിയില്‍ നടന്ന ഭക്തിനിര്‍ഭരവും ആഹ്‌ളാദകരവുമായ ചടങ്ങിലാണ് സച്ചിദാനന്ദഭാരതിയുടെ പീഠാരോഹണം നടന്നത്.
കാഞ്ചി കാമകോടി ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യ പരമ്പരയില്‍പ്പെട്ട എടനിര്‍ മഠാധിപതിയായി 11.47ന് സ്വാമി സച്ചിദാനന്ദഭാരതി പീഠാരോഹണം ചെയ്തു. കഴിഞ്ഞ 25 മുതല്‍ അരിയാഹാരം ഉപേക്ഷിച്ചുള്ള ദീക്ഷയിലായിരുന്നു സ്വാമി സച്ചിദാനന്ദ ഭാരതി. പീഠാരോഹണശേഷം അദ്ദേഹം ഭിക്ഷ നല്‍കി വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി.
രാവിലെ മഠത്തില്‍ 108 നാളീകേരത്തിന്റെ മഹാഗണപതിഹോമം, ചാണ്ഡികാഹോമം എന്നിവ നടന്നു. ദക്ഷിണാമൂര്‍ത്തി, ഗോപാലകൃഷ്ണ ദേവന്‍മാരെ ശ്രീകോവിലിനകത്തേക്ക് എഴുന്നള്ളിച്ച് ശുദ്ധിപുണ്യാഹങ്ങളോടുകൂടി പൂജ നടത്തി. കഴിഞ്ഞ സെപ്തംബര്‍ 5 നാണ് അവസാനമായി കേശവാനന്ദഭാരതി സ്വാമികള്‍ ഈ ദേവന്മാര്‍ക്ക് പൂജ നടത്തിയത്. ഗംഗ, കാവേരി തുടങ്ങിയ സപ്തതീര്‍ത്ഥങ്ങളും ഗണപതിഹോമ കലശം, ചാണ്ഡികാഹോമ കലശം എന്നിവയും കൊണ്ട് സച്ചിദാനന്ദ ഭാരതിയെ അഭിഷേകം ചെയ്തു. പീഠാരോഹണ പട്ടാഭിഷേക ചടങ്ങുകള്‍ക്ക് കാഞ്ചി കാമകോടി മഠത്തിലെ മുഖ്യപുരോഹിതന്‍ ഭരണേന്ദ്രശാസ്ത്രികളും എടനീര്‍ മഠത്തിലെ മുഖ്യപുരോഹിതന്‍ ചക്രപാണിദേവ പുഞ്ചിത്തായയും നേതൃത്വം നല്‍കി.
പാലിമാര്‍ മഠാധിപതി ശ്രീ ശ്രീ വിദ്യാദീശ സ്വാമികള്‍, സുബ്രഹ്മണ്യ മഠാധിപതി ശ്രീ വിദ്യാപ്രസന്ന സ്വാമികള്‍, തിരുവനന്തപുരം മുഞ്ചിറ മഠത്തിലെ പരമേശ്വര ബ്രഹ്മാനന്ദ സ്വാമിജി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ആനന്ദാശ്രമത്തിലെ സ്വാമി മുക്താനന്ദ, കൊല്ലൂര്‍ മുകാംബികാ ക്ഷേത്രത്തിലെ മുഖ്യപുരേഹിതന്‍ നരസിംഹ അഡിഗ, സുബ്രഹ്മണ്യ അഡിഗ, കട്ടീല്‍ ദുര്‍ഗ്ഗാ പരമേശ്വര ക്ഷേത്രത്തിലെ ഹരിനാരായണ അസ്രണ്ണ, കമലാദേവി അസ്രണ്ണ, എടനീര്‍ മഠം തന്ത്രി ഉച്ചില്ലത്തായ പത്മനാഭ തന്ത്രി, കര്‍ണ്ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ പൂജാരി, ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പീഠാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക