കൊല്ലം: വഴിതടയലും കേസെടുക്കലും തകൃതി. എന്നാല്‍ കോവിഡ് ടെസ്റ്റ് വഴിപോലെ നടത്താന്‍, നടത്തിയാല്‍ സമയത്ത് ഫലം നല്കാന് സംവിധാനമില്ലാത്ത അവസ്ഥ. താളം തെറ്റിയ നിലയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സാമൂഹ്യഅകലം പരസ്യങ്ങളില്‍ മാത്രമായി. നിയന്ത്രണങ്ങള്‍ ജലരേഖയായി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയമാണെന്നാണ് ആക്ഷേപം.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്. വീട്ടിലായാലും ആശുപത്രിയിലായാലും വിളിക്കുമ്പോള്‍ ആംബുലന്‍സ് കിട്ടാനില്ല. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം നിരീക്ഷണത്തിനായി സ്വന്തം വീട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്.
ആശുപത്രിയിലെ സാഹചര്യം ഒഴിവാക്കാനാണ് രോഗികള്‍ ഭൂരിഭാഗവും സ്വന്തം വീട്ടില്‍ത്തന്നെ ചികിത്സയില്‍ തുടരുന്നത്. വീടുകളില്‍ സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെങ്കില്‍ അവരെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ലെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും.
പ്രായമായവര്‍, കുട്ടികള്‍ എന്നിങ്ങനെ രോഗം പെട്ടെന്നു പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളവര്‍ വീട്ടിലുണ്ടെങ്കില്‍ കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്ടിസികളിലേക്കു മാറ്റും. ഇതില്‍ മറ്റ് അസുഖം ഉള്ളവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങി കോവിഡ് പ്രാഥമിക ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരെയാണ് വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നത്. അതാതിടത്തെ മെഡിക്കല്‍ ഓഫീസര്‍മാരാണ് അനുമതി നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങിയ റാപിഡ് റെസ്പോണ്‍സ് സംഘമാണ് രോഗികള്‍ക്കു വേണ്ടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഓക്സിജന്റെ അളവ് രേഖപ്പെടുത്താനായി പള്‍സ് ഓക്സിമീറ്റര്‍ ഉണ്ടായിരിക്കണം. ഓക്സിജന്റെ അളവ് രാവിലെയും വൈകുന്നേരവും രേഖപ്പെടുത്തി ഡയറിയില്‍ കുറിച്ചിട്ട് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
വാര്‍ഡുതലത്തിലുള്ള കോവിഡ്-19 കണ്ട്രോള് സംഘത്തെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും രോഗിയെ നിരീക്ഷിക്കും. റസിഡന്റ്സ് അസോസിയേഷന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെയുള്ള പദ്ധതികള്‍ക്കും ആരോഗ്യവകുപ്പ് പ്രാധാന്യം നല്കുന്നു. മാനസികസംഘര്‍ഷം കുറയുമെന്നതുതന്നെയാണ് രോഗികള്‍ നിരീക്ഷണത്തിനായി വീടുകള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: