ഷാര്‍ജ: അടിപൊളി ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലിയും എ.ബി. ഡിവില്ലിയേഴ്സും ക്രീസില്‍ ഒത്തുചേര്‍ന്നാല്‍ ആരാധകര്‍ക്ക് ബാറ്റിങ് ശരിക്കും ആസ്വദിക്കാം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഇരുവരും ഒത്തുചേര്‍ന്നതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സുകള്‍ ഒഴുകി.
അഭേദ്യമായ മൂന്നാം വിക്കറ്റില്‍ നൂറ് റണ്‍സ് അടിച്ചുകൂട്ടിയതോടെ പുത്തന്‍ റെക്കോഡും പിറന്നു. ഐപിഎല്ലില്‍ പത്തുതവണ നൂറ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡ് ഡിവില്ലിയേഴ്സ്-കോഹ്ലി സഖ്യത്തിന് സ്വന്തമായി.
ഔപ്പണര് ആരോണ്‍ ഫിഞ്ച് പുറത്തായതിനെ തുടര്‍ന്നാണ് ഡിവില്ലിയേഴ്സ് കോഹ്ലിക്കൊപ്പം ചേര്‍ന്നത്. ഫിഞ്ച് മടങ്ങുമ്പോള്‍ റോയല്‍സിന്റെ സ്കോര്‍ രണ്ടിന് 94 റണ്‍സ്. പിന്നീട് ഡിവില്ലിയേഴ്സും കോഹ്ലിയും തകര്‍ത്തടിച്ചു. 46 പന്തില്‍ ഇവര്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച ഡിവില്ലിയേഴസ് 33 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ കൂട്ടുകെട്ടില്‍ കോഹ്ലിയുടെ സംഭാവന 14 പന്തില്‍ 22 റണ്‍സ്. ഇതോടെ കോഹ്ലി -ഡിവില്ലിയേഴ്സ് സഖ്യം ഐപിഎല്ലില്‍ അടിച്ചെടുത്ത മൊത്തം റണ്‍സുകള്‍ മൂവായിരമായി.
ഡിവില്ലിയേഴ്സിന്റെയും കോഹ്ലിയുടെയും മികവില്‍ റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 194 റണ്‍സ് എടുത്തു. തുടര്‍ന്ന് 195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 112 റണ്‍സേ നേടാനായുള്ളൂ- റോയല്‍സിന് 82 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഈ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് 7 മത്സരങ്ങളില്‍ 10 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
ഐപിഎല്ലില്‍ കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ പത്ത് സെഞ്ചുറി കൂട്ടുകെട്ടുകള്‍: 1. 2016 മെയ് 14ന് ഗുജറാത്ത് ലയണ്സിനെയിരെ 229, 2. 2015 മെയ് 15ന് മുംബൈ ഇന്ത്യന്‍സിനെതിരെ 215, 3. 2016 ഏപ്രില്‍ 12ന് സണ്‍റൈസേഴ്സിനെതിരെ 157, 4. 2016 ഏപ്രില്‍ 22ന് സൂപ്പര്‍ ജയന്റ്സിനെതിരെ 155, 5. 2018 മെയ് 12ന് ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 118, 6. 2016 മെയ് 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 115, 7. 2019 ഏപ്രില്‍ 5ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 108, 8. 2016 ഏപ്രില്‍ 17 ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 107, 9. 2013 ഏപ്രില്‍ 16ന് ദല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ 103, 10. 2020 ഒക്ടോബര്‍ 12ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 100.
പ്രതികരിക്കാൻ ഇവിടെ എഴുതുക: