കൊല്ലം : കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയവരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി മേഴ്സിക്കുട്ടി അധികാരം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു.
കോര്പറേഷന് ചെയര്‍മാനായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, മാനേജിങ് ഡയറക്ടറായിരുന്ന കെ.എ.രതീഷ് എന്നിവര്‍ തോട്ടണ്ടി ഇറക്കുമതിയില്‍ 500 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2016ല്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം അന്വേഷണം നടത്തിയശേഷം കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിക്കായി സിബിഐ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
ചന്ദ്രശേഖരനും രതീഷിനും ഭരണത്തിന്റെയും സിപിഎമ്മിന്റെയും ഉന്നത കേന്ദ്രങ്ങളിലും അടുത്ത ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്ന സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതും. നിലവില്‍ പ്രതികളെ പോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് നിമയോപദേശം ലഭിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അടുത്തുതന്നെ സിബിഐയെ അറിയിക്കും.
2006 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്പറേഷന് നടത്തിയ തോട്ടണ്ടി ഇടപാടില്‍ കോര്‍പറേഷനു കോടികളുടെ നഷ്ടം സംഭവിച്ചെന്നാണു കേസ്. 2005 മുതല്‍ 2015 വരെ കോര്പറേഷന് എംഡിയായിരുന്നു രതീഷ്. ചന്ദ്രശേഖരന് 2012 മുതല്‍ 2015 വരെ ചെയര്‍മാനും. രതീഷ് നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ്.
ഇരുവര്‍ക്കുമെതിരെയുള്ള സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ മേയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ എത്തിയതാണ. എന്നാല്‍ മാസങ്ങളായിട്ടും ഫയലില്‍ നീക്കുപോക്ക് ഉണ്ടായില്ല. പിന്നീട് കശുവണ്ടി വകുപ്പിലെത്തിയപ്പോള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഒപ്പുവച്ചു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിട്ടെങ്കിലും അവിടെ നിന്നു നിയമോപദേശത്തിനായി നിയമവകുപ്പിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്കും അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: