കോഴിക്കോട്: കോവിഡ് ആശുപത്രിയായ ബീച്ച് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കുത്തിയിരിപ്പ് സമരം നടത്തി. ആശുപത്രിക്ക് ഉള്ളിലും രോഗികള്‍ കൂട്ടമായി പ്രതിഷേധിച്ചു.
ആശുപത്രി കാന്റിനില്‍ നിന്നുള്ള ഭക്ഷണം മോശമായതിനാല്‍ രോഗികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഭക്ഷണവിതരണം കുടുംബശ്രീയെ ഏല്‍പ്പിച്ചു. എന്നാല്‍ കുടുംബശ്രീ ഭക്ഷണം എത്തിക്കാത്തതാണ് ഭക്ഷണവിതരണം മുടങ്ങാന്‍ കാരണമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. ബിജെപി സമരത്തെ തുടര്‍ന്ന് രോഗികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്കി. ഇന്നു മുതല്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസവും രോഗികള്‍ക്ക് ഭക്ഷണ് മുടങ്ങുകയും ബിജെപി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കുത്തിയിരിപ്പ് സമരം ബിജെപി നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ. ഷൈബു ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രവര്‍ത്തനത്തില്‍ ജില്ല ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് തുടര്‍ച്ചയായി ബീച്ച് ആശുപത്രിയില്‍ പ്രശ്നം ഉണ്ടാവുന്നത്. ജില്ല കലക്ടര്‍ മറുപടി പറയണമെന്നും കെ. ഷൈബു പറഞ്ഞു. എന്‍.പി. പ്രകാശന്, വിജിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: