തിരുവനന്തപുരം: കൊറോണയുടെ മറവില്‍ ഹൈന്ദവാചാരങ്ങള്‍ അട്ടിമറിക്കാനുള്ള ഒരു നീക്കം പരാജയപ്പെട്ടു. വിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയതോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര ആചാരപ്രകാരം തന്നെ ഘോഷയാത്രയായി എഴുന്നള്ളിക്കും. കൊറോണ വ്യാപനം പറഞ്ഞ് വിഗ്രങ്ങള്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് വാഹനത്തില്‍ കൊണ്ടുവരാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല യോഗത്തിലാണ് തീരുമാനം മാറ്റിയത്. ആഘോഷം, ആന, വെള്ളിക്കുതിര എന്നിവ ഒഴിവാക്കി ചെറിയ പല്ലക്കില്‍ വിഗ്രഹങ്ങള്‍ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കും. സാമൂഹ്യഅകലം പാലിച്ച് എഴുന്നള്ളത്ത് നടത്തുന്നതിനാല്‍ വഴിയിലുള്ള സ്വീകരണവും ആഘോഷങ്ങളും ഒഴിവാക്കും. റോഡില്‍ തിരക്ക് കുറഞ്ഞ സമയങ്ങളിലാകും എഴുന്നള്ളത്ത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ശാന്തിക്കാരെയും പല്ലക്ക് എടുക്കുന്നവരെയും സുരക്ഷാ ഉേദ്യാഗസ്ഥരെയും മുന്‍കൂര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകും.
നേരത്തെ 16ന് ഒരു ദിവസം കൊണ്ട് വിഗ്രഹങ്ങള്‍ വാഹനത്തിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. മാറിയ തീരുമാനപ്രകാരം ഇന്ന് രാവിലെ ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്കയെ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് നാളെ രാവിലെ ഉടവാള് കൈമാറ്റവും തുടര്‍ന്ന് എഴുന്നള്ളത്തും പുറപ്പെടും. നാല് പേര് വീതമെടുക്കുന്ന പല്ലക്കിലാണ് സരസ്വതിയമ്മനെയും കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും എഴുന്നള്ളിക്കുന്നത്. നാളെ വൈകിട്ട് കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കിപ്പൂജ.
15ന് രാവിലെ ആറിന് കുഴിത്തുറയില്‍ നിന്ന് എഴുന്നള്ളത്ത് ആരംഭിച്ച് രാവിലെ 8.30ന് കളിയിക്കാവിളയില്‍ എത്തും. അവിടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം ഒമ്പതിന് തിരിച്ച് ഉച്ചയ്ക്ക് 12ന് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും. നെയ്യാറ്റിന്‍കരയില്‍ നിന്ന് 16ന് രാവിലെ 5.30ന് പുറപ്പെടുന്ന ഘോഷയാത്ര രാവിലെ ഒമ്പതിന് കരമനയിലെത്തും. അവിടെ നിന്ന് മൂന്നിന് തിരിച്ച് നാലിന് കോട്ടയ്ക്കകത്തെത്തി വിഗ്രഹങ്ങളെ ആചാരപ്രകാരം പൂജയ്ക്കിരുത്തും. കന്യാകുമാരി ജില്ലയിലെ ഭക്തസംഘടനകള്ക്കൊപ്പം കേരള ബ്രാഹ്മണസഭ തിരുവനന്തപുരം ഘടകം മുന്നോട്ടുവച്ച യാത്രാ പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. കവടിയാര്‍ കൊട്ടാരത്തിന്റെ അനുമതിയും ഇതിനുണ്ടായിരുന്നു.
വിഗ്രഹങ്ങള്‍ ആചാരം ലംഘിച്ച് വാഹനത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. കോവിഡിന്റെ പേരുപറഞ്ഞ് ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഹിന്ദുഐക്യവേദി, വിശ്വഹിന്ദു പരിഷത് അടക്കമുള്ള സംഘടനകള്‍ നിലപാട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: