ചെന്നെ: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദത്തില്‍പ്പെട്ട ‘ഡാം 999’ എന്ന സിനിമ വീണ്ടും നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, സിനിമ ഇറങ്ങിയത് മുതല്‍ തമിഴ്‌നാട് ഈ ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. സുപ്രീം കോടതി വരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും ഇതുവരെ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മാത്രം അനുവാദം നല്‍കിയിരുന്നില്ല. നിരോധനത്തിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് പുതുക്കിക്കോണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കിയത്.
രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്‌ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ആളിപ്പടരാന്‍ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്. അതോടുകൂടി ഇന്ത്യന്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള നടപടികളുമായി തമിഴ്‌നാട് മുന്‍പോട്ടു പോവുകയുണ്ടായി.
പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്‌ക്കാതെ ഇരിക്കുക, സൈബര്‍ പോരാളികള്‍ വഴി റേറ്റിംഗ് ഉള്‍പ്പെടെ തകര്‍ക്കുക തുടങ്ങിയ ക്രൂരമായ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.
ഡോ. സോഹന്‍ റോയ് സംവിധാനം ചെയ്ത ഡാം 999, പിന്നീട് ഒട്ടനവധി അന്തര്‍ദേശീയ ബഹുമതികള്‍ ചിത്രം നേടുകയുണ്ടായി . ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി.
ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999. ഇതോടൊപ്പം, ഓസ്‌കാര്‍ അക്കാദമി ലൈബ്രറിയിലെ ‘പെര്‍മെനന്റ് കോര്‍ കളക്ഷനിലേക്ക് ‘ തിരഞ്ഞെടുക്കപ്പെടുക എന്ന അപൂര്‍വനേട്ടവും സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് കൈവരിക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നൂറ്റി മുപ്പതോളം അന്തര്‍ദേശീയ ചലച്ചിത്രമേളകളിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് ഡാം 999
പ്രതികരിക്കാൻ ഇവിടെ എഴുതുക: