ഇരിട്ടി: ആറളം ഫാമിനെ തകർച്ചയിൽ നിന്നും കരകയറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ കാട്ടാനകളുടെ വിളയാട്ടത്തിൽ വൻ നാശനഷ്ടം. കഴിഞ്ഞരാത്രിയിൽ എത്തിയ കാട്ടാനക്കൂട്ടം ഫാം നഴ്‌സറിയുടെ വൈദ്യുത വേലിക്കു മുകളിൽ തെങ്ങ് മറിച്ചിട്ട് ലക്ഷങ്ങളുടെ നാശ നഷ്ടമാണ് വരുത്തിയത്. നവീകരണത്തിന്റെ ഭാഗമായി 15 ലക്ഷത്തോളം മുടക്കി കാട്ടാന ഭീഷണിയിൽ നിന്നും ഫാം നഴ്‌സറിയെ രക്ഷിക്കാനായി തീർത്ത വൈദ്യുത വേലിയാണ് കാട്ടാനകൾ തകർത്തത്.
വേലിക്ക് സമീപമുള്ള കൂറ്റൻ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് മറച്ചിട്ട ആനക്കൂട്ടം വേലിയെ വൈദ്യുതി ലൈനിൽ നിന്നും വേർപ്പെടുത്തി. വിതരണത്തിനായി മുളപ്പിക്കാൻ നട്ട 200 ഓളം ചെറുതെങ്ങിൻ തൈകൾ ആനക്കൂട്ടം നശിപ്പിച്ചു. ഒരു കട്ടിയാന ഉൾപ്പെടെ അഞ്ച് ആനകളാണ് നേഴ്‌സറിക്കുള്ളിലേക്ക് പ്രവേശിച്ച് നാശം വിതച്ചത്. ഇതോടെ മാതൃസസ്യങ്ങൾ ഉൾപ്പെടെ വളർത്തി നേഴ്‌സറിയെ പ്രഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിനാണ് തിരിച്ചടി ഏറ്റത് .
ഫാമിലെ നടീൽ വസ്തുക്കൾ ആവശ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇരിട്ടിയിൽ തണൽ എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു . രണ്ട് ദിവസം കൊണ്ട് തന്നെ ലക്ഷങ്ങളുടെ വില്പ്പനയാണ് ഇവിടെ നടന്നത്. നേഴ്‌സറിക്കുണ്ടാകുന്ന നാശം ഇപ്പോഴത്തെ പ്രവർത്തനങ്ങളെയെല്ലാം താളം തെറ്റിക്കും. അതിനാൽ തകർത്ത വൈദ്യുതി വേലി നന്നാക്കാനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചു .
ഫാമിന്റെ മൂന്ന്, നാല് ബ്ലോക്കുകളിൽ കഴിഞ്ഞ രാത്രി മാത്രം നിറയെ കായ്ഫലമുള്ള അറുപതോളം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്‌ത്തിയത്. ഇതോടൊപ്പം കശുമാവുകളും , കമുങ്ങുകളും വ്യാപകമായി ഞാശിപ്പിച്ചിട്ടുണ്ട്. ഫാമിന്റെ ബ്ലോക്ക് മൂന്നിൽ മാത്രം ഒരാഴ്‌ച്ചക്കിടയിൽ നശിപ്പിച്ചത് 200ഓളം തെങ്ങുകളാണ്. 30തോളം അത്യുത്പ്പാദന ശേഷിയുള്ള കശുമാവും നശിപ്പിച്ചു. മറ്റ് ബ്ലോക്കുകളിൽ എല്ലാം കൂടി നൂറോളം തെങ്ങുകളും നിരവധി കശുമാവുകളും കമുങ്ങും നശിപ്പിച്ചു.
ഏതാനും മാസം മുൻമ്പാണ് മൂന്ന് ദിവസം നീണ്ട ശ്രമത്തിനൊടുവിൽ ഫാമിൽ നിന്നും 18 ഓളം ആനകളെ വനത്തിലേക്ക് തുരത്തിയത്. വനാതിർത്തിയിൽ നിത്യവും നിരീക്ഷണം നടക്കുന്നതിനിടെയാണ് ആനക്കൂട്ടം വീണ്ടും ഫാമിലേക്ക് തിരികെ എത്തിയിരിക്കുന്നത്. പതിനഞ്ചിലധികം ആനകൾ ഫാമിന്റെ കൃഷിയിടത്തിൽ ഉണ്ടെന്ന് ഫാം തൊഴിലാളികൾ പറഞ്ഞു. നേരത്തെ രാത്രിയായിരുന്നു ആന ഭീഷണിയെങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലാണ് കൃഷിയിടത്തിൽ എത്തുന്നത്. വനാതിർത്തിയിൽ ആനമതിൽ തകർത്ത ഭാഗത്തുകൂടിയാണ് ആനക്കൂട്ടം ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്നത് .
വന്യമൃഗങ്ങൾ ഫാമിലേക്കും ജനവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ വളയംചാൽ മുതൽ പൊട്ടിച്ച പാറവരെ 10.50 കിലോമീറ്റർ ആനമതിൽ നിർമ്മാണത്തിന് അനുവദിച്ചിരിരുന്നു. 22കോടിരൂപ അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ടെണ്ടർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. റെയിൽ ഫെൻസിംങ്ങിന് മൂന്ന് കോടിരൂപയും ട്രഞ്ചിങ്ങിനും ഇലക്ട്രിക്ക് ഫെൻസിംങ്ങിനുമായി ഒരുകോടിയിലധികം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വനംവകുപ്പിന് കീഴിൽ വന്യമൃഗങ്ങളെ ഓടിക്കുന്നതിനുള്ള ദ്രുതകർമ്മ സേനയുടെ യൂണിറ്റും അനുവദിച്ചിട്ടുണ്ടെങ്കിലും ആന ശല്യത്തിന് യാതൊരു അറുതി ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: