കൊല്ലം: വിമര്‍ശനത്തെ ഭയക്കുന്നവരാണ് ഓട്ടന്‍തുള്ളലിനെ അവഗണിക്കാന്‍ ശ്രമിക്കുന്നതെന്ന് തപസ്യ സംവാദ സഭ. സംഗീത നാടക അക്കാദമി തുള്ളലിനോടും കലാകാരന്മാരോടും കാട്ടുന്ന അവഗണനയ്ക്കും വിവേചനത്തിനുമെതിരായ സാംസ്കാരികപ്രവര്‍ത്തകരുടെ പ്രതികരണവേദിയായി തപസ്യ കലാ സാഹിത്യ വേദി സംഘടിപ്പിച്ച സംവാദ സഭ മാറി.
രാജാക്കന്മാരെയും മേലാളന്മാരെയും അടക്കം സമൂഹത്തിലെ എല്ലാ പുഴുക്കുത്തുകളെയും വിമര്‍ശിച്ച ആളാണ് കുഞ്ചന്‍ നമ്പ്യാരെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവി പി.ഐ. ശങ്കരനാരായണന് പറഞ്ഞു. അതിന്റെ പേരില്‍ ആരും നമ്പ്യാരെ വിമര്‍ശിച്ചില്ല. പരാതി പറഞ്ഞില്ല. അന്ന് ഒരു രാജാവും ഒരു കുഞ്ചനുമായിരുന്നെങ്കില് ഇന്ന് എല്ലാരും രാജാക്കന്മാരാണ്. കളിയാക്കി എതിര്‍ക്കാനും ശരിയാക്കി തിരുത്താനും കുഞ്ചന്മാര് ധാരാളം ഉണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി രാഘവനെന്നും പി. കുഞ്ഞിരാമനെന്നും മഹത്തുക്കളെ അധിക്ഷേപിക്കുന്ന ഓണ്‍ലൈന്‍ അദ്ധ്യാപകരുടെ കാലമാണിത്. പേര് വെട്ടുന്നവരുടെ വേര് വെട്ടുകയാണ് ഇതിനോടൊക്കെയുള്ള പ്രതികരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന് ബാബു അദ്ധ്യക്ഷനായി. അപ്പു കുണ്ടറ, മണി കെ. ചെന്താപ്പൂര്, ആര്. അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, ഉണ്ണി പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: