കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് സ്കീം പ്രകാരം കേരളത്തിനനുവദിച്ച മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ വടക്കേമലബാറിലെ അനുഷ്ഠാനമായ തെയ്യത്തെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി. റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന തെയ്യം ക്രൂയിസ് പദ്ധതിയില്‍ തെയ്യത്തെ ടൂറിസ്റ്റുകള്‍ക്കു വേണ്ടി പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ ഉത്തരമലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആശയാണ് വിധി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് ദ്വീപ് കേന്ദ്രീകരിച്ചാണ് തെയ്യം ക്രൂയിസ് ടൂറിസം എന്ന പദ്ധതി നടപ്പാക്കിവരുന്നത്. തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കോലധാരികളുടെ സംഘടനയും ഭക്തജനങ്ങളും സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പാകുന്നതു വരെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തെയ്യം സംബന്ധമായ ഒരു കാര്യവും ടൂറിസം പദ്ധതിക്കായി ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
തെയ്യം ഒരു അനുഷ്ഠാനമായതിനാലും വിശ്വാസികള്‍ ദൈവത്തിന് തുല്യമായാണ് തെയ്യക്കോലങ്ങളെ കാണുന്നത് എന്നതിനാലും തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേരളം നല്കിയ പ്രോജക്ടിന് സ്വദേശ് ദര്ശന് പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം നല്‍കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സെന്‍ട്രല്‍ കോണ്‍സല്‍ വി. ഗിരീഷ്കുമാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ശ്യാം പത്മനും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവ. പ്ലീഡര്‍ വിനീതയും ഹാജരായി.
തെക്കുമ്പാട് ദ്വീപില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കു വേണ്ടി തെയ്യത്തിന്റെ സ്റ്റേജ് ഷോ നടത്താനുള്ള പെര്ഫോര്മിംഗ് യാര്‍ഡ് നിര്‍മ്മിക്കുന്നതടക്കമുള്ള പദ്ധതിയാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആസൂത്രണം ചെയ്തിരുന്നത്. തെയ്യത്തെ ഒരു അനുഷ്ഠാനം എന്ന നിലയില്‍ ആരാധിക്കുകയും ആചാരം എന്ന നിലയില്‍ ആദരിക്കുകയും ചെയ്യുന്നവര്‍ ഇതിനെതിരെ കോലധാരികളുടെയും കാവധികാരികളുടെയും കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ടൂറിസം പദ്ധതിയില്‍ വടക്കേമലബാറിന്റെ അനുഷ്ഠാനമായ തെയ്യത്തെ പൊതുവേദിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തപസ്യ കലാസാഹിത്യ വേദി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: