സ്റ്റാന്‍സ്വാമിയാണ് താരം. ആദിവാസിക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പരമകാരുണികനാണ് പാതിരി എന്നാണ് വാഴ്ത്തുപാട്ടുകള്‍. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ പിടിച്ച് അകത്തിട്ടതോടെ പതിവുപോലെ നിലവിളിയൊച്ചകള്‍ മുഴങ്ങുകയാണ്. എണ്‍പത്തിമൂന്നുകാരനായ പിതാവിനെ ഇങ്ങനെ ചെയ്യുന്നത് അതിക്രൂരതയാണെന്ന് തുടങ്ങി പാടിപ്പഴകിപ്പിഞ്ഞിപ്പോയ ന്യൂനപക്ഷപീഡനം, മോദിയന്‍ ഫാസിസം തുടങ്ങിയ വായ്ത്താരികള്‍ വരെയുണ്ട് അകമ്പടിയായി. ജലവും ഭൂമിയും വനവും ആദിവാസികള്‍ക്കുനേടിക്കൊടുക്കാന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ വെളിച്ചമാണ് പോലും സ്റ്റാന്‍സ്വാമിയും കൂട്ടുകാരും. അതിനായി അധികാരകേന്ദ്രങ്ങളോട് സന്ധിയില്ലാതെ പോരാടിയ ഈ കാരുണ്യപ്രവര്‍ത്തകരെ ഈ വിധം കരയിക്കുന്നതെന്തിന് എന്ന ചോദ്യമാണ് എക്കാലവും സാമൂഹ്യപ്രതിബദ്ധത കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിപ്പോയ ചില മാധ്യമപ്രവര്‍ത്തകരുടെയും ബുദ്ധിജീവി, പരിസ്ഥിതി മുന്നേറ്റക്കാരുടെയും മുറവിളി.
എന്‍ഐഎ ആ സ്വാമിയെ പൊക്കിയത് അയാളുടെ ലാവണത്തില്‍ നിന്നാണ്. ലാപ്ടോപ്പില്‍ നിന്നും മറ്റും കണ്ടെടുത്തത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനങ്ങളാണ്. പ്രായം കുറേയുണ്ടെങ്കിലും സ്റ്റാന്‍സ്വാമിയുടെ പ്രസംഗങ്ങള്‍ക്ക് ഒരു കലാപം ഉണ്ടാക്കാനുള്ള കരുത്തൊക്കെയുണ്ടെന്ന് 2017 ഡിസംബര്‍ 31ന് തെളിഞ്ഞതാണ്. അതിന്റെ പേരിലാണ് 2018ല്‍ പൂനെ പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. അതായതുത്തമാ സ്റ്റാന്‍സ്വാമി സുവിശേഷം പ്രസംഗിക്കുകയായിരുന്നില്ലെന്ന്…. കേസും അറസ്റ്റുമൊന്നും പാതിരിക്ക് പുതിയ പരിപാടിയായിരുന്നില്ലെന്ന്….
ഇപ്പോള്‍ പിടിയിലായ സ്റ്റാന്‍സ്വാമി ഈ കണ്ണിയിലെ ആദ്യത്തെ ആളല്ല, അവസാനത്തേതുമല്ല. സ്റ്റാന്‍സ്വാമിമാരുടെ തട്ടകം അന്വേഷിച്ചാല്‍ വിചിത്രമായ വാര്‍ത്തകള്‍ നിറഞ്ഞ പത്തര്‍ഗഡികളിലേക്ക് നാം നയിക്കപ്പെടും. ഝാര്‍ഖണ്ഡിലെ വനമേഖലയിലാണ് പത്തര്‍ഗഡികളുടെ രൂപീകരണം. വനവാസി അസ്മിതയുടെ നിലനില്പിനെന്ന പേരില്‍ കടന്നുകൂടിയ മാവോയിസ്റ്റുകളും മിഷണറികളും ചേര്‍ന്നുള്ള സമാന്തര റിപ്പബ്ളിക്കുകളാണ് പത്തര്‍ഗഡികള്‍. അവിടെ പച്ച നിറമടിച്ച കൂറ്റന്‍ പാറകള്‍ കൊണ്ട് തീര്‍ത്ത പലകമേല്‍ നയപ്രഖ്യാപനമുണ്ട്. പുറത്തുനിന്നാരും പത്തര്‍ഗഡിയിലേക്ക് പ്രവേശിക്കരുത് എന്നാണ് നിലപാട്. പത്തര്‍ഗഡി ആദിവാസികള്‍ക്കായി മാവോയിസ്റ്റ് സ്റ്റാന്‍സ്വാമിമാര്‍ സൃഷ്ടിച്ച സ്വതന്ത്രസാമ്രാജ്യമാണ്. അവര്‍ ഇന്ത്യന്‍ഭരണഘടനയെ അംഗീകരിക്കില്ല. രാഷ്ട്രപതിയെയോ പ്രധാനമന്ത്രിയെയോ അംഗീകരിക്കില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ല. വോട്ട് ചെയ്യില്ല. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ആന്റി ആദിവാസി ഡോക്യുമെന്റ്സ് ആണ് പത്തര്‍ഗഡികളിലെ ആളുകള്‍ക്ക്.
വിമോചനദൈവശാസ്ത്രവുമായി കാടുകളിലേക്ക് കടന്നുചെല്ലുന്ന സ്റ്റാന്‍സ്വാമിമാര്‍ സൃഷ്ടിക്കുന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളാണ് അവ. ജല്‍, ജമീന്‍, ജംഗിള്‍ (വെള്ളം, ഭൂമി, കാട്)… അവ ആദിവാസിക്ക് ഭാരതം സ്വതന്ത്രമാകുംമുമ്പ് പരമദയാലുവായ വിക്ടോറിയാ രാജ്ഞി അവകാശം പകുത്തുനല്‍കിയതാണ്. ‘സ്വര്‍ഗീയവെളിച്ചമാണ് വഴികാട്ടി’ എന്ന് പത്തര്‍ഗഡിയുടെ കവാടങ്ങളിലുറപ്പിച്ച പച്ചപ്പാറേമല്‍ അവര്‍ എഴുതിവെക്കും. പാവപ്പെട്ട വനവാസി സമൂഹത്തിനായി ഇത്തരം സ്റ്റാന്‍സ്വാമിമാര്‍ വിമോചനദൈവശാസ്ത്രത്തിന്റെ ക്ലാസെടുക്കും. ആയുധങ്ങളെടുപ്പിക്കും. അമ്പുംവില്ലും മുതല്‍ റൈഫിളുകളും എകെ 47 പോലുള്ള ആയുധങ്ങളും ഉപയോഗിക്കാന്‍ പഠിപ്പിക്കും. ‘ഞങ്ങളാണ് ഭാരത് സര്‍ക്കാര്‍’ എന്ന് മുദ്രാവാക്യം വിളിപ്പിക്കും.
വനവാസികളെ ആയുധമാക്കി അരാജകത്വം സൃഷ്ടിക്കാനിറങ്ങിയ മാവോയിസ്റ്റുകളും മതപരിവര്‍ത്തനത്തിലൂടെ സ്വതന്ത്രറിപ്പബ്ലിക്ക് സ്വപ്നം കണ്ടിറങ്ങിയ സ്റ്റാന്‍സ്വാമിമാരും തമ്മിലുള്ള ധാരണയുടെ മേലാണ് ഝാര്‍ഖണ്ഡിലും ഛത്തിസ്ഗഢിലും ബീഹാറിലും ബസ്തറിലും ഒറീസ്സയിലുമൊക്കെ പത്തര്‍ഗഡികള്‍ വ്യാപിച്ചത്. ഇടതുതീവ്രവാദികളുടെ ഇടനാഴികളില്‍ സ്റ്റാന്‍സ്വാമിമാരുടെ ദൈവശാസ്ത്രം സമ്മേളിച്ച വിധം ഇപ്പോള്‍ ഓരോന്നായി പുറത്തുവരുന്നു.
ഝാര്‍ഖണ്ഡിലെ കുന്തി, ഗുംല, സിന്ദേഗ, പടിഞ്ഞാറന്‍ സിങ്ഭം തുടങ്ങിയ മേഖലകളില്‍ ആരംഭിച്ച പത്തര്‍ഗഡി വിഘടനവാദം രാജ്യത്തെ മറ്റ് വനമേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് മാവോയിസ്റ്റ്- മിഷണറി അച്ചുതണ്ടിന്റെ പ്രവര്‍ത്തനം. കൂട്ടത്തോടെ മതംമാറ്റിക്കൊണ്ടുപോയ വനവാസി മേഖലകളില്‍ ജന്മാഷ്ടമി ആഘോഷിക്കാന്‍ തയ്യാറായതിന്റെ പേരിലാണ് 2008ല്‍ ഒറീസ്സയിലെ കന്ഥമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി മൃഗീയമായി കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ അവസരമുണ്ടായപ്പോഴൊക്കെ വെള്ളരിപ്രാവുകള്‍ ‘കടക്ക് ഇന്ത്യന്‍ നായ്ക്കളേ പുറത്ത്’ എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ചതാണ് ചരിത്രം.
താലിബാനികളുടെ പിടിയില്‍ നിന്ന് രാജ്യത്തിന്റെ സര്‍ക്കാര്‍ മോചിപ്പിച്ചുകൊണ്ടുവന്ന ഉഴുന്നാലില്‍ എന്ന പാതിരിക്ക് പിന്നെയും പ്രേമം ഭീകരരോടായിരുന്നു എന്നത് സമീപകാല അനുഭവമാണ്. പത്തര്‍ഗഡികള്‍ വനവാസി അസ്മിതയുടെ ശ്മശാന ഭൂമികളാവുകയാണെന്ന് സാരം. അവരുടെ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ചെറുത്തുനിന്ന പുരുഷന്മാര് ഇല്ലാതാക്കപ്പെട്ടു. ശേഷിക്കുന്നവരെ പാറകളാക്കി ആ പാറ മേല്‍ വിഘടനവാദത്തിന്റെ ദൈവശാസ്ത്രം വിതയ്ക്കുകയാണ് സ്റ്റാന്‍സ്വാമിമാര്‍. അപ്പോള്‍പിന്നെ ചെഗുവേരയും ഒരു വേള അവര്‍ക്ക് കര്‍ത്താവായെന്നുവരും. കര്‍ത്താവേ… ഇവരോട് പൊറുക്കരുതേ… കാരണം ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് നന്നായി അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: