കുന്നത്തൂര്‍: കൊല്ലം കോര്പ്പറേഷന് പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാനായി ആരംഭിച്ച കടപുഴ ബദല്‍ കുടിവെള്ള പദ്ധതിക്കായി പാഴാക്കിയത് 14 കോടി രൂപ. പദ്ധതി ഉപേക്ഷിച്ചെങ്കിലും കോടികള്‍ പാഴാക്കിയത് സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അനിയന്ത്രിതമായ പമ്പിങ് കാരണം ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ആശങ്കാജനകമായി താഴുകയും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബദല്‍ കുടിവെള്ളപദ്ധതി എന്ന ആശയം ഉയര്‍ന്നത്. കല്ലടയാറ്റിലെ കടപുഴയില്‍ തടയണകെട്ടി ജലം ശേഖരിച്ച് ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായിരുന്നു പദ്ധതി. 34 കോടി രൂപയുടെ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിലേക്ക് 14 കോടി രൂപയാണ് അനുവദിച്ചത്. തുടര്‍ന്ന് പൈപ്പുകള്‍ എത്തിക്കുകയും തടാകതീരം മുതല്‍ കോളേജിന് സമീപം വരെ കൂറ്റന്‍ എം സാന്‍ഡ് പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു.
പുന്നമ്മൂട് ബണ്ട് മുതല്‍ തടാകത്തില്‍കൂടി കല്ലടയാറ്റിലെ വെള്ളം മറുകരയിലെത്തിക്കാന്‍ പോളിയെത്തിലീന്‍ ഹൈഡെന്‍സിറ്റി കാസ്റ്റ് അയണ്‍ പൈപ്പുകളാണ് എത്തിച്ചത്. തടാകത്തിലൂടെ പൈപ്പുകള്‍ കടത്തിവിടുമ്പോള്‍ തുരുമ്പ് തടാകജലത്തില്‍ കലരാതിരിക്കാനായി പൈപ്പുകളില്‍ കോണ്‍ക്രീറ്റ് ആവരണവും നിര്‍മ്മിച്ചു. എന്നാല്‍ പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. ഇതിനിടെ തടാകതീരത്ത് ഉപേക്ഷിച്ച ഇരുമ്പ് പൈപ്പുകള്‍ തുരുമ്പിച്ചു തുടങ്ങി. തുരുമ്പ് തടാകജലവുമായി കലരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുï്.
പൈപ്പിന് മുകളിലെ കോണ്‍ക്രീറ്റ് ആവരണം കാലപ്പഴക്കത്താല്‍ നശിക്കുകയും പൈപ്പുകള്‍ അതിവേഗത്തില്‍ തുരുമ്പിക്കുകയുമാണ്. മഴ ശക്തമാകുന്നതോടെ ഈ ഭാഗത്ത് വെള്ളം നിറയുകയും പൈപ്പുകള്‍ മുങ്ങുകയും ചെയ്യും. ഇതുകാരണം തുരുമ്പ് ജലത്തില്‍ കലരാനുള്ള സാധ്യത ഏറെയാണ്.
ഇതിനിടെ കൊല്ലത്തേക്ക് കുടിവെള്ളമെത്തിക്കാനായി ഞാങ്കടവ് കുടിവെള്ളപദ്ധതി നിര്‍മാണം ആരംഭിക്കുകയും പൈപ്പിടീല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനാല്‍ ശാസ്താംകോട്ടയിലെ ബദല്‍ പദ്ധതി ഇനി നടപ്പാകില്ലെന്നും ഉറപ്പായി. സാമൂഹ്യവിരുദ്ധരുടെ സങ്കേതമായ തടാക കരയിലെ ഈ ഭാഗത്തു നിന്നും പൈപ്പുകള്‍ മാറ്റി മറ്റുസ്ഥലങ്ങളിലെ കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: