കൊച്ചി: അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള ക്വാട്ട നിര്‍ത്തലാക്കിയ ഇഎസ്ഐ മാനേജ്മെന്റ് തീരുമാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെട്ടു. ഇഎസ്ഐ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് കോര്പ്പറേഷന് ബോര്‍ഡംഗം വി. രാധാകൃഷ്ണന് പറഞ്ഞു.
വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയേയും കേരള ഹൈക്കോടതിയേയും സമീപിപ്പിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍, ഈ പ്രത്യേക ക്വാട്ട ഒഴിവാക്കണമെന്ന ഹര്‍ജി നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്ഐ മാനേജ്മെന്റ് സര്‍ക്കാര്‍ അറിവും അനുമതിയും കോര്പ്പറേഷന് ബോര്‍ഡിന്റെ അഭിപ്രായവുമാരായാതെ തീരുമാനമെടുക്കുകയായിരുന്നു. മാനേജ്മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാധാകൃഷ്ണന് വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും വിദ്യാര്‍ഥികളുടെ ആവശ്യത്തിനൊപ്പമുണ്ട്.
ഇഎസ്ഐ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിന് ഇഎസ്ഐ കോര്പ്പറേഷന് അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് മാറ്റിവച്ചിട്ടുള്ള ക്വാട്ട (ഐപി ക്വാട്ട) ജനറല്‍ ക്വാട്ടയിലേക്ക് മാറ്റിയ നടപടിയാണ് വിവാദമായത്. എംബിബിഎസിന് 325 സീറ്റും ബിഡിഎസിന് 20 സീറ്റുമാണ് നിലവിലുള്ളത്. കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 140 പേര്‍ക്ക് ഈ ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം കിട്ടിയിരുന്നു. അടിയന്തരമായി പ്രശ്നത്തില്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്ത ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഇരുപത്തി അയ്യായിരം കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ഇഎസ്ഐ മെഡിക്കല്‍ കേളേജുകള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് മിതമായ ഫീസില്‍ പഠിച്ച് ഡോക്ടര്മാരാകുവാന് വേണ്ടിയാണ്. ഇതിനെതിരെയുള്ള എത് നീക്കവും ശക്തമായി പ്രതിരോധിക്കുമെന്നും ബോര്‍ഡംഗം വി. രാധാകൃഷ്ണന് (ബിഎംഎസ്) പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: