ലഖ്‌നൗ : തര്‍ക്കമന്ദിരം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളൊന്നും ആധികാരികമല്ലാത്തതെന്ന് കോടതി. തെളിവായി ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടവയാണെന്നും കോടതി വിമര്‍ശിച്ചു.
പ്രത്യേക കോടതി ജഡ്ജി എസ്. കെ. യാദവ് വായിച്ച വിധി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളെല്ലാം അപര്യാപ്തമാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ ഇത് അപര്യാപ്തമാണ്. കൃത്രിമത്വം നടന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും വിധി പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.
കുറ്റാരോപിതരായവരില്‍ ചിലര്‍ കര്‍സേവകരെ മസ്ജിദ് തകര്‍ക്കുന്നതില്‍ നിന്ന് തടയുന്ന ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയിട്ടുള്ള വീഡിയോകളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചതെന്ന്. ഇവര്‍ക്ക് മസ്ജിദ് തകര്‍ക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. മസ്ജിദിന് നേരെ കല്ലേറുണ്ടായത് പിന്നില്‍ നിന്നുമാണെന്നും വിധി പ്രസ്താവനയില്‍ അറിയിച്ചു.
മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ ആരോപണ വിധേയരായത്. ഇവരോട് കോടതിയില്‍ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 26 പേര്‍ കോടതിയില്‍ ഹാജരായി.
പ്രായവും കോവിഡ് സാഹചര്യവും പരിഗണിച്ച് അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, നിത്യഗോപാല്‍ ദാസ് എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. എന്നാല്‍, അദ്വാനിയും ജോഷിയും ഉമാ ഭാരതിയും വീഡിയോ കോണ്‍ഫറന്‍സ് വഴി വിധി പ്രഖ്യപനത്തില്‍ പങ്കെടുക്കാനുള്ള അഭിഭാഷകര്‍ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉമാ ഭാരതി എയിംസില്‍ കോവിഡ് ചികിത്സയിലാണ്. 2000 പേജുള്ള വിധി പ്രസ്താവനയാണ് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: