കണ്ണൂര്‍: മുസ്ലീം ലീഗിന്റെ ഉത്തര മലബാറില്‍ നിന്നുള്ള രണ്ട് എംഎല്‍എമാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കുരുക്കിലായതോടെ പ്രതിരോധിക്കാനാവാതെ നേതൃത്വം. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ രണ്ടുപേരാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായ ആരോപണത്തിന് വിധേയരായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുസ്ലീം ലീഗിന്റെ മുന്‍നിര നേതാക്കളിലൊരാളായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് നൂറുകോടിയില്‍പ്പരം രൂപ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലാണ്. ഇതിന് തൊട്ടു പിന്നാലെയാണ് പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ അഴീക്കോട്ടെ സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസിലും അനുമതിയില്ലാതെ ആഢംബര വീട് നിര്‍മ്മിച്ചതിനും നികുതി വെട്ടിച്ചതിനും മറ്റൊരു നേതാവും എംഎല്‍എയുമായ കെ.എം. ഷാജി എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തില്‍പ്പെട്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്. .
തലശേരി മുതല്‍ കര്‍ണാടകയിലെ മംഗളൂര് വരെ നീണ്ടു നില്ക്കുന്ന സാമ്പത്തിക ക്രമക്കേടുകളാണ് കമറുദ്ദീന് ചെയര്‍മാനായ കാസര്‍കോഡെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശൃംഖലകളുമായി ബന്ധപ്പെട്ട് നടന്നതെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം നിക്ഷേപിച്ച വ്യക്തികള്‍ എണ്‍പതിലധികം പരാതിയാണ് കമറുദ്ദീനെതിരെ കാസര്‍കോഡും കണ്ണൂരുമായി പോലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ലീഗിന്റെ മറ്റ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഒത്തുതീര്‍പ്പാക്കാനുളള തിരക്കിട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ഒടുവില്‍ കേസില്‍ നിന്നും രക്ഷപ്പെടാനായി തനിക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയിരിക്കുകയാണ് കമറുദ്ദീന്.
മുസ്ലീം ലീഗിന്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാക്കളിലൊരാളാണ് കെ.എം. ഷാജി എംഎല്‍എ. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ അഴീക്കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയിച്ച കെ.എം. ഷാജി ഒരേസമയം രണ്ടു കേസുകളില്‍ അന്വേഷണം നേരിടുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റുമാണ് ഷാജിക്കെതിരെയുള്ള അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്നകേസ് അന്വേഷിക്കുന്നത്. അതിനിടയില്‍ എംഎല്‍എയുടേയും ഭാര്യയുടേയും ഉടമസ്ഥതിയിലുളള കോഴിക്കോടും കണ്ണൂരുമുളള രണ്ട് ആഢംബര വീടുകളുടെ നിര്‍മ്മാണത്തിലെ സാമ്പത്തിക ഉറവിടവും ചട്ടലംഘനവും ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുകയുണ്ടായി.
ഷാജിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയിലേക്കു നീളുമെന്ന ആശങ്കയിലാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. അതു കൊണ്ടു തന്നെ ഷാജിയെ കൊള്ളാനും തള്ളാനുമാവാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. കമറുദ്ദീനെതിരെ നാമമാത്രമായ നടപടികളെടുത്തെങ്കിലും ഷാജിക്കെതിരെ നേതൃത്വം ചെറുവിരലനക്കാന്‍ തയ്യാറാവാത്തതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇതെല്ലാം കേസിന്റെ സ്വാഭാവിക നടപടിയെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ ആരോപണങ്ങള്‍ നേരിടാനാവാതെ ഉഴറുകയാണ് നേതാക്കള്‍. പ്രധാനപ്പെട്ട രണ്ട് നേതാക്കളും എംഎല്‍എമാരും കോഴയാരോപണങ്ങളില്‍പ്പെട്ടത് മുസ്ലീംലീഗിനകത്തും യുഡിഎഫ് മുന്നണിക്കകത്തും ഒരു പോലെ ചര്‍ച്ചയാവുകയും ഇതേ ചൊല്ലി ഭിന്നതയും രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. സംഘടനാപരമായ നടപടികളെടുക്കാതെ രണ്ട് നേതാക്കളേയും സംരക്ഷിക്കുന്നതിനെതിരെ പാര്‍ട്ടിക്കുളളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലബാറില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സംസ്ഥാനത്താകെ മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: