ശ്രീനാരായണ ഗുരുദേവന്റെ പേര് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുക. ഗുരുദേവന്റെ പേരില്‍ ഓപ്പണ്‍ സര്‍വ്വകലാശാല എന്ന പ്രഖ്യാപനത്തില്‍ മറ്റെന്താണ് ലക്ഷ്യം ? ഗുരുദേവനെ കുരിശില്‍ തറച്ച് എഴുന്നെള്ളിച്ച സിപിഎമ്മുകാരെ തള്ളിപ്പറയാന്‍ പോലും നേതൃത്വം തയ്യാറായിരുന്നില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ ഇഎംഎസ് നമ്പൂതിരിപ്പാട് ഗുരുവിനെ തള്ളിപ്പറഞ്ഞതാണ് ചരിത്രം. ”ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവം” എന്ന് രേഖപ്പെടുത്തിയ നമ്പൂതിരിപ്പാട് ”ഗുരുദേവന്” എന്ന് പറയാന്‍ പോലും തയ്യാറായിട്ടില്ല. ഗുരുദേവന് സ്ഥാപിച്ച എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ മലബാറില്‍ എന്നും അലങ്കോലപ്പെടുത്തിയ ചരിത്രമാണ് സിപിഎമ്മിന്.
വൈകിവന്ന വിവേകമാണോ ഓപ്പണ്‍ സര്‍വ്വകലാശാല എന്നാരും സംശയിക്കേണ്ട. ഇത് വെറും അടവുനയം. അംഗീകാരം പോലും ലഭിക്കും മുമ്പ് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ എസ്എന്‍ഡിപി യോഗത്തിന്റെ സാരഥികള്‍ക്ക് അയിത്തം കല്‍പ്പിക്കുകയും ചെയ്തു. വൈസ് ചാന്‍സലറായി നിശ്ചയിച്ചപ്പോഴും ശ്രീനാരായണീയര്‍ക്ക് അയിത്തം. ഗുരുദേവന് അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് നിശ്ചയമില്ലാത്ത ഒരാളെ നിയമിക്കാന്‍ നോക്കുന്നതും സംസ്കൃതത്തെ തഴഞ്ഞ് അറബിയെ ഉള്‍പ്പെടുത്തിയതുമെല്ലാം വിവാദത്തിലുമായി.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതിനെ കയറിപ്പിടിച്ചിരിക്കുന്നു. ശ്രീനാരായണ സര്‍വ്വകലാശാലയെ ജാതിയുടെയും മതത്തിന്റെയും പേരില്‍ കാണരുത്. തലപ്പത്ത് വരുന്നവര്‍ കാര്യപ്രാപ്തി ഉള്ളവരാണോ എന്നതാണ് പ്രധാനമെന്നും കോടിയേരി പ്രതികരിച്ചു.
പിണറായി സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയെന്നാണ് വെള്ളാപ്പള്ളി നടേശന് ഇതിനെക്കുറിച്ച് പറഞ്ഞത്. മന്ത്രി കെ.ടി.ജലീല്‍ അനാവശ്യ ഇടപെടല്‍ നടത്തിയാണ് വിസിയെ നിശ്ചയിച്ചതെന്നാണ് വെള്ളാപ്പള്ളി ആരോപിച്ചത്.
പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍നിന്ന് ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമെന്നത് പുതിയ അറിവല്ല.
തൊടുന്നതെല്ലാം കുളമാക്കുക. കേരളത്തില്‍ ആരു ഭരിക്കുമ്പോഴും സ്ഥിതി തഥൈവ. പാലാരിവട്ടം പാലം, പിന്നെ കുതിരാനിലെ തുരങ്കം എല്ലാം പൊളിഞ്ഞു പാളീസായി. ഇനി താമരശേരിയില്‍ തുരങ്കം വരുമെത്രെ. അതിന് കാക്കണം പൂവന്‍കോഴി മുട്ടയിടുന്ന കാലം വരെ. ഇതിനെക്കുറിച്ചൊക്കെയാണ് ഓപ്പണ്വിവാദം വേണ്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരൂപം. അതാണ് പാലാരിവട്ടത്തെ പൊളി തുടങ്ങിയ പാലം. സംസ്ഥാനത്തിന് കിട്ടിയ പാരയാണ് ഈ പാലം എന്ന് പറയുന്നതാവും ശരി. ഒരു ദിവസം, ഒരൊറ്റദിവസം സഞ്ചാരയോഗ്യമാകാത്ത പാലത്തിന് ചെലവാക്കിയത് കോടികളാണ്. അടിമുടി അഴിമതിയാണ് പാലം പണിയിലെമ്പാടും. കോടികള്‍ കീശയിലാക്കിയവരെല്ലാം ഒരൊറ്റദിവസം ലോക്കപ്പില്‍ പോലും കിടക്കേണ്ടിവന്നില്ല. കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി എന്ന അവസ്ഥയാണ് കേരളത്തിലെ സ്ഥിതി.
പാലവും റോഡും നിര്‍മ്മിക്കുന്നത് കേരളത്തില്‍ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും ഇതൊക്കെ നടക്കുന്നു. കേരളത്തിലേതുപോലെ അല്ലെന്നുമാത്രം. ഏതാനും ആഴ്ചമുന്പ് ബീഹാറില്‍ ഒരുപാലം തുറന്നുകൊടുത്തു. ബീഹാറിലെ മഹാത്മാഗാന്ധി സേതു. രാജ്യത്തുതന്നെ എന്‍ജിനീയറിംഗ് വിസ്മയമാണത്.
വടക്കു-കിഴക്കന്‍ ബീഹാറുകളെ ബന്ധിപ്പിക്കുന്ന മഹാത്മാഗാന്ധി സേതു 5375 മീറ്റര്‍ നീളമുള്ളതാണ്. 2017 ലാണ് പാലത്തിന് തറക്കല്ലിട്ടത്. രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പാലത്തിന് 1742 കോടി രൂപയാണ് ചെലവായത്. ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യമായാണ് രാജ്യത്ത് കോണ്‍ക്രീറ്റിന് പകരം സീറ്റില്‍ ഉപയോഗിച്ച് പാലം നിര്‍മിക്കുന്നത്. 6600 മെട്രിക് ടണ്‍ ഉരുക്കാണ് ഇതിനുവേണ്ടിവന്നത്. ബീഹാറിന് മാത്രമല്ല, കിഴക്കന്‍ ഉത്തര്‍പ്രദേശിനും ഝാര്‍ഖണ്ഡിലേയും പ്രദേശങ്ങള്‍ക്കും ഈ പാലം ഏറെ പ്രയോജനപ്പെടും.
ഗംഗാനദിക്ക് കുറുകെയുള്ള പഴയപാലത്തിന്റെ നവീകരണം അടുത്തവര്‍ഷമാണ് പൂര്‍ത്തിയാകുന്നത്. അഞ്ചരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാലം. 76000 വാഹനങ്ങള്‍ ദിനം പ്രതി കടന്നുപോകുന്ന പാലം നവീകരിക്കണമെന്ന ആവശ്യം കേട്ടത് മോദി സര്‍ക്കാരാണ്. ഇനിവരുന്ന 2926 കോടി ചെലവില്‍ പാട്നയില്‍ പുതിയപാലം. നാലുവര്‍ഷം കൊണ്ട് ഇതിന്റെയും നിര്‍മാണം പൂര്‍ത്തിയാകും.
നവഭാരതം എന്നത് വെറുമൊരു മുദ്രാവാക്യമല്ല. യാഥാര്‍ഥ്യമാകാന്‍ പോകുന്ന സ്വപ്നമാണ്. അതിനായി ഒപ്പമുണ്ടെന്ന ഉറപ്പ് മാത്രമല്ല ഭരണാധികാരികള്‍ക്ക് ചങ്കുറപ്പോടെ കരാറുകാരുടെ പോക്കറ്റ് തപ്പാതെ പണിനടത്തിക്കാനും കഴിയണം.
നിതിന്‍ ഗഡ്ഗരി എന്ന കേന്ദ്രമന്ത്രിയുടെ കീഴില്‍ പരിവര്‍ത്തനത്തിന്റെ പുതിയ ചക്രവാളമാണ് ഉണ്ടാകുന്നത്. ദേശീയ പാതകളുടെ നിര്‍മാണങ്ങള്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നു. 2014 ല്‍ 91287 കിലോമീറ്ററാണ് ദേശീയപാത ഉണ്ടായിരുന്നതെങ്കില്‍ ആറുവര്‍ഷത്തിനുശേഷം അത് 1,32,500 കിലോമീറ്ററായി വര്‍ധിച്ചു. ഈ കാലയളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത് 7,36000 കോടി രൂപയാണ്. 2014ന് മുന്‍പ് പ്രതിദിനം 3 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചെങ്കില്‍ ഇപ്പോള്‍ 30 കിലോമീറ്ററായി ഉയര്‍ന്നു.
കേരളത്തിലെ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ ദേശീയപാത വികസനാവശ്യത്തിന് നാലുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷമാണ് അതിന് ജീവന്‍വച്ചത്. നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. അതിന് പുറമെ സംസ്ഥാനത്തെ ഏഴ് ദേശീയ പാതാ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 11571.23 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാലും കേന്ദ്ര അവഗണന എന്ന കള്ള പ്രചരണം നടത്തുകയും ചെയ്യും. അതിനിടയിലാണ് സംസ്ഥാന സര്‍ക്കാര്‍വക പാലം പൊളിക്കല്‍ പ്രക്രിയ സജീവമായിക്കൊണ്ടിരിക്കുന്നത്.
പാലാരിവട്ടം പാലം നിര്‍മ്മിക്കുമ്പോള്‍ പൂജയുമില്ല പൂജാരിയുമില്ല. എട്ടുമാസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്ന പൊളിക്കല്‍ പരിപാടി തുടങ്ങും മുന്‍പ് ഗണപതി ഹോമവും തേങ്ങ ഉടയ്ക്കലുമൊക്കെ ഭക്ത്യാദരപൂര്‍വം നടന്നു. നിര്‍മ്മാണം തകര്‍ന്നെങ്കിലും പൊളിക്കലെങ്കിലും ഭംഗിയായാല്‍ മലയാളികള്‍ സന്തുഷ്ടരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: