കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നൂറ് വര്‍ഷം പിന്നിടുകയാണ്. പക്ഷെ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമാ ണെന്നതാണ് ഏറെ വിചിത്രം. സിപിഎം, അതിന്റെ ആഘോഷ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചപ്പോള്‍, ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ആറ് കൊല്ലം കൂടി കാത്തിരിക്കേണ്ടതുണ്ട് എന്ന അഭിപ്രായത്തിലാണ് സിപിഐ. മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശതാബ്ദി ആഘോഷിക്കുന്നതിനെ കുറിച്ച് പ്രഖ്യാപനമൊന്നും ഇതുവരെ നടത്തിയതായി അറിവില്ല. ഈ കാര്യത്തില്‍ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്ക് യോജിക്കാനാവുന്നില്ലെന്നത്, ജോര്‍ജ് ആലന്‍ ഓവര്‍സ്ട്രീറ്റിന്റെ ഒരു നിരീക്ഷണമാണ് ഓര്‍മയില്‍ എത്തിക്കുന്നത്. ലോകമാസകലമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് പഠിച്ച് പുസ്തകമെഴുതിയ വിഖ്യാതനാണ് ജോര്‍ജ് ആലന്‍ ഓവര്‍സ്ട്രീറ്റ്. അദ്ദേഹത്തിന്റെ നിഗമനങ്ങളിലൊന്നിന് സര്‍വകാല പ്രസക്തി ഉള്ളതായി തോന്നിപ്പോകുന്നു. ലോകത്തിലെ വിഭിന്ന പാര്‍ട്ടികളില്‍ ഏറ്റവുമധികം അച്ചടക്കമുള്ളത് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്, കാരണം അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണെന്നത് തന്നെ ‘ എന്നാണ് ഓവര്‍സ്ട്രീറ്റിന്റെ വാദം. ലോകത്തെ വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഏറ്റവുമധികം അച്ചടക്ക രാഹിത്യമുള്ളത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണത്രേ. അതിന് കാരണം അതിന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയതുകൊണ്ടാണെന്നും ഓവര്‍സ്ട്രീറ്റ് അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ
പ്രായത്തെ കുറിച്ച് പോലും തര്‍ക്കിക്കുന്ന ഇന്ത്യയിലെ സഖാക്കളുടെ തര്‍ക്കം പാര്‍ട്ടി രൂപീകരണത്തിന് മുമ്പെ ആരംഭിച്ചതാണ്. അന്ന് ആദ്യത്തെ തര്‍ക്കം പാര്‍ട്ടിയുടെ പേരിടലിനെച്ചൊല്ലി ആയിരുന്നു. ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്ന് ഒരു വിഭാഗം നിര്‍ദ്ദേശിച്ചപ്പോള്‍, അതിനെ എതിര്‍ത്ത മറ്റൊരു വിഭാഗം നിര്‍ദ്ദേശിച്ചത് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന് മതി എന്നായിരുന്നു. ‘ഇന്ത്യന്‍’ എന്ന് ചേര്‍ത്താല്‍ അതിന് ബൂര്‍ഷ്വാ ദേശീയതയുടെ ധ്വനി വരും എന്നത് കൊണ്ടാണ് ആദ്യ നിര്‍ദ്ദേശം കാണ്‍പൂര്‍ സമ്മേളനത്തില്‍ എതിര്‍ക്കപ്പെട്ടതും പിന്‍തള്ളപ്പെട്ടതും. അതില്‍ പ്രതിഷേധിച്ച് സത്യഭക്ത എന്ന സഖാവിന്റെ നേതൃത്വത്തില്‍ കുറെ പേര്‍ ഇറങ്ങി പോയതായും രേഖയുണ്ട്. ദേശീയതയില്‍ ഊന്നിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാവണം ഇന്ത്യയിലേത് എന്ന് വാദിച്ചവര്‍ പരാജയപ്പെട്ടു. അവിടെ ആരംഭിച്ചു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരാജയത്തിലേക്ക് നയിച്ച പാളിച്ചകള്‍. ഇന്ത്യന്‍ ദേശീയതയെ അന്നും ഇന്നും സഖാക്കള്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ‘ക്വിറ്റ് ഇന്ത്യ’ സമരത്തെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഇന്ത്യയെ, കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന 1962ല്‍ ആക്രമിച്ചപ്പോള്‍, ശത്രുരാജ്യത്തെ കുറ്റപ്പെടുത്താന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണല്ലോ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത്. ഇന്ത്യയുടെ ഭൂമി ഇന്ത്യയുടേതാണ് എന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാവാതെ, ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന ഭൂമി ‘ എന്നാണ് ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടും കൂട്ടരും, അതിര്‍ത്തിയില്‍ ചൈന കയ്യടക്കിയ പ്രദേശത്തെപ്പറ്റി പറഞ്ഞു നടന്നത്. അതിര്‍ത്തിയില്‍ പോരാടുന്ന ജവാന്മാര്‍ക്ക് രക്തം നല്‍കാന്‍ തയ്യാറായ വി.എസ്.അച്യുതാനന്ദന് എതിരെ സിപിഎം നേതൃത്വം നടപടി കൈക്കൊണ്ട ചരിത്രവുമുണ്ട്. ചൈനയിലും പഴയ സോവിയറ്റ് യൂണിയനിലും, വിയറ്റ്‌നാമില്‍ പോലും കമ്മ്യൂണിസത്തിന്റ സ്വാധീനത്തെ ഒരളവ് വരെ സഹായിച്ചത് അവിടങ്ങളിലെ ദേശീയ വികാരത്തെ തൊട്ടുണര്‍ത്തിയത് കൊണ്ട് കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ ദേശീയതയോടും, ഇന്ത്യയുടെ ആത്മാവായ ആദ്ധ്യാമികതയോടും മുഖം തിരിഞ്ഞ് നിന്നു ഇവിടത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആത്മീയ അന്തര്‍ധാരയെ കുറിച്ച് ‘ഇന്ത്യയുടെ ആത്മാവ്’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ കെ. ദാമോദരനെയും ഭാരതീയ സംസ്‌കാരം ഉള്‍ക്കൊണ്ട് രചന നടത്തിയ പ്രൊ. ദേശ്പാണ്ടെയെയും പോലുള്ള കമ്മ്യൂണിസ്റ്റ് ചിന്തകരെ സഖാക്കള്‍ ചെവിക്കൊണ്ടില്ല. ഇന്നിപ്പോള്‍ പന്ന്യന്‍ രവീന്ദ്രനെ പോലെ ചില നേതാക്കള്‍ ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ പരസ്യമായി തന്നെ പശ്ചാത്തപിക്കുന്നുണ്ട്. പക്ഷെ അവര്‍ വളരെ വൈകിപ്പോയി എന്ന് മാത്രമല്ല ഒറ്റപ്പെട്ടതാണ് അവരുടെ ശബ്ദവും .
ഒരു ആത്മപരിശോധനയ്‌ക്കും സ്വയം വിമര്‍ശനത്തിനും ഉള്ള അവസരമാവേണ്ടതാണ് വാസ്തവത്തില്‍ ഈ ശതാബ്ദി വേള. പക്ഷെ അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ വിസമ്മതിക്കുന്നു. അതിന്റെ ഫലമായുള്ള അനിവാര്യമായ പതനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. ഓര്‍മ്മകള്‍ ഉണ്ടാവുന്നതേയില്ല സഖാക്കള്‍ക്ക്.
ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ മുഖ്യ പ്രതിയോഗി രാഷ്‌ട്രീയ സ്വയംസേവക് സംഘം എന്ന സംഘടിത ഹിന്ദു പ്രസ്ഥാനവും പ്രവര്‍ത്തനം ആരംഭിച്ചത്. 1925ലാണ് കാണ്‍പൂരില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടന്നത്. ആര്‍എസ്എസിന്റെ ആദ്യ ശാഖ നാഗ്പൂരില്‍ കൂടിയതും 1925ല്‍ തന്നെ, വിജയദശമി നാളില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964ല്‍ രണ്ടായി പിളര്‍ന്നു. പിന്നെ വളരാതെ തന്നെ, വീണ്ടും അനേകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാതൃ സംഘടന വിട്ട് ഇന്ത്യയില്‍ പൊട്ടി മുളച്ചു. മാര്‍ക്‌സിസ്റ്റ് എന്നും മാവോയിസ്റ്റ് എന്നും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് എന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ പുതിയ പാര്‍ട്ടികളുടെ പേരിനൊപ്പം ചേര്‍ത്തു. ഇടക്കാലത്ത് സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രന്‍ ഒരു നിയമസഭാ പ്രസംഗത്തില്‍, കളിയാക്കി സിപിഎമ്മുകാരോട് ചോദിച്ചത് ഈ പാര്‍ട്ടികളുടെ പേരുകള്‍ പറയുമ്പോള്‍ ഓര്‍മ്മ വരുന്നു. ‘പ്രസവ വാര്‍ഡ് എന്നതിനൊപ്പം ബ്രാക്കറ്റില്‍ സ്ത്രീകള്‍ക്ക് മാത്രം എന്നെഴുതി വയ്‌ക്കുന്നത് പോലെയല്ലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നതിനോടൊപ്പം മാര്‍ക്‌സിസ്റ്റ് എന്ന് കൂടി ബ്രാക്കറ്റില്‍ ചേര്‍ക്കുന്നത് ‘ എന്നായിരുന്നു ചിരിക്കും ചിന്തയ്‌ക്കും വക നല്‍കുന്ന കണിയാപുരത്തിന്റെ ചോദ്യം. പ്രത്യയശാസ്ത്രപരമെന്നതിനേക്കാളേറെ, വ്യക്തിപരമായ പടല പിണക്കങ്ങളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിന് അധികവും ഇടയാക്കിയത്. ആഗോളാവസ്ഥയും അതില്‍ നിന്ന് അധികം വ്യത്യസ്തമല്ല. അമ്പതുകളില്‍, സഖാവ് എ. കെ. ഗോപാലന്‍ പ്രതിപക്ഷ നേതാവായി, ലോക്‌സഭയില്‍ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റിലെ, ഇന്ത്യയിലെ, അവസ്ഥ എത്ര പരിതാപകരം.
ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടാണ് അമ്പത്തേഴില്‍ കേരളത്തില്‍, ഏഷ്യയില്‍ ആദ്യമായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നത്. അന്ന് ലോകം കേരളത്തെ കണ്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ‘ലോങ് മാര്‍ച്ച്’ ആരംഭിക്കുന്ന യെനാന്‍ ആയിട്ടാണ്. യെനാന്‍ എന്ന ചൈനീസ് ഗ്രാമത്തില്‍ നിന്നാണല്ലോ മവോ സേ തൂങ് ചരിത്ര പ്രസിദ്ധമായ ‘ലോങ്ങ് മാര്‍ച്ച്’ ആരംഭിച്ചത്. ആ കാലത്ത് കേരളത്തിലെ സഖാക്കള്‍ മുഴക്കിയിരുന്ന ഒരു മുദ്രാവാക്യം ഉണ്ട്. ‘ഇഎംഎസിന് ദല്‍ഹി ഭരിക്കാന്‍ ബാലറ്റെങ്കില്‍ ബാലറ്റ്, ബുള്ളറ്റെങ്കില്‍ ബുള്ളറ്റ്’ എന്നായിരുന്നു ആവേശത്തോടെ, ആത്മവിശ്വാസത്തോടെ അന്ന് സഖാക്കള്‍ വിളിച്ച് നടന്നിരുന്ന മുദ്രാവാക്യം. ഒരു ജനകീയ മുന്നേറ്റത്തിന്റെ , വിമോചന സമരത്തിന്റെ ഫലമായി , ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാതെ പുറത്ത് പോവേണ്ടി വന്നു. പുറത്താക്കിയത് ഇന്ന് ഇടതുപക്ഷങ്ങള്‍ ആരാധിക്കുന്ന അന്നത്തെ പ്രധാനമന്ത്രി, റഷ്യയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുട പിടിക്കുന്നവര്‍ എന്ന് കമ്മ്യൂണിസ്റ്റുകാരെ കളിയാക്കിയ, സാക്ഷാല്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചതോ അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന മകള്‍ ഇന്ദിര ഗാന്ധി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിട്ട നെഹ്‌റുവിന്റെ നടപടി ഭരണഘടനാവിരുദ്ധം എന്ന് വിളിച്ച് പറയാന്‍, കേരളത്തിന് പുറത്ത് രണ്ട് നേതാക്കളെ അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. അവര്‍ കമ്മ്യൂണിസ്റ്റുകാരല്ലായിരുന്നുതാനും. ഹിന്ദുത്വവാദികള്‍ ആയിരുന്നു അവര്‍, ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി എം.എസ്. ഗോള്‍വല്‍ക്കറും ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ വി. ഡി. സവര്‍കറും. ഇന്നത്തെ സഖാക്കള്‍ക്ക് ഒരുപക്ഷെ, ഇതൊന്നും ഓര്‍മയുണ്ടാവില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിക്കരുത് എന്നതായല്ലോ അവരുടെ പുതിയ പാഠം. മാണി കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ ചുവപ്പ് പരവതാനി വിരിച്ചത് ഓര്‍മ്മകള്‍ പാര്‍ട്ടി മനപ്പൂര്‍വം തമസ്‌കരിക്കുന്നത് കൊണ്ടാണല്ലോ.
ശ്രീ നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യാ വൈകുണ്ഠസ്വാമികളും മറ്റും ഉഴുതു മറിച്ചിട്ട മലയാള മണ്ണിലാണ് മാര്‍ക്‌സിസത്തിന്റെ വിത്ത് പി.കൃഷ്ണ പിള്ളയും മറ്റും വിതച്ചത്. മുപ്പത്തേഴിലാണ് പിണറായിയിലെ പാറപ്പുറത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനനം. കേരളീയ നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിയെടുക്കുകയും അതിന്റെ ഗതി മാറ്റുകയുമായിരുന്നു യഥാര്‍ത്ഥത്തില്‍. അവസരോചിതമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവ വികാരങ്ങള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി കാലാകാലങ്ങളില്‍ ചൂഷണം ചെയ്തു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതിന് ശബരിമല തീവയ്‌പ്പും കമ്മ്യൂണിസ്റ്റുകള്‍ ആയുധമാക്കിയിരുന്നു. ശരിയത്തിനെതിരെ ഒരു ഘട്ടത്തില്‍ ഇഎംഎസ് പ്രചരണം അഴിച്ചു വിട്ടിരുന്നു.
സംഘടിക്കാനും സമരം ചെയ്യാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പഠിപ്പിച്ചു. എന്നാല്‍ കടമകളെയോ ഉത്തരവാദിത്വത്തെയോ കുറിച്ച് തൊഴിലാളികളെയും കര്‍ഷകരെയും ഇതര സംഘടിത വിഭാഗങ്ങളെയും ഓര്‍മിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം മെനക്കെട്ടില്ല.
അമ്പത്തേഴിന് ശേഷം പിന്നെ ഒരിക്കലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിച്ച് അധികാരത്തില്‍ വന്നിട്ടില്ല. ഇന്ന് ഇന്ത്യാ മഹാരാജ്യത്തില്‍, കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെ ഭരിച്ച ബംഗാളും ത്രിപുരയും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലങ്ങളായിരുന്ന ബീഹാര്‍, മഹാരാഷ്‌ട്ര, ആന്ധ്ര എന്നിവിടങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ന് കൈനീട്ടം വില്‍ക്കാനാവുന്നില്ല. കേരളത്തില്‍ ഇപ്പോള്‍ ഒരു മുന്നണിയില്‍, ഒന്നിച്ച് ഭരിക്കുന്ന ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി പരസ്പരം പോരടിച്ചിരുന്ന ഒരു നീണ്ട കാലഘട്ടം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെയും, പിന്നീട് പങ്കാളിത്തത്തോടെയും സിപിഐ നേതാവ് സി. അച്യുത മേനോന്‍ കേരളം ഭരിച്ച കാലം. ആ കാലമൊക്കെ ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കുന്നതും സഖാക്കള്‍ക്ക് അസ്വസ്ഥത ഉളവാക്കും. പിന്നീട് കബനിയിലൂടെയും നിളയിലൂടെയും പൂര്‍ണയിലൂടെയും പമ്പയിലൂടെയുമൊക്കെ ധാരാളം വെള്ളം ഒഴുകിപ്പോയി.
ഒന്ന് പറയാം, പറഞ്ഞേ മതിയാവൂ. ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സും എങ്കല്‍സും ചേര്‍ന്ന് എഴുതി അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് ചിലര്‍ക്ക് പ്രത്യാശയും ചിലര്‍ക്ക് ഭീഷണിയും ഉയര്‍ത്തുന്ന വരികളോടെയാണ്. ‘ A spectre haunts Europe, the spectre of Communism’ ‘യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുന്നു, കമ്മ്യൂണിസം എന്ന ഭൂതം’ എന്നാരംഭിച്ച മാനിഫെസ്റ്റോ യൂറോപ്പില്‍ എന്നല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു വലിയ വിഭാഗം ജനങ്ങളെ ആവേശം കൊള്ളിച്ചു, സ്വാധീനിച്ചു. ഒപ്പം ഒരു വിഭാഗത്തിനെതിരെ അത് ഭീഷണി ഉയര്‍ത്തി. പ്രസ്ഥാനത്തിന്റെ നൂറാമാണ്ടിലെത്തി നില്‍ക്കുമ്പോള്‍ കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രമോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമോ ആര്‍ക്കും ഒരിടത്തും ഒരു തരത്തിലും ഇന്നൊരു പ്രത്യാശയോ ഭീഷണിയോ അല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന് അടിവരയിട്ട് പറയാതെ വയ്യ.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: