തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നടുവേദന ഗുരുതരമല്ലെന്നും ഇന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും മെഡിക്കല്‍ കോളേജിലെ ഡോക്റ്റര്‍മാര്‍. ആശുപത്രിയില്‍ കിടത്തി അടിയന്തര ചികിത്സ നല്‍കേണ്ട വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ കലശലായ നടുവേദന ഉണ്ടെന്നാണ് എം ശിവശങ്കര്‍ ഇപ്പോഴും പറയുന്നത്. ഇത് ഡിസ്കുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും ഗുരുതര പ്രശ്നം അല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദന സംഹാരികള്‍ മാത്രം മതിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ശിവശങ്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു.
ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. 23 വരെ അറസ്റ്റ് പാടില്ലെന്നും കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: