‘എന്താണൊരു രാഷ്ട്രം? ഏതാണു നമ്മുടെ മാതൃദേശം? അത് ഒരു തുണ്ട് ഭൂമിയല്ല, അതൊരുവാഗ്രൂപമല്ല, ഒരു കല്പിത കഥയുമല്ല. അതൊരു മഹാശക്തിയാണ്, ഈ രാഷ്ടത്തിന്റെ ദശലക്ഷക്കണക്കിനു വരുന്ന ഏകകങ്ങളുടെ സഞ്ചിതശക്തി. കോടാനുകോടി ദേവതകളുടെ ശക്തികള്‍ ഒരു ബലകേന്ദ്രത്തിലേക്കു ഏകീകരിക്കപ്പെട്ടപ്പോള്‍ അവതീര്‍ണ്ണയായ മഹിഷാസുരമര്‍ദ്ദിനിയെപ്പോലെ. ഭാരതമെന്നു നാം വിളിക്കുന്നത് നൂറ്റിമുപ്പത്തഞ്ചു കോടി ജനങ്ങളുടെഐക്യശക്തിയായ ഭവാനി ഭാരതിയെയാണ്.” മഹര്‍ഷി അരവിന്ദന് രാഷ്ട്രത്തെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്.
ഓരോ വിജയദശമിയും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഈ സത്യമാണ്. ബാഹ്യമായ അര്‍ത്ഥത്തില്‍ ശക്തിസംയോജനത്തിന്റേയും ആന്തരമായ അര്‍ത്ഥത്തില്‍ ആത്മവത്തയുടെ രൂപത്തിലുള്ള ശക്തിയുടെ ഉദ്ദീപനവുമാണ് നവരാത്രി സാധനയും പത്താം നാളുള്ള ധര്‍മ്മ വിജയവും. വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സമഷ്ടിതലത്തിലുള്ള സംഘടനാശക്തി വ്യക്തിഗതമായുള്ള സംസ്കരണത്തിലൂടെ സ്വത്വത്തിന്റെ തിരിച്ചറിവും. ഈ മൂന്നു കാര്യങ്ങളും, അതായത് സംഘടന, സംസ്കരണം, സ്വത്വാവിഷ്കരണം ഒരേലഗ്നത്തില്‍ സംഭവിക്കുന്നതാണ്. ഒന്നൊന്നിനു പിന്നാലെ അല്ല. സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ ഒരു സംഭവം ഈ വസ്തുതയെ വ്യക്തമാക്കുന്നുണ്ട്.
ദിഗ്വിജയാനന്തരം സ്വാമിജി തിരിച്ചെത്തിയ സന്ദര്‍ഭം. കൊളോംബൊ മുതല്‍ അല്‍മോറ പ്രസംഗ പര്യടനത്തിനിടയില്‍ ചെന്നൈയില്‍ നടന്ന സ്വീകരണയോഗത്തില്‍ ”അങ്ങെന്തുകൊണ്ടാണ് സ്വാതന്ത്ര്യ സമരത്തിനു പ്രത്യക്ഷ നേതൃത്വം നല്‍കാത്തത്?” എന്ന് ഒരു യുവാവ് സ്വാമിജിക്കു നേരെ ചോദ്യമെറിഞ്ഞു്, ”ഞാന്‍ ഇറങ്ങാം, നേതൃത്വം നല്‍കുകയും ചെയ്യാം അത്രമാത്രമല്ല നാളെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്യാം”. അല്പവിരാമത്തിനു ശേഷം സ്വാമിജി ഒരു മറുചോദ്യം ഉയര്‍ത്തി, ”അതെ, ഞാന്‍ നാളെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം വാങ്ങി തരാം, പക്ഷെ അതു സംരക്ഷിക്കുവാന്‍ നിങ്ങള്‍ക്കാവുമോ”. അപ്രതീക്ഷിതമായ ആ ചോദ്യത്തിനുത്തരമില്ലാതെ ശ്രോതാക്കള്‍ പരസ്പരം നോക്കി. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം സ്വാമിജി തന്നെ ആ ചോദ്യത്തിനുത്തരം നല്കി. ഒരു രാഷ്ട്രമെപ്പോഴാണ് സ്വാത്രന്ത്യത്തിനുള്ള അര്‍ഹത നേടുന്നത്. ആ രാഷ്ട്രത്തിലെ ജനങ്ങള്‍ അതിനെ സൃഷ്ടിച്ച ആദര്‍ശത്തെ കേന്ദ്രബിന്ദുവാക്കി ഒന്നായിതീര്‍ന്ന് ഒരു മനുഷ്യനെപോലെ രാഷ്ട്ര മോചനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്, അപ്പോഴാണ് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതും അതു സംരക്ഷിക്കാനുള്ള കരുത്ത് ഉണ്ടാകുന്നതും. സ്വാതന്ത്ര്യ ലബ്ധിയോടൊപ്പം സംരക്ഷണത്തിനും സംവര്‍ദ്ധനത്തിനുമാവശ്യമായ ശക്തി സ്വത്വബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘടനയിലൂടെയും മന:സംസ്കരണത്തിലൂടെയും ആണ്സംഭവിക്കുന്നതെന്ന് ചുരുക്കം. ഇവ ഒരേകാലത്തില്‍ നടക്കുമെങ്കിലേ പൂര്‍ണ്ണ വിജയം ലഭിക്കൂ.
മഹിഷാസുരമര്ദ്ദിനിയുടെ അവതാര കഥയും ഇതു തന്നെയാണ് നമുക്കു പറഞ്ഞുതരുന്നത്. തൊണ്ണൂറ്റഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സംഘ സ്ഥാപനത്തിന്റെ തത്വവും വേറൊന്നല്ല. മറ്റൊരര്‍ത്ഥത്തില്‍ നോക്കിയാല്‍ 1897 ല്‍ സ്വാമിജി ഉയര്‍ത്തിയ അങ്ങേയറ്റം പ്രസക്തമായ ചോദ്യത്തിന്റെ ഉത്തരം കൂടി ആയിരുന്നു സംഘസ്ഥാപനം. സ്വത്വ ബോധത്തിന്റെ ഉറച്ച അടിത്തറയില്‍ സംഘടന കെട്ടിപ്പടുക്കന്നതിനോടൊപ്പം സംഘടനയെ വ്യക്തി സംസ്കരണത്തിന്റെ സാധനാസ്ഥലിയാക്കിയുള്ള മുന്നേറ്റം, അതാണല്ലൊ സംഘം. ഇതു നമ്മുടെ രാഷ്ട്രത്തിന്റെ സൃഷ്ടിയുടേയും നിലനില്‍പ്പിന്റേയും കാരണവുമാണ്. വൈദികവും അവൈദികവുമായ നമ്മുടെ ദര്‍ശനസാരമത്രയും പറയുന്നത് സംഘടന, സംസ്കരണം, സ്വത്വം, ഈ ത്രിതത്വമാണ്. തെല്ലും മങ്ങലേല്ക്കാതെ ഇതു തെളിഞ്ഞു നിന്നപ്പോള്‍ നാം ഉയര്‍ച്ച നേടി. എപ്പോഴാണൊ ഇവയിലേതെങ്കിലുമൊന്നില്‍ നാം ശ്രദ്ധിക്കാതെ പോയത്, അപ്പോള്‍ രാഷ്ട്രജീവിതത്തില്‍ അപചയവും ഉണ്ടായി. ധര്‍മ്മഗ്ലാനി സംഭവിക്കുന്നതും സമൂഹം ഛിന്നഭിന്നമാകുന്നതും പരധര്‍മ്മം നമ്മുടെ സ്വത്വബോധത്തിനുമേല്‍ ആധിപത്യമുറപ്പിക്കുന്നതുമൊക്കെ അപ്പോഴാണ്. ധര്‍മ്മമെന്ന പദത്തിന്റെ സസൂക്ഷ്മ വിശകലനത്തിലും നമുക്ക് ഈ ത്രിത്വത്തെ ദര്‍ശിക്കാനാവും. പ്രജകളെ താങ്ങിനിര്‍ത്തല്‍ ഒരുമിപ്പിക്കല്‍ എന്നൊക്കെ ആണല്ലൊ അതിനര്‍ത്ഥം. അങ്ങനെ എങ്കില്‍ എന്തിലേക്കാണ് താങ്ങിനിര്‍ത്തപ്പെടുന്നത്? അങ്ങനെതന്നെ ഒന്നായുള്ള ആ നില തുടരാനുള്ള ഹേതുവെന്ത്? ധരിക്കുക(താങ്ങിനിര്‍ത്തുക) എന്നത് സ്വാഭാവികമായും സംഘടനാ തത്വമാകുമ്പോള്, നേത്രഗോചരമല്ലാത്ത ഏതൊന്നിലാണ് താങ്ങിനിര്‍ത്തപ്പെടുന്നത്? അത് ആദിമമായ പരാശക്തി രൂപമായ സ്വത്വം തന്നെ ആണ്. ഒന്നായുള്ള നില വിഘടിതമാകാതിരിക്കാനുള്ള ശക്തിയാകുന്നു നിരന്തരം നടക്കേണ്ട സംസ്കരണം. ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ ഇഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി തന്നെയാണ് നാം ഇതുവരെ വിശദീകരിച്ച ത്രിതത്വവും. ഒന്നായിതീരാനുള്ള ആന്തരികത്വരയെ ആണു സംഘടനാ തത്വം അഥവ ഇഛാശക്തി. ഏതൊന്നിലേക്കാണോ സംഘടിക്കുന്നത് അതാണ് സ്വത്വ ബോധം അല്ലെങ്കില്‍, ജ്ഞാനശക്തി. ആ സദ്സ്ഥിതി അതേ പോലേ നിലനിര്‍ത്താന്‍ ആവശ്യമായ നിരന്തര സംസ്കരണ പ്രക്രിയ ആണു ക്രിയാശക്തി.
മുന്‍പു സൂചിപ്പിച്ച പോലെ എപ്പോഴൊക്കെയാണോ ഈ ത്രിതത്വത്തിനു ലോപം ഉണ്ടാവുന്നത് അപ്പോഴൊക്കെയും ധര്‍മ്മ രക്ഷയ്ക്കായുള്ള പരിശ്രമം നടക്കും. ധര്‍മ്മരക്ഷയെന്നാല്‍ ശക്തിജാഗരണം തന്നെ.മഹാഭാരതയുദ്ധം ആയാലും രാമരാവണയുദ്ധമായാലും മഹിഷാസുരമര്‍ദ്ദനമായാലും ഒക്കെ സംഭവിക്കുന്നത് ഇത് തന്നെ ആണ്. ആധുനികകാലഘട്ടത്തിലെ ദേശീയ സ്വാതന്ത്ര്യ സമരത്തേയും ഇങ്ങനെ തന്നെ വിലയിരുത്താം..
സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണ എന്തായിരുന്നു? എല്ലാ മഹാ ദാര്ശനികന്മാരുടേയും ഉത്തരം ഒന്നുതന്നെയാണ്. ‘സ്വ’ യുടെ ആവിഷ്കരണം തടയപ്പെടുമ്പോള്‍ അതിനെതിരായുണ്ടാവുന്ന സ്വാഭാവികമായ പ്രതികരണത്തെ ആണ് സ്വാതന്ത്ര്യ സമരമായി പറഞ്ഞിട്ടുള്ളത്. സ്വധര്‍മ്മത്തിന്റെ പ്രകടീകരണം കേവലം രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ ആവിഷ്കരണം നടക്കണം. അതിനായാണ് സ്വാതന്ത്ര്യ സമരം നടന്നത്. മഹര്‍ഷി അരവിന്ദന് സംശയരഹിതമായ ഭാഷയില്‍ പറയുന്നു: ”നാം ഏറ്റെടുത്തിട്ടുള്ള നമ്മുടെ ദൗത്യം കേവലമായ യാന്ത്രിക പ്രവൃത്തിയല്ല, അത് ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഒന്നാണ്. ഭരണകൂടത്തിന്റെ രൂപം മാറ്റുക എന്നതിനപ്പുറം രാഷ്ട്ര നിര്‍മ്മാണമാണ് നാം ലക്ഷ്യം വയ്ക്കുന്നത്. രാഷ്ട്രീയം അതിലൊരു ഭാഗമേ ആകുന്നുള്ളു, ഓര്‍ക്കുക ഒരു ഭാഗം മാത്രം. നാം രാഷ്ട്രീയത്തില്‍ മാത്രമായി നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കരുത്, സാമൂഹ്യ പ്രശ്നങ്ങളില്‍ മാത്രമായി ഒതുങ്ങുകയുമരുത്, അതേപോലെ മതത്തിന്റെയോ തത്വശാസ്ത്രത്തിന്റേയോ സാഹിത്യത്തിന്റേയോ ശാസ്ത്രത്തിന്റേയോമേഖലയില്‍ മാത്രമായി ഒതുങ്ങരുത്. നാം ഇവയെ എല്ലാം ഒരു സത്തയില്‍ സമന്വയിപ്പിക്കണം, അതാണു നമ്മുടെ ധര്‍മ്മം. ദേശീയമായ ആ ധര്‍മ്മം വൈശ്വികം കൂടിയാണെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. ഇതാണു സനാതന ധര്‍മ്മം എന്നറിയപ്പെടുന്നത്. വിദേശീയ സ്വാധീനത്തില്‍ ആ ധര്‍മ്മത്തിനു ഗ്ലാനി ഉണ്ടായി. ധര്‍മ്മത്തെ ആവ്ഷ്കരിക്കാന്‍ സാധിക്കാതെ വന്നാല്‍ പിന്നെ ഭാരതമില്ല. സമ്പൂര്‍ണ്ണ ജീവിതത്തിലും അതാവിഷ്കരിക്കപ്പെടണം. ആ ആത്മചൈതന്യം നമ്മുടെ സമൂഹത്തിലും, നമ്മുടെ രാഷ്ട്രീയത്തിലും, നമ്മുടെ ശാസ്ത്രത്തിലും, നമ്മുടെ വ്യക്തിനിഷ്ടമായ പെരുമാറ്റത്തിലും, സ്നേഹത്തിലും, ആശയാഭിലാഷങ്ങളിലും എല്ലാം പ്രവേശിച്ച് വാര്‍ത്തെടുക്കണം”(ശ്രീ അരവിന്ദന്: ദി എവേക്കനിംഗ് സോള്‍ ഒഫ് ഇന്‍ഡ്യ) സ്വദേശി സങ്കല്‍പ്പത്തെ കുറിച്ച് വിശദീകരിക്കേണ്ടി വന്നപ്പോഴൊക്കെയും മഹാത്മജി ഉദ്ധരിച്ചത് ഭഗവത്ഗീതയിലെ സ്വധര്‍മ്മാനുഷ്ഠാനത്തെ നിര്‍വ്വചിക്കുന്ന പ്രസിദ്ധമായ:
”ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണ:
പരധര്‍മ്മാത് സ്വനുഷ്ടിതാത്
സ്വധര്‍മ്മേ നിധനം ശ്രേയ:
പരധര്‍മ്മോ ഭയാവഹ” എന്ന ശ്ലോകമാണ്
പരധര്‍മ്മം എത്രകണ്ട് ആകര്‍ഷകമായി തോന്നിയാലും അത് ഭയാവഹമാണ്. സ്വധര്‍മ്മാനുഷ്ഠാനത്തിലേര്‍പ്പെടുമ്പോള്‍ സംഭവിക്കുന്ന മരണം പോലും ശ്രേയസ്കരമാണെന്ന ഗീതാവാക്യത്തില്‍ ‘സ്വ’യുടെ മഹത്വത്തെ ആണു പ്രഘോഷണം ചെയ്യുന്നത്. ഇതേ വസ്തുത സ്വരാജ്യത്തെ കുറിച്ച് ലോകപ്രസിദ്ധമായ തന്റെ ഗീതാഭാഷ്യത്തിലൂടെ ലോകമാന്യ തിലകന്‍പറഞ്ഞുതരുന്നുണ്ട്.
ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ തന്റെ ദേശീയ സാമൂഹ്യ ദാര്‍ശനിക ചിന്തകളെ അതിശക്തവും സ്പഷ്ടവുമാം വിധത്തില്‍ അവതരിപ്പിച്ചിട്ടുള്ള ‘സ്വദേശി സമാജ്’ എന്ന കൃതിയില്‍ എന്താണു ‘സ്വ’ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്:
”വൈവിധ്യത്തില്‍ ഏകത്വത്തെ അനുഭവിക്കുക, വിവിധതയുടെ മദ്ധ്യത്തില്‍ ഏകതയെ സ്ഥാപിക്കുക. അതാണു ഭാരതത്തില്‍ അന്തര്‍ലീനമായ ധര്‍മ്മം. ഭാരതം ഒരിയ്ക്കലും വ്യത്യസ്തതയെ വിരോധമായികാണുന്നില്ല. അന്യനെ ഭാരതം ശത്രുവായും കണക്കാക്കുന്നില്ല. അതു കൊണ്ടവള്‍ ഒരു മഹത്തായ വ്യവസ്ഥയില്‍ എല്ലാവരേയും വിനാശകരമായ ബലിയില്ലാതെ ഉള്‍ചേര്‍ക്കുന്നു. അതുകൊണ്ടാണ് അവള് ഓരോ മാര്‍ഗ്ഗത്തിനും അതതിന്റെ മേഖലയില്‍ മഹത്വമുണ്ടെന്ന് തിരിച്ചറിഞ്ഞ് അവരെ എല്ലാം അംഗീകരിക്കുന്നത്. ഭാരതത്തിന്റെ ഈ മൂല്യവിശേഷം കൊണ്ട് ഏതെങ്കിലുമൊക്കെ സമൂഹത്തെ ശത്രുവായികണ്ട് നാം ഭയപ്പെടുന്നില്ല. ഓരോ പുതിയ സംഘര്‍ഷവും നമ്മെ കൂടുതല്‍ വികസിക്കാന്‍ സജ്ജരാക്കുന്നു. ഹിന്ദുവും ബൗദ്ധനും മുസ്ലീമും , ക്രിസ്ത്യാനിയും അന്യോന്യം പൊരുതി ഭാരതത്തില്‍ ഒടുങ്ങുകയില്ല- ഇവിടെ അവര്‍ ഒത്തുചേര്‍ന്ന് പോകുവാനുള്ള ബിന്ദു കണ്ടെത്തും. ആ ഒത്തുചേര്‍ക്കല്‍ ബിന്ദു അഹൈന്ദവമായിരിക്കില്ല, പക്ഷെ വളരെ ‘കൃത്യമായും ഹിന്ദു’ ആയിരിക്കും” എത്ര മനോഹരമായിട്ടാണ് എല്ലാറ്റിനേയും ഒരു കേന്ദ്രത്തിലേക്ക് ഒരുമിപ്പിക്കുന്ന അല്ലെങ്കില്‍ താങ്ങിനിര്‍ത്തുന്ന ശക്തിബിന്ദു ഏതെന്ന് കവി പറഞ്ഞിരിക്കുന്നത് എന്നു നോക്കൂ. അത് അഹൈന്ദവമായിയിരിക്കില്ല, പകരം കൃത്യമായും ഹിന്ദുത്വം ആയിരിക്കും എന്നാണു ക്രാന്തദര്‍ശിയായ ടാഗോര്‍ പറയുന്നത്. ഈ പ്രത്യേക സന്ദര്‍ഭത്തില്‍ മറ്റൊരു സവിശേഷത കൂടി നാം ശ്രദ്ധിക്കാതെ പോകരുത്. മതം എന്നര്‍ത്ഥത്തില്‍ ആദ്യം ഹിന്ദു എന്ന് അദ്ദേഹം ആദ്യം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വ മതഭിന്നതയേയും ഇല്ലാതാക്കി എല്ലാറ്റിനേയും ഒന്നാക്കിതീര്‍ക്കുന്ന ശക്തി അഥവ സ്വത്വം എന്നര്‍ത്ഥത്തില്‍ അവസാനവും അദ്ദേഹം ഹിന്ദു ശബ്ദം പ്രയോഗിച്ചിരിക്കുന്നു. യാതൊരു സംശയത്തിനും ഇടവരാത്തവിധത്തില്‍ കവി ഈ മഹത്തായ രാഷ്ട്രത്തിന്റെ ദേശീയ സത്തയെ ആണു ഹിന്ദു പദത്തിലൂടെ നിര്‍വ്വചിച്ചിരിക്കുന്നത് എന്ന് മനസിലാക്കുമ്പോഴാണ് എന്താണു സ്വദേശിയെന്നും, ഏതാണു ദേശീയ സമാജമെന്നും നമുക്ക് മനസിലാവുകയുള്ളു.
രാഷ്ട്രത്തിന്റെ സൃഷ്ടിക്കും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഹേതുവായ ‘സ്വ’ തന്നെയാണു ഹിന്ദുത്വം എന്ന വൈചാരിക സ്പഷ്ടത ഉണ്ടായികഴിഞ്ഞാല്‍ പിന്നെ ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് ഏതുമാര്‍ഗ്ഗത്തിലൂടെ ആണ് മുന്നേറേണ്ടതെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടാവില്ല. മഹാനായ സ്വാതന്ത്ര്യ സമര സേനാനി കുണ്ടറ വിളംബരത്തിലൂടെ ഗര്‍ജ്ജിച്ചതും ബ്രഹ്മപുത്രയുടെആഴങ്ങളിലേക്ക് മുഗളപ്പടയെ ഐതിഹാസികമായ സരായ്ഘാട്ട് യുദ്ധത്തില്‍ മുക്കിക്കൊന്ന അസമിന്റെ വീരപുത്രന് ലാചിത്ബഡ്ഫുക്കന്റെ പോര്‍വിളിയും ഒന്നു തന്നെ ആയിരുന്നു എന്ന് വ്യക്തമായും മനസിലാകും. സ്വധര്‍മ്മത്തിനും സംസ്കാരത്തിനും എതിരെയുള്ള പരധര്‍മ്മത്തിന്റെകടന്നു കയറ്റത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പും കടന്നാക്രമണവും ആണ് അവിടെവെളിവാകുന്നത്. ഇതേകാര്യം ബംഗാളത്തില്‍ 1867 ല്‍ രൂപം കൊണ്ട ഹിന്ദുമേളയിലും, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന സന്യാസിമാരുടെ വിപ്ലവത്തിലും, ബങ്കിം ചന്ദ്രന്റെ വന്ദേമാതരഗാനത്തിലും, കൂക്ക പ്രസ്ഥാനത്തിലും, സ്വദേശി പ്രക്ഷോഭത്തിലൂടെ ബംഗാള്‍ വിഭജനത്തെ റദ്ദാക്കാന്‍ ഇംഗ്ലീഷ് ഭരണാധികാരികളെ പ്രേരിപ്പിച്ചതിലുമൊക്കെ മുഴങ്ങിയത് ഹിന്ദുത്വ പ്രേരണയില്‍ എല്ലാ ഭേദചിന്തയും മറന്ന് ഒരുമിച്ചതായിരുന്നു കാരണം.
സ്വാഭാവികമായും ഒരു സംശയമുണ്ടാവും. എന്തു കൊണ്ടാണ് പ്രേരണാദായകമായ ആ മുന്നേറ്റംഅതിന്റെ യുക്തിസഹമായ പൂര്‍ണ്ണതയില്‍ എത്താതിരുന്നത്? ഭാരതചരിത്രത്തെ പക്ഷപാതരഹിതമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്താല്‍ ആ ചോദ്യത്തിനു ഉത്തരം ലഭിക്കും. ഏതൊന്നിന്റെ പ്രേരണയിലാണോ സ്വാതന്ത്ര്യസമരം ആരംഭിച്ചതും മുന്നേറിയതും ആ രാഷ്ട്രത്തനിമയെ അല്ലെങ്കില്‍ സ്വത്വത്തെ അവഗണിച്ചത് തന്നെയാണു അതിനു കാരണം. മഹാത്മാഗാന്ധിയുടെ ഹിന്ദ് സ്വരാജിലെ ആശയങ്ങളെ അവഗണിക്കുക മാത്രമല്ല പരസ്യമായി അധിക്ഷേപിക്കുക കൂടി ചെയ്തു കൊണ്ടായിരുന്നല്ലൊ അദ്ദേഹത്തിന്റെ വത്സല ശിഷ്യന് ‘നമ്മുടെ വിധിയുമായി രഹസ്യ ഉടമ്പടി’ ചെയ്ത് ഭരണസാരഥ്യം ഏറ്റെടുത്തത്. ‘രാഷ്ട്രംനിര്‍മ്മാണത്തിലാണെന്നും’ (രാഷ്ട്രം ഇപ്പോള്‍ ഇല്ലെന്നര്‍ത്ഥം) ഭാഷകളുടെ മാതാവായ സംസ്കൃതത്തെ മൃത ഭാഷയെന്നും, അതിര്‍ത്തി രക്ഷിക്കപ്പെടേണ്ടതല്ലെന്നും, ഭാരതീയ ഗ്രാമങ്ങള്‍ അന്ധവിശ്വാസം അഴുകിക്കിടക്കുന്ന വിഴുപ്പുനിലങ്ങളാണെന്നും, കമ്മൂണിസ്റ്റ് മൃഗീയതയെ സ്വര്‍ഗ്ഗസമാനമായി തെറ്റിദ്ധരിച്ചുമൊക്കെയുള്ള ആ പാളംതെറ്റല്‍ ആണ് നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകാതിരിക്കാന്‍ കാരണം.
എന്നാല്‍ സമീപകാലത്ത് ദേശീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മനിര്‍ഭരതയില്‍ ഊന്നിയുള്ള സദ്വ്യതിയാനങ്ങള്‍ ഭാരതത്തിന്റെ വൈഭവം കൊതിച്ച് ജീവിതമാഹൂതി ചെയ്ത മഹാന്മാരായ പൂര്‍വ്വസൂരികളുടെ പ്രതീക്ഷകളെ സാര്‍ത്ഥകമാക്കുകയാണ്. രാഷ്ട്രരക്ഷയ്ക്കായുള്ള പ്രവര്‍ത്തനത്തിലും സജ്ജീകരണത്തിലും വിട്ടുവീഴചയില്ല എന്ന നിലപാടും, ഭാരതത്തിന്റെ തനതായ യോഗ ശക്തിയെ ലോകത്തെ കൊണ്ടംഗീകരിപ്പിക്കുന്നതിലും, ജമ്മുകാശ്മീര്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതത്തിന്റെ ഭാഗമായി തീര്‍ന്നതും, മഞ്ഞകാടത്തത്തെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആട്ടിപ്പായിച്ചതും, രാമമന്ദിരത്തിലൂടെ രാമരാജ്യത്തിലേക്കുള്ള ഉറച്ച ചുവടുവച്ച് മുന്നേറി തുടങ്ങിയതും ഭാരത കേന്ദ്രിതമായ ദേശീയ വിദ്യാഭ്യാസ നയവുമൊക്കെ ആ മാറ്റങ്ങളില്‍ചിലത് മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: