തിരുവല്ല: കോവിഡ് മൂർദ്ധന്യത്തിൽ എത്തി നിൽക്കെ ആരോഗ്യ രംഗം കലുഷിതമാകുന്നു. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം മോശമാവുന്നതിന് ഇത് കാരണമാകുന്നു.കോവിഡ് ഡ്യൂട്ടിക്ക് ശേഷം അനുവദിക്കുന്ന നിരീക്ഷണകാലവധി നിർത്തലാക്കിയതാണ് സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇപ്പോൾ തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. നിരീക്ഷണ കാലാവധി നിർത്തലാക്കിയതോടെ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണെന്ന് ജീവനക്കാരുടെ സംഘടനാ നേതൃത്വം പറയുന്നു. അതേ സമയം രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ജീവനക്കാരുടെ കുറവ് ഉണ്ടാകാതെയിരിക്കാനാണ് നിരീക്ഷണ കാലാവധി അവസാനിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
കോവിഡ് കുതിക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകരിലും പിരിമുറുക്കം ഏറി വരികയാണ്. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്. സിഎഫ്എൽടിസികളിൽ അടക്കം ദുരിതമയമാണ്. ഇവിടെ കഴിയുന്നവർക്ക് സമയത്ത് ഭക്ഷണമോ, ആരോഗ്യ പ്രവർത്തകരുടെ സേവനമോ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച മരിച്ചയാളിന്റെ മൃതദേഹം ആരോഗ്യ വകുപ്പ് അധികൃതർ മാറി വീട്ടിൽ എത്തിച്ചത് വിവാദമായി. മല്ലപ്പളളി ചാലാപ്പള്ളി സ്വദേശിയുടെ മൃതദേഹത്തിന് പകരം കോന്നി സ്വദേശിയുടെ മൃതദേഹമാണ് എത്തിച്ചത്. ഇത്തരം സംഭവങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. ഇതിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ്ും മടിക്കും.ആർക്കെങ്കിലും നടപടിയെടുത്താൽ ജീവനക്കാർ ഒന്നടങ്കം ഡ്യൂട്ടി ബഹിഷ്ക്കരിക്കും. ഇത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ചികിത്സയിൽ കഴിയുന്ന രോഗികളെയും ബാധിക്കും.
അതേ സമയം രോഗികളുടെ പ്രതിദിനം എണ്ണം ഉയരുമ്പോൾ പ്രതിരോധ സംവിധാനം ദുർബലമാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പറയുന്നത്. ഗുണനിലവാരമുള്ള പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ,സപ്പോർട്ടിങ് സ്റ്റാഫ് എന്നിവ കൂടുതൽ വേണം. കൂടാതെ ആരോഗ്യ പ്രവര്ത്തകരിൽ സ്രവ പരിശോധന നടത്തുന്നതിൽ വീഴ്ചയുണ്ടെന്നും അവർ ആരോപിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവർ രോഗികളുമായി അടുത്ത് ഇടപഴകുന്നവരാണ്. കോവിഡ് സംശയമുള്ള ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധനയ്ക്ക് എടുത്താലും ഫലം കിട്ടുന്നതു വരെ ആശുപത്രികളിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്.ഫലം പോസിറ്റീവാണെന്ന് അറിയുമ്പോഴത്തേക്കും ഒട്ടേറെ പേരിലേക്ക് രോഗം പടർന്നിട്ടുണ്ടാകും.
നിരീക്ഷണക്കാലത്തെ അവധി റദ്ദാക്കിയത് പിൻവലിക്കണം; മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ
കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലയളവിലെ അവധി റദ്ദാക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്ന ആയുഷ് വിഭാഗം അടക്കമുള്ള ഡോക്ടർമാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
നിലവിൽ ഒരു മെഡിക്കൽ ഓഫീസറുള്ള സ്ഥാപനത്തിൽ നിന്നു പോലും സംസ്ഥാനത്തുടനീളം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ സേവനത്തിന് നിയോഗിക്കുന്നുണ്ട്. ഇവരുടെ സേവന കാലാവധി കഴിഞ്ഞ് അനുവദിക്കപ്പെട്ട നിരീക്ഷണ കാലമാണ് പുതിയ ഉത്തരവിലൂടെ എടുത്തു മാറ്റിയത്. അസുഖത്തെ കുറിച്ച് പൊതുജനങ്ങളോട് സമ്പർക്കമൊഴിവാക്കാൻ പറയുകയും അതേ സമയം നേരിട്ട് ഇടപെടുന്ന ഡോക്ടർമാർക്ക് നൽകേണ്ട നിരീക്ഷണ കാലം കേവലം മനുഷ്യവിഭവശേഷി ഇല്ല എന്ന ന്യായം പറഞ്ഞ് ഒഴിവാക്കുന്ന സാഹചര്യം ആരോഗ്യ രംഗത്തുള്ളവരുടെ ആത്മവിശ്വാസം കുറക്കുമെന്നും ഈ ഉത്തരവ് പിൻവലിക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ ഡോ. കൃഷ്ണകുമാർ, സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: