കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ ഉത്തരവ്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം പോലുമാകാതെ എന്തിനാണ് ഇത്തരത്തില്‍ സംരക്ഷണം നേടുന്നതെന്നും അദ്ദേഹം കേസ് പരിഗണിക്കവേ കോടതിയില്‍ അറിയിച്ചു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ഗുരുതരമായ കേസാണ്. കേസില്‍ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ കേസിനെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു.
ആദ്യം കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേരത്തേ ആക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടതോടെ ഒക്ടോബര്‍ 23ലേക്ക് മാറ്റി. 23ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
വിഷയത്തില്‍ വിശദമായ മറുപടി നല്കാന് സമയം വേണമെന്ന് ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് 23 ന് റിപ്പോര്‍ട്ട് നല്‍കണമെന്നും. ഇത് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിന്റെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കോടതി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ പി. വിജയഭാനുവാണ് ശിവശങ്കറിന് വേണ്ടി ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: