ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം അക്രമികള്‍ കവര്‍ന്നു കൊണ്ടുപോയെന്ന് പറയപ്പെടുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു. നിര്‍മ്മാണശാലയ്ക്ക് സമീപത്തുള്ള പിഐപി കനാലില്‍ നിന്നാണ് കണ്ടെടുത്തത്. വെള്ളമൊഴുകാതെ വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന കനാലാണിത്.
ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെയാണ് വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്ന് അവിടത്തെ തൊഴിലാളികള്‍ തന്നെയാണ് വിഗ്രഹം കണ്ടെടുത്തത്. കാടു വെട്ടിത്തെളിക്കവേ വിഗ്രഹം കാണുകയും തൊഴിലാളികള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം വിഗ്രഹം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സില്‍ ആക്രമണം നടത്തി പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്ന് ഉടമകള്‍ പരാതിപ്പെട്ടത്. ഇവിടത്തെ വാഹനത്തിന്റെ മുന്‍ ഡ്രൈവറാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഉടമകളായ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ ആരോപിച്ചിരുന്നു. രണ്ട് കാറിലും ബൈക്കിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന അക്രമിസംഘം തൊഴിലാളികളെ ആക്രമിച്ചാണ് വിഗ്രഹം കവര്‍ന്നെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാന്‍ നിര്മ്മിച്ചാതണെന്നും ഇവര്‍ പറഞ്ഞിരുന്നു.
തുടക്കം മുതലേ ഉടമകളുടെ മൊഴിയും പരാതിയും പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. പരാതിയില്‍ പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. തുടര്‍ചോദ്യം ചെയ്യലുകളില്‍ പരാതി വ്യാജമെന്ന സൂചന പോലീസ് ലഭിച്ചു. തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാര്‍ക്ക് പോലീസ് സൂചന നല്കി. ഈ സാഹചര്യത്തിലാണ് വിഗ്രഹം കണ്ടെത്തിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവത്തിന്റെ ദുരൂഹതകളുടെ ചുരുള്‍ പോലീസ് അഴിക്കുമെന്ന് ഡിവൈഎസ്പി പി.വി. ബേബി, സിഐ ജോസ് മാത്യു, എസ്ഐ എസ്.വി. ബിജു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: