തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനിടെ പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പച്ചക്കറി ഉത്പാദന കാര്യത്തില്‍ നമ്മള് സ്വയംപര്യാപ്തതയിലാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്ക് നല്‍കേണ്ടി വരുന്നത് തീവില. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പച്ചക്കറി വിപണന കേന്ദ്രത്തിലും വിലയുടെ കാര്യത്തില്‍ കുറവില്ല.
ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക് ഇതെത്തുമ്പോള്‍ 60 വരെ ആകുന്നുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമുണ്ടായ മഴയില്‍ തക്കാളി നശിച്ചതിനാല്‍ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാല്‍ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയില്‍ വില കൂടാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.
വെണ്ടക്കയ്ക്ക് 45 രൂപ വരെയാണ് മൊത്തവില. ചില്ലറ വില്‍പ്പനക്കാര്‍ 70 രൂപ വരെ വാങ്ങുന്നുണ്ട്. കാരറ്റിന് 75 രൂപയാണ് മൊത്തവില. മുരിങ്ങക്കായ്ക്ക് കിലോയ്ക്ക് എഴുപതിനടുത്തെത്തി. സവാളയുടെ വിലയില്‍ കണ്ണുപൊള്ളുന്നു. കിലോയ്ക്ക് 25 രൂപയില്‍ നിന്ന് 48ല്‍ എത്തി നില്ക്കുന്നു. കിലോയ്ക്ക് 40 രൂപയായിരുന്ന ചെറിയ ഉള്ളി 80ലും. ഇത്തരത്തില്‍ എല്ലാ പച്ചക്കറികളുടെയും വില ഉയരുന്നു. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സാധാരണക്കാരന് ഇത് ഇരട്ടി ദുരിതമാണ്. രണ്ടു ദിവസം കൂടുംതോറും സംസ്ഥാനത്ത് പച്ചക്കറികളുടെ വില ഉയരുകയാണ്.
സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. എന്നാല്‍ ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നോ മൈസൂരില്‍ നിന്നോ പച്ചക്കറികള്‍ എത്തിയില്ലെങ്കില്‍ മലയാളികളുടെ അന്നം മുടങ്ങുന്ന അവസ്ഥയാണ്. പയര്‍, കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പച്ചക്കറികളും ക്യഷി ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ളവ ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും വില കൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള വിപുലമായ സംവിധാനം ഒരുക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് വിത്ത്, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓണം പോലുള്ള വിശേഷ സമയങ്ങളില്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പച്ചക്കറികളും ലഭിക്കുന്നത്. പച്ചക്കറി കൃഷിയിലേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: