കൊച്ചി: മാപ്പിള ലഹളയുടെ ചരിത്രവും അതില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് എന്ന കലാപകാരിയെക്കുറിച്ച് വിവരണവുമുള്ള 1924 ലെ സാഹിത്യ കൃതി കണ്ടെത്തി. ‘ഏറനാട് കലാപം’ എന്ന പേരിലുള്ള, ലഹളയ്‌ക്ക് മൂന്നുവര്‍ഷത്തിനു ശേഷം പ്രകാശിതമായ കൃതിയില്‍ എഴുതിയ ആളിന്റെ പേരില്ല, പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടുനിന്നും. ഓട്ടന്‍തുള്ളലായാണ് രചന. സംഭവചരിത്രം വിവരിക്കുന്ന കൃതി സാഹിത്യപരമായി മികച്ചതാണ്. ലഹളയുടെ സാക്ഷിവിവരണമാണ്, ചരിത്രപരമായ തെളിവും.
‘എങ്കിലുമൊട്ടു ചുരുക്കി മഹാജന സങ്കടവാര്‍ത്തകള്‍ ഉരചെയ്യുന്നേന്‍..’ എന്നിങ്ങനെ വിഷയത്തിലേക്ക് കടക്കുന്ന പുസ്തകം അക്കാലത്തെ നടപ്പും നടപടിയും പ്രകാരമുള്ള ഗ്രന്ഥരചനാ മാതൃകയിലാണ്. ഗുരുവന്ദനവും ഇഷ്ടദേവതാ വന്ദനവുമൊക്കെയായി, അതായത് പ്രചാരണ സാമഗ്രി മാത്രമായിരുന്നില്ലെന്നര്‍ഥം. കള്ളത്തോക്കും വെള്ളിപ്പിടിക്കത്തിയും കഠാരയുമടക്കം ആയുധങ്ങളുടെ വിവരണങ്ങള്‍,
‘മൊല്ലകള്‍, മുസലിയാര്‍ തങ്ങന്മാരും, മല്ലിടുവാന്‍ ചില കല്ലന്മാരും അത്തയും ആലിയും അവറാന്‍ വീരാന്‍ ഒത്തൊരുമിച്ചവരിങ്ങനെ പലരും, പലപല വീടുകള്‍ ചുട്ടുപൊടിച്ചും പലമാനുഷരെ കൊന്നു മുടിച്ചും’ മുന്നേറിയ സംഭവങ്ങളാണ് വിവരിക്കുന്നത്. ‘ഗര്‍ഭിണികളെ കുഞ്ഞടക്കം വെട്ടിക്കീറിയതും തലമൊട്ടയടിച്ച് തൊപ്പിയിടീച്ചതും വിവരിക്കുന്നു. അക്കൂട്ടത്തില്‍ത്തന്നെ ചില സഹായങ്ങളും സംരക്ഷണങ്ങളും ചില അധികാരികളില്‍നിന്നു കിട്ടിയപ്പോള്‍ ‘കരുണാനിധിയാം ഇംഗ്ലീഷ് ഭൂപന്‍ ചിരകാലമിരുന്നരുളട്ടെ’ എന്ന് നാട്ടുകാര്‍ പ്രാര്‍ഥിച്ചതും കവി വിവരിക്കുന്നു. വിവരണം പക്ഷം പിടിക്കാത്തതാണെന്നും നൂറു ശതമാനം സത്യമാണെന്നും വ്യക്തമാക്കുന്നതാണിത്. നമ്പൂതിരിമാര്‍ അതുവരെ ജീവിച്ച സുഖലോലുപതയെ വിമര്‍ശിക്കുന്നുമുണ്ട്.
അതേ സമയം നാരായണി എന്ന രജകസ്ത്രീ (അലക്കുതൊഴിലാളി) ഒറ്റയ്‌ക്ക് അഞ്ച് അക്രമികളെ വെട്ടിയിട്ടതും പത്തപ്പിരിയമെന്ന സ്ഥലത്ത് ഒരു തീയ്യന്‍ മക്കളുമായി കത്തി വീശി നൂറു ലഹളക്കാരെ ഓടിച്ച വൃത്താന്തവും വിവരിക്കുന്നു. ഇന്ത്യാ സേവക സംഘം നായകന്‍ ദേവദാറും ആര്യ സമാജ നേതാവ് ഋഷിരാമനും ഹിന്ദുക്കള്‍ക്കഖിലര്‍ക്കും വന്‍തണലായതും വിസ്തരിക്കുന്നു.
കലാപം അടിച്ചൊതുക്കിയതും അക്രമികളെ ഗൂര്‍ഖപ്പട്ടാളം വെടിവച്ചു വിഴ്‌ത്തിയതും ലഹളക്കാരെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചതും വസ്തരിച്ചാണ് 36 പേജുള്ള പുസ്തകം അവസാനിക്കുന്നത്.
പാലക്കാട് പട്ടാമ്പിക്കടുത്ത് പള്ളിപ്രം കൊടിക്കുന്ന് സ്വദേശിയായ ചരിത്രകാരനും അധ്യാപകനുമായ തൃക്കണ്ടിയൂര്‍ മുരളീധരനാണ് 1924ല്‍ അച്ചടിച്ചിറക്കിയ പുസ്തകം കണ്ടെത്തിയത്. ഒരുപക്ഷേ ആശാന്റെ ദുരവസ്ഥയ്‌ക്കും മുമ്പ് എഴുതപ്പെട്ടതാവണം ഇത്. കോഴിക്കോട് മിതവാദി അച്ചുക്കൂടത്തില്‍ പ്രിന്റ് ചെയ്ത് കെ .ആര്‍. ബ്രദേഴ്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഴയ പൊന്നാനി താലൂക്കിലെ മംഗലം ദേശത്തെ ഇളയിടത്ത് വെള്ളിലാപ്പുള്ളിയിലെ ഗ്രന്ഥ ശേഖരത്തില്‍നിന്നാണ് ‘ഏറനാട് കലാപം’ തപസ്യ പട്ടാമ്പി താലൂക്ക് പ്രസിഡന്റുകൂടിയായ മുരളീധരന്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: