സാവോപോളോ: മൂന്ന് തവണ ലോക ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട ഒരോയൊരു താരമേയുള്ളൂ. ഇതിഹാസമായ പെലെ. കാല്‍പ്പന്തുകളിയുടെ മാന്ത്രികനായ ഈ ബ്രസീലുകാരന് ഇന്നലെ 80-ാം പിറന്നാള്‍ ആഘോഷിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെയായിരുന്നു ആഘോഷം.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് പെലെ നന്ദി പ്രകാശിപ്പിച്ചു. ബ്രസീലിനും എല്ലാ ബ്രസീലുകാര്‍ക്കും നന്ദി. സന്തോഷത്തോടെയാണ് എപ്പോഴും ബ്രസീലിന്റെ 10-ാം നമ്പര്‍ ജേഴ്സി അണിഞ്ഞിട്ടുള്ളത്. ജന്മദിനത്തില് ഊഷ്മളമായ ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദിയെന്ന് പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗോള്‍ നേടിയശേഷം ആഘോഷപ്രകടനം നടത്തുന്ന താരത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തു.
പെലെയുടെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘേഷാമാണ് ബ്രസീലില്‍ നടന്നത്. 15-ാം വയസില്‍ പെലെ ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ സാന്റോസ് നഗരത്തിലെ സാവോപോളോ ഫുട്ബോള്‍ മ്യൂസിയത്തില്‍ പ്രേത്യേക പ്രദര്‍ശനം നടന്നുവരികയാണ്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരായി ഫിഫ തെരഞ്ഞെടുത്ത താരമാണ് പെലെ. 1940 ഒക്ടോബര്‍ 23ന് ദക്ഷിണ-പൂര്‍വ ബ്രസീലിലെ ട്രെസ് കൊറോസസോസിലാണ് പെലെയുടെ ജനനം. എഡ്സണ് അരാന്റസ് ഡോ നസിമെന്റോ എന്നാണ് യഥാര്‍ഥ പേര്. 15-ാം വയസില്‍ കരിയര്‍ തുടങ്ങി. സാന്റോസ് ക്ലബ്ബിനായി പതിനെട്ട് വര്‍ഷം കളിച്ചു.
1958ല്‍ 17-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറി. ബ്രസീലിന് ലോകകപ്പും സമ്മാനിച്ചു. പിന്നീട് 1962ലും 1970ലും പെലെ അണിനിരന്ന ബ്രസീല്‍ ലോകകപ്പ് സ്വന്തമാക്കി. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ഇപ്പോഴും ഈ ഇതിഹാസത്തിന്റെ പേരിലാണ്. 92 മത്സരങ്ങളില്‍ 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്.
കരിയറില്‍ ആകെ 1363 മത്സരങ്ങള്‍ കളിച്ചു. 1279 ഗോളുകളും നേടി. കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടിയ താരമാണ്. 92 ഹാട്രിക്കുകളാണ് ഈ കറുത്തമുത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. ലോകകപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെ തന്നെ. 1958 ല്‍ ലോകകപ്പ് നേടുമ്പോള്‍ പ്രായം പതിനേഴ് വയസും 249 ദിവസവും.
ലോകകപ്പില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞതാരവും പെലെയാണ്. പതിനേഴ് വയസും 239 ദിവസവും പ്രായമുള്ളപ്പോഴാണ് ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയത്. 1958ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്ല്‍സിനെതിരെയായിരുന്നു ആദ്യ ഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: