അടിമാലി: അധികൃതരുടെ അവഗണന മൂലം തകര്‍ച്ചയുടെ പൂര്‍ണ്ണതയിലെത്തി നില്ക്കുന്ന അടിമാലി ടൗണിലെ ലൈബ്രറി റോഡിന്റെ പിതൃത്വം ആരേറ്റെടുക്കുമെന്ന ചോദ്യവുമായി നൂറുകണക്കിന് കുടുംബങ്ങള്‍.
കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്ക് സമാന്തരമായി ടൗണിന്റെ മധ്യഭാഗത്ത് നിന്നുമാരംഭിക്കുന്ന ലൈബ്രറി റോഡ് തകര്‍ന്ന് യാത്ര ദുഷ്കരമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ. ടൗണില്‍ നിന്നും മൂന്നാറിലേക്കുള്ള പ്രധാന പാതയില്‍ ഗതാഗത തടസമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ബൈപ്പാസ് റോഡായി ഉപയോഗിച്ചിരുന്ന റോഡിലൂടെ ഇപ്പോള്‍ ഇരുചക്രവാഹനങ്ങള്ക്കുവരെ പോകുക പ്രയാസമാണ്. ടൗണിലെ കണ്ണാട്ട് ജങ്ഷനില്‍ നിന്നും, വിക്ടറി ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് ദേശീയപാതയില്‍ കൂമ്പന്‍പാറയ്ക്ക് മുന്‍പുള്ള സര്‍ക്കാര്‍ ടെക്നിക്കല്‍ സ്കൂളിന് സമീപം സംഗമിപ്പിച്ച് സമാന്തരപാതയായി ഉപയോഗിക്കുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പ് മുതല്‍ പരിശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ നിരവധി കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് പൊതുമരാമത്ത് ഏറ്റെടുത്തതായി അറിയിപ്പുണ്ടായത്.
ആദ്യഘട്ടത്തില്‍ പണികള്‍ നടന്നെങ്കിലും പിന്നീട് തുടര്‍ പദ്ധതികള്‍ ഉണ്ടായില്ല. ജനപ്രതിനിധികള്‍ മുന്‍ കയ്യെടുത്ത് ഒന്നര കോടിയോളം ഇവിടേയ്ക്ക് തുക കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു. എന്നാല്‍ ചില തല്പര കക്ഷികളുടെ ഇടപെടല്‍ മൂലം ഈ പണം ഇവിടെ നിന്നും വകമാറി പോവുകയായിരുന്നു.
ഇതോടെ ലൈബ്രറി റോഡിനോടുള്ള അവഗണന പ്രകടമായി. ആശുപത്രി, ലൈബ്രറി, ഭരണകക്ഷികളുടെ ഓഫീസ്, എന്‍.എസ്.എസ് കരയോഗം ഓഫീസ്, ക്ലബ്ബുകള്‍, നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കൂടാതെ ലക്ഷം വീട് കോളനിയിലേത് അടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ എല്ലാം ആശ്രയിക്കുന്ന റോഡാണ് താറുമാറിയിക്കിടക്കുന്നത്.
വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ചെളിക്കുളങ്ങള്‍ വ്യാപകമായിരിക്കുകയാണ് റോഡില്‍. പാതയോരങ്ങളില്‍ വന്‍തോതില്‍ പൊന്തക്കാടുകള്‍ നിറഞ്ഞതോടെ കാല്‍നടയും അസാധ്യമായി മാറി. പൊതുവെ കയറ്റം കുറഞ്ഞ റോഡില്‍ കുറ്റമറ്റ രീതിയില്‍ ടാറിങ് നടത്തിയാല്‍ തന്നെ വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്താനാകും.
1.8 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ പ്രധാന റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ സ്വകാര്യ റോഡുകള്‍ വരെ ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ വിനിയോഗിച്ച് നന്നാക്കിയിട്ടും ടൗണിന്റെ മധ്യഭാഗത്തുള്ള ഈ പ്രധാന റോഡിനോടുള്ള അവഗണന എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.
പൊതുമരാമത്ത് റോഡായതിനാല്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ വിവിധ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പൊതുമരാമത്തും കൈമലര്‍ത്തുന്നു. ലൈബ്രറി റോഡിന്റെ പിതൃത്വം ആരേറ്റെടുക്കുമെന്ന നാട്ടുകാരന്റെ ചോദ്യം ബാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: