ആര്‍ഷ ഭാരതത്തില്‍ പൗരാണികകാലം മുതല്‍ ഹൈന്ദവ സമൂഹം ആഘോഷിച്ചു വരുന്നതാണ് നവരാത്രി. അനുഷ്ഠാനഭേദങ്ങളുണ്ടെങ്കിലും ഭാരതത്തില്‍ എല്ലായിടത്തും നവരാത്രി പ്രൗഢഗംഭീരമായി തുടര്‍ന്നു പോരുന്നു. കേരളത്തില്‍ തലസ്ഥാന ജില്ലയുടെ പ്രധാന ഉത്സവമാണ് കന്യാകുമാരിയിലെ തക്കല പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്ന നവരാത്രി വിഗ്രഹ ഘോഷയാത്ര.
1839 മുതല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ് വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചടങ്ങുകള്‍. വിദ്യയുടെ പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും ശക്തിപൂജയുടെ പ്രതീകമായി ശുചീന്ദ്രത്തുനിന്നു മുന്നൂറ്റി നങ്കയെയും എഴുന്നള്ളിക്കുന്ന ആചാരമാണിത്. കേരള ചരിത്രത്തിലെ ഈ മായാത്ത പൈതൃകം തമിഴ്നാട് -കേരള സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്.
പദ്മനാഭപുരം കൊട്ടാരത്തിലെ പുത്തരിക്ക മാളികയിലെ തേവാരക്കെട്ടില്‍ ഉടവാള് കൈമാറുന്നതോടെയാണ് എല്ലാവര്‍ഷവും നവരാത്രി ഘോഷയാത്രയ്ക്ക് തുടക്കമാകുന്നത്. പുത്തരിക്കമാളികയില്, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള് അവിടത്തെ പുരാവസ്തുവകുപ്പ് ഡയറക്ടറില്‍ നിന്നും കേരളത്തിലെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിച്ച് ക
ന്യാകുമാരി ദേവസ്വം കമ്മിഷണര്‍ക്ക് കൈമാറുന്നതോടെ ഉടവാള് കൈമാറ്റ ചടങ്ങ് പൂര്‍ത്തിയാകുന്നു. ഘോഷയാത്രയെ അനുഗമിക്കുന്ന രാജാവിന്റെ പ്രതിനിധിയായി സങ്കല്‍പ്പിക്കുന്ന ആളാണ് ഉടവാളുമായി അകമ്പടി സേവിക്കുന്നത്.
ഉടവാള് കൈമാറ്റത്തിന് ശേഷം പത്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നുള്ള സരസ്വതി വിഗ്രഹത്തെ ആനപ്പുറത്തും വേളിമലയിലെ കുമാര കോവിലില്‍ നിന്നുള്ള കുമാരസ്വാമിയെയും, ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്കയെയും വലിയ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്. വെള്ളിക്കുതിരയും ഇതോടൊപ്പമുണ്ടാകും. സായുധ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം തലസ്ഥാനത്തേയ്ക്ക് ഘോഷയാത്ര പുറപ്പെടും. കുഴിത്തുറ മഹാദേവക്ഷേത്രത്തിലെ ഇറക്കി
പൂജയ്ക്ക് ശേഷം കളിയിക്കാവിളയില്‍ എത്തുന്ന യാത്രയെ സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, കേരള പോലീസ്, റവന്യൂ അധികൃതരും ചേര്‍ന്ന് വരവേല്‍ക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇറക്കിപൂജ. അടുത്ത ദിവസം രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നു
പുറപ്പെട്ട് വൈകിട്ട് തലസ്ഥാനത്തെത്തും. മൂന്നു ദിവസം കൊണ്ടാണ് ഘോഷയാത്ര ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്നത്. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
വലിയൊരു ജനാവലി നഗരവീഥിയിലുടനീളം നിലവിളക്ക് കത്തിച്ചു വച്ചും തട്ടം നിവേദിച്ചും പുഷ്പാഭിഷേകം നടത്തിയും ഘോഷയാത്രയെ ഭക്തര്‍ വരവേല്‍ക്കും. നിശ്ചലദ്യശ്യത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയാല് സന്ധ്യയോടെ ഘോഷയാത്ര പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുമ്പോള്‍ ഉടവാള് സ്വീകരിച്ച് ആചാരപ്രകാരം പദ്മനാഭപുരം കൊട്ടാര പ്രതിനിധികള്‍ ഘോഷയാത്രയെ സ്വാഗതം ചെയ്യും. പദ്മതീര്‍ഥത്തിലെ ആറാട്ടിനുശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ നവരാത്രി മണ്ഡപത്തിലാണ് സരസ്വതീദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജ വയ്ക്കും. ഇതോടെയാണ് തലസ്ഥാനത്ത് പത്തു ദിവസത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. നവരാത്രി സംഗീതോത്സവത്തിനും ഇതോടെ തുടക്കമാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി ആചാരങ്ങള്‍ തെറ്റിക്കാതെയാണ് നവരാത്രി ഘോഷയാത്ര നടത്തിയത്. വിദ്യാരംഭ ദിവസം വൈകിട്ട് പൂജപ്പുര മണ്ഡപത്തിലേക്ക് കുമാരസ്വാമിയെ എഴുന്നള്ളിച്ച് പള്ളിവേട്ട നടത്തും. അടുത്ത ദിവസം നല്ലിരിപ്പാണ്. അതിന്റെ അടുത്ത ദിവസമാണ് പദ്മനാഭപുരത്തേക്ക് വിഗ്രഹങ്ങളുടെ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: