കൊച്ചി: അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നിവരുള്‍പ്പെട്ട അനൗദ്യോഗിക നയതന്ത്ര കൂട്ടായ്മയായ ക്വാഡില്‍ ഇന്ത്യ പങ്കാളിയാകരുതെന്ന് സിപിഎം. ചൈനയെ നേരിടാനുള്ള തന്ത്രപരമായ അമേരിക്കയുടെ നീക്കമാണ് ‘ക്വാഡ്’ എന്നും ഈ സഖ്യത്തില്‍ പങ്കാളിയായതുകൊണ്ട് ഇന്ത്യക്ക് ഒന്നും നേടാന്‍ കഴിയില്ലെന്നും ‘അമേരിക്കയുടെ സാമന്തരാജ്യമാകണോ’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചോദിക്കുന്നു. ക്വാഡിനെതിരെ നേരത്തെ ചൈനയും രംഗത്തുവന്നിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിന്റെ നിലപാട് ഏറ്റുപിടിക്കുകയാണ് സിപിഎം.
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നാക്രമണങ്ങളെയും കാരാട്ട് ന്യായീകരിച്ചു. ഇന്ത്യയും അമേരിക്കയുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ലേഖനത്തില്‍ പറയുന്നു. ‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്ക്കെതിരെ അമേരിക്ക-ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയതെ’ന്നാണ് പരാമര്‍ശം. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇത് ചൈനയെ പ്രകോപിപ്പിച്ചുവെന്ന് ആവര്‍ത്തിക്കുന്നത് ലഡാക്കിലെ അവരുടെ അവകാശവാദത്തെ അംഗീകരിക്കലാണ്. രാജ്യവിരുദ്ധ നിലപാടാണ് സിപിഎം മറയില്ലാതെ വ്യക്തമാക്കുന്നത്. നേരത്തെയും ചൈനയെ ന്യായീകരിച്ച് പാര്‍ട്ടി രംഗത്തുവന്നിരുന്നു.
തെക്കന്‍ ചൈനാ കടല്‍ ഇന്ത്യയുടെ സുപ്രധാന താത്പര്യവുമായി ബന്ധപ്പെടുന്നില്ലെന്ന് വാദിക്കുന്ന കാരാട്ട് ഇവിടെ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തുന്നതിനെയും ചോദ്യം ചെയ്യുന്നു. ചൈനയുമായുള്ള അതിര്‍ത്തി ത്തര്‍ക്കത്തില്‍ ക്വാഡ് പങ്കാളികളാരും ഇന്ത്യയെ സൈനികമായി പിന്തുണയ്ക്കാന്‍ പോകുന്നില്ല. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സ്ഥിതി മോശമാകുകയും ചൈനയ്ക്കെതിരെ യുദ്ധാന്തരീഷം നിലനില്ക്കുകയും ചെയ്യുമ്പോഴാണ് മോദി സര്‍ക്കാര്‍ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്, ലേഖനം കുറ്റപ്പെടുത്തുന്നു.
അമേരിക്കയെ മുന്‍നിര്‍ത്തി ചൈനയെ പിന്തുണയ്ക്കുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമാണ് സിപിഎം. ലേഖനത്തില്‍ ഒരിടത്തും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കൈയേറ്റത്തെയും അതിക്രമത്തെയും അപലപിക്കാന്‍ പോലും കാരാട്ട് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: