ചീരാല്‍: ചീരാലില്‍ വീണ്ടും കടുവ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചു. മുണ്ടക്കൊല്ലി ഗോപാലകൃഷ്ണന്റെ കിടാവിനെയാണ് ചൊവ്വാഴ്ച്ച സന്ധ്യക്ക് തൊഴുത്തില്‍ നിന്ന് പിടികൂടിയത്. വീട്ടുകാര്‍ ഒച്ച വെച്ചതിനെ തുടര്‍ന്ന് കടുവ ഓടി മറഞ്ഞു. അതേ ദിവസം തന്നെ മുണ്ടക്കൊല്ലി കരുവള്ളി വട്ടത്തൊടി രാഘവന്റെ കറവ പശുവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു.
വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പശുവിനെ ചാണക ക്കുഴിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് വനം വകുപ്പ് എത്തി പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവാ സാന്നിധ്യം കണ്ടെത്താനായില്ല. വനംവകുപ്പ് പ്രദേശത്ത് പട്രോളിങ്ങ് നടത്തി രാത്രി സംരക്ഷണമൊരുക്കുമെന്ന് അറിയിച്ചു. എന്നാല്‍ സന്ധ്യ മയങ്ങിയപ്പോള്‍ തന്നെ വീണ്ടും പ്രദേശത്ത് കടുവയെത്തിയത് വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഇന്നലെ നടത്തിയ തിരച്ചിലില്‍ സമീപത്തെ കൃഷിയിടത്തില്‍ കിടാവിനെ കടുവ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഒരു ദിവസം രണ്ടു വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നതോടെ സര്‍വ്വകക്ഷി നേതൃത്വത്തില്‍ പ്രതിഷേധങ്ങളുണ്ടായി. ഒരിടവേളക്ക് ശേഷം വീണ്ടും ചീരാല്‍ കടുവാ ഭീതിയിലാവുകയാണ്. ഇവിടെ ജനങ്ങള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതും രാവിലെ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്നതും വലിയ ഭയപ്പാടോടെയാണ്. ഉടമകള്‍ക്ക് വനം വകുപ്പ് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
എന്നാല്‍ പകല്‍ നേരത്ത് പോലും കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയമാണെന്നും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ ദിവസങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ശക്തമായ തിരച്ചില്‍ നടത്താനും ക്യാമറ സ്ഥാപിച്ച് കടുവയെ നിരീക്ഷിക്കാനുമാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്നും കടുവ ശല്യം തുടരുകയാണെങ്കില്‍ കൂടു വെച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വ്വകക്ഷി പ്രതിനിധികള്‍ക്ക് വനം വകുപ്പ് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: