കൊച്ചി: എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന് പുത്തന്‍പുരയ്ക്കലിനെ സംഘടനയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് ടി.പി. പിതാംബരന് അറിയിച്ചു. തട്ടിപ്പ് കേസില്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന് പുത്തന്‍പുരയ്ക്കലിന് ഒരുവര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച സഹാചര്യത്തിലാണ് ജയന് പുത്തന്‍പുരയ്ക്കലിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്.
ബാങ്കില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കളമശേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കളമശേരി സ്വദേശി സച്ചിദാനന്ദന് നല്കിയ പരാതിയിലാണ് കോടതി നടപടി. സച്ചിദാനന്ദന്റെ മകന് ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സര്‍ക്കാരില്‍ ഘടക കക്ഷിയായിരുന്നു എന്‍സിപി. മൂന്നു ഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു.
ഇതിന് മുമ്പും നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇത്തവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറാക്കാന്‍ എന്‍സിപി നേതൃത്വം എല്‍ഡിഎഫിന് കത്ത് നല്‍കിയെങ്കിലും നിയമനം നീളുകയായിരുന്നു. 2016ല്‍ പാലാരിവട്ടം പോലീസ് നിരവധിയാളുകളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് 23 ദിവസം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. അന്ന് സംഘടനയില്‍ നിന്ന പുറത്താക്കിയെങ്കിലും പിന്നീട് പീതാംബരന് ഇടപെട്ട് തിരികെ സംഘടനയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: